|

സ്വന്തം സ്ഥാനം ഉറപ്പിക്കണം അല്ലാതെ സഞ്ജുവായി മത്സരിക്കേണ്ടതില്ല; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് 2025 ഐ.പി.എല്‍ മാമാങ്കത്തിനാണ്. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.

ടൂര്‍ണമെന്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ് ലഖ്‌നൗവും ദല്‍ഹിയും തമ്മിലുള്ളത്. മാര്‍ച്ച് 24നാണ് മത്സരം. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവില്‍ നിന്ന് ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുല്‍ ദല്‍ഹിയിലേക്കും ദല്‍ഹിയില്‍ നിന്ന് ക്യാപ്റ്റനായിരുന്ന റിഷബ് പന്ത് ലഖ്നൗവിലേക്കും ചേക്കേറിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം നേടിയാണ് (27 കോടി) റിഷബിനെ ദല്‍ഹി സ്വന്തമാക്കിയത്.

ഇപ്പോള്‍ ലഖ്‌നൗ ക്യാപ്റ്റന്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. നിലവില്‍ ഇന്ത്യയുടെ ടി-20 ടീമില്‍ ഇല്ലാത്ത റിഷബ് പന്തിന് ഐ.പി.എല്ലില്‍ മിന്നും പ്രകടനം നടത്തി തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് ചോപ്ര പറഞ്ഞത്.

‘റിഷബ് പന്തിന് മികച്ച ഒരു അവസരമാണ് മുന്നിലുള്ളത്. നിലവില്‍ അദ്ദേഹം ടി-20 ടീമിന്റെ ഭാഗമല്ല, അവരുടെ പ്ലാനിങ്ങില്‍ പോലുമവനില്ല. കഴിവുള്ള ഒരു കളിക്കാരന് ടി-20യില്‍ സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ പലരും അത്ഭുതപ്പെടുന്നു. റിഷബ്, ഇത് നിങ്ങളുടെ സീസണാണ്. എല്ലാവരെയും അമ്പരപ്പിക്കുന്ന റണ്‍സ് നേടുകയും മുന്നോട്ട് കുതിക്കുകയും ചെയ്യുക,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മാത്രമല്ല പന്തിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചും ചോപ്ര സംസാരിച്ചു, മൂന്നാമനായി ഇറങ്ങിയാല്‍ താരത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എത്താന്‍ പന്ത് സഞ്ജുവിനോട് മത്സരിക്കേണ്ടതില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘അദ്ദേഹം എവിടെ ബാറ്റ് ചെയ്യും എന്നതാണ് വലിയ ചോദ്യം. അവന്‍ ഓപ്പണറായി ഇറങ്ങുന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്തൊക്കയായാലും അവന്‍, സഞ്ജു സാംസണുമായി മത്സരിക്കേണ്ടതില്ല, അവന്‍ സ്വന്തം സ്ഥാനമാണ് ആദ്യം ഉറപ്പിക്കേണ്ടത്, നിങ്ങള്‍ക്ക് മികച്ച തുടക്കം ലഭിക്കുകയാണെങ്കില്‍, മൂന്നാം സ്ഥാനത്തേക്ക് വരിക, ഇടംകൈയ്യന്‍മാരെ നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലേക്ക് മാറ്റി നിര്‍ത്തി, ബൗളര്‍മാരെ ആക്രമണാത്മകമായി പിന്തുടരുക,’ ചോപ്ര കൂട്ടിച്ചേര്‍ത്തു

Content Highlight: 2025 IPL: Akash Chopra Talking About Rishabh Pant

Video Stories