ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.
ആര്‍.സി.ബിയുടെ ബാറ്റിങ് അവസാനിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഭുവനേശ്വറിന്റെ ഓപ്പണിങ് ഓവര്‍ കഴിഞ്ഞ് തന്റെ ആദ്യ ഓവറിനെത്തിയ ഓസീസ് സ്റ്റാര്‍ ബൗളര്‍ ജോഷ് ഹേസല്‍വുഡ് രണ്ടാം പന്തില്‍ ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ പറഞ്ഞയച്ചാണ് തുടങ്ങിയത്.
ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി അഞ്ച് റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. എന്നാല്‍ അധികം വൈകാതെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റും നേടിയതോടെ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ.
നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സാണ് ചെന്നൈക്ക നേടാന്‍ സാധിച്ചത്. 16 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയും നാല് റണ്‍സ് നേടിയ ദീപക് ഹൂഡയുമാണ്. പവര്‍ പ്ലെ അവസാനിക്കുന്നതിന് മുമ്പ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ചെന്നൈക്ക് സമ്മര്‍ദ ഘട്ടങ്ങളെ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.
അതേസമയം ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ മിന്നും അര്‍ധ സെഞ്ച്വറി മികവിലാണ് ആര്‍.സി.ബി സ്‌കോര്‍ ഉയര്‍ത്തിയത്. 32 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് താരം നേടിയത്. മതീഷ പതിരാനയുടെ പന്തിലാണ് താരം പുറത്തായത്.
ആര്‍സി.ബിക്ക് മികച്ച തുടക്കം നല്‍കിയ ഫില്‍ സാള്‍ട്ടാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 32 റണ്‍സായിരുന്നു സാള്‍ട്ട് നേടിയത്.
നൂര്‍ അഹമ്മദിന്റെ പന്തില്‍ മിന്നല്‍ സ്റ്റംപിങ്ങിലൂടെ ധോണിയാണ് സാള്‍ട്ടിനെ വീഴ്ത്തിയത്.
പ്രായം 42 കടന്ന ഒരു ‘യുവ’ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധോണിയുടെ മായാജാലത്തിന് മുന്നില്‍ വീണ്ടും അമ്പരക്കുകയാണ് ആരാധകര്‍.
മത്സരത്തില്‍ സാള്‍ട്ടിന് പിറകെ വന്ന മലയാളി താരം ദേവ്ദത് പടിക്കല്‍ 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി ആര്‍. അശ്വിന്റെ ഇരായി കൂടാരം കയറി. 30 പന്തില്‍ 31 റണ്‍സ് നേടിയ വിരാട് നൂര്‍ അഹമ്മദിന് പിടിയുലായി. എന്നാല്‍ അവസാന നിമിഷം ടീമിന് വേണ്ടി വമ്പന്‍ പ്രകടനം നടത്തി സ്‌കോര്‍ ഉയര്‍ത്തിയത് ടിം ടേവിഡ് ആയിരുന്നു.
എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് താരം നേടിയത്. അവസാന ഓവറിനായി എത്തിയ ചെന്നൈയുടെ സാം കറന്‍ ആദ്യ രണ്ട് പന്ത് ഡോട്ടാക്കിയപ്പോള്‍ പിന്നീടുള്ള മൂന്ന് പന്തില്‍ മൂന്ന് സിക്‌സര്‍ പറത്തിയാണ് താരം ഇന്നിങ്‌സിന് അവസാനിപ്പിച്ചത്.
ചെന്നൈക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ്. നാല് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മതീഷ പതിരാന രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും ടീമിന് നേടിക്കൊടുത്തു.
Content Highlight: 2025 IPL: Josh Hazelwood Take Two Wickets In His First Over Against CSK