|

മറ്റാരാണ് ഇങ്ങനെ കളിക്കുന്നത്, ഹൈദരാബാദിനെ സമ്മര്‍ദത്തിലാക്കാനുള്ള ഏക മാര്‍ഗം അതാണ്; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കാനിരിക്കുന്നത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചാണ് ഹൈദരാബാദ് ലഖ്‌നൗവിനെ നേരിടാനിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ദല്‍ഹിക്കെതിരെ പരാജയപ്പെട്ട് തുടങ്ങിയ ലഖ്‌നൗവിന് വമ്പന്‍മാരായ ഹൈദരാബാദ് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നത് ഉറപ്പാണ്.

രാജസ്ഥാനെതിരെ ഉദയ സൂര്യന്‍മാര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടിയാണ് വരവറിയിച്ചത്. തുടര്‍ന്ന 44 റണ്‍സിന് പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ രാജസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

ഹൈദരാബാദിന്റെ ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്ഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ എന്നീ ആറ് താരങ്ങളും 200+ സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ഇതോടെ എല്‍.എസ്.ജിക്ക് മുന്നറിയിപ്പ് നല്‍കി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര.

വമ്പന്‍ പ്രകടനമാണ് ഹൈദരാബാദ് നടത്തുന്നതെന്നും 200 സ്‌ട്രൈക്ക് റേറ്റിന് മുകളിലാണ് അവരുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ക്കെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല ഹൈദരാബാദിനെ നേരിടാനൊരുങ്ങുമ്പോള്‍ ലഖ്‌നൗ ആദ്യം ബാറ്റ് തെരഞ്ഞെടുക്കണമെന്നും ഹൈദരാബാദിനെ സമ്മര്‍ദത്തിലാക്കണമെന്നും ചോപ്ര പറഞ്ഞു.

‘മറ്റാരാണ് ഇങ്ങനെ കളിക്കുന്നത്? ഹൈദരാബാദ് അവരുടെ ബാറ്റര്‍ന്മാരുടെ സ്‌ട്രൈക്ക് റേറ്റുകളെക്കുറിച്ചുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു, അതില്‍ ഒരാള്‍ക്ക് പോലും 200ല്‍ താഴെ സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നില്ല. അവരെല്ലാം 200 മാര്‍ക്ക് തികച്ചവരായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുക എന്നതാണ് എല്‍.എസ്.ജിക്ക് ഏറ്റവും നല്ല കാര്യം.

അവര്‍ ആദ്യം ബാറ്റ് ചെയ്താല്‍ ബോര്‍ഡില്‍ ഉയര്‍ന്ന റണ്‍സ് രേഖപ്പെടുത്തും. അവരെ നിങ്ങള്‍ സമ്മര്‍ദത്തിലാക്കുകയും വേണം. ഹൈദരാബാദിനെ പരീക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്, കാരണം അവര്‍ ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍ക്കും അവസരം ലഭിക്കില്ല,’ ആകാശ് ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

Content Highlight: 2025 IPL: Akash Chopra Talking About SRH VS LSG Match

Latest Stories