Delhi Election 2025
2025 ദല്‍ഹി തെരഞ്ഞെടുപ്പ്; തോല്‍വി സമ്മതിച്ച് കെജ്‌രിവാള്‍, ബി.ജെ.പിക്ക് അഭിനന്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 08, 09:24 am
Saturday, 8th February 2025, 2:54 pm

ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി സ്വാഗതം ചെയ്യുന്നുവെന്നും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങളുടെ തീരുമാനം അന്തിമമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് കെജ്‌രിവാള്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. പരാജയം സമ്മതിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്.


കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം. കുടിവെള്ള വിതരണം തുടങ്ങിയ മേഖലയിലെല്ലാം ഒട്ടനവധി കാര്യങ്ങളാണ് എ.എ.പി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്താന്‍ വേണ്ടിയല്ല ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടതെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. ദല്‍ഹിയിലെ ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഇനിയും പ്രവര്‍ത്തനം തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതിന്റെ 15 വര്‍ഷക്കാലത്തെ ഭരണത്തെ അട്ടിമറിച്ച് ദല്‍ഹിയില്‍ അധികാരം പിടിച്ചടക്കിയ നേതാവാണ് കെജ്‌രിവാള്‍. രണ്ട് ടേമുകളിലായി പത്ത് വര്‍ഷം ആം ആദ്മി പാര്‍ട്ടി ദല്‍ഹി ഭരിച്ചു.

2020ൽ ആകെയുള്ള 70 സീറ്റില്‍ 62 സീറ്റ് നേടിയാണ് എ.എ.പി. ദല്‍ഹിയില്‍ ഭരണത്തിലെത്തിയത്. എന്നാല്‍ ദല്‍ഹിയിലെ പ്രധാനപ്പെട്ട നേതാവ് ആയിരുന്നിട്ടും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ആം ആദ്മിയിലെ രണ്ടാംമുഖം എന്ന് വിശേഷിപ്പിക്കുന്ന മനീഷ് സിസോദിയയും 2025 ദല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടു.

അരവിന്ദ് കെജ്‌രിവാള്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് ശര്‍മയോട് പരാജയപ്പെടുകയായിരുന്നു. 3789 വോട്ടുകള്‍ക്കാണ് പര്‍വേഷ് ശര്‍മ മുന്നിലെത്തിയത്.

ജങ്പുര മണ്ഡലത്തില്‍ നിന്നും മനീഷ് സിസോദിയ ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയോട് 572 വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോഴത്തെ മുഖ്യമന്ത്രിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മാര്‍ലേന ചെറിയ ഭൂരിപക്ഷം വോട്ടുകള്‍ക്ക് മാത്രമാണ് വിജയം കണ്ടത്.

കോണ്‍ഗ്രസ് ദല്‍ഹിയില്‍ പൂജ്യത്തിലേക്ക് ഒതുങ്ങുകയും ചെയ്തു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ദല്‍ഹി ബി.ജെ.പി വീണ്ടെടുക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

Content Highlight: 2025 Delhi Election; Kejriwal admits defeat and congratulates BJP