| Tuesday, 2nd July 2024, 10:44 am

ബെഞ്ചിലിരുന്നവരുടെ ലോകകപ്പ് ടീം; ക്യാപ്റ്റനായി സഞ്ജു, ജെയ്‌സ്വാളിനും ചഹലിനുമൊപ്പം ഡക്കറ്റും ഇംഗ്ലിസും ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിന് കൊടിയിറങ്ങിയെങ്കിലും അതുണ്ടാക്കിയ ആവേശത്തിന് ഇനിയും കുറവ് വന്നിട്ടില്ല. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ നേടിയ കിരീടനേട്ടം ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ഇപ്പോഴും പ്രധാന ചര്‍ച്ചാ വിഷയമാണ്.

ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിക്കാത പോയ താരങ്ങളും ചര്‍ച്ചയുടെ ഭാഗമാണ്. സഞ്ജു സാംസണും യശസ്വി ജെയ്‌സ്വാളും ഇന്ത്യയുടെ ഏറ്റവും മികച്ച ടി-20 ബൗളറായ യൂസ്വേന്ദ്ര ചഹലുമാണ് ഇത്തരത്തില്‍ കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയ താരങ്ങള്‍.

എന്നാല്‍ ഇവരെയും ഉള്‍പ്പെടുത്തിയ സ്‌പോര്‍ട്‌സ് കീഡയുടെ ഒരു ലോകകപ്പ് ടീമാണ് ഇപ്പോഴുള്ള ചര്‍ച്ചാ വിഷയം. സ്‌ക്വാഡിന്റെ ഭാഗമായിട്ടും കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയ താരങ്ങളാണ് ഈ ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാളും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റുമാണ് ഈ ഇലവന്റെ ഓപ്പണര്‍മാര്‍. വിരാട് – രോഹിത് സഖ്യം ഇന്ത്യക്കായി ഓപ്പണിങ്ങില്‍ കളത്തിലിറങ്ങിയപ്പോഴാണ് ജെയ്‌സ്വാളിന് ബെഞ്ചിലിരിക്കേണ്ടി വന്നത്. ഈ സഖ്യം പലപ്പോഴും പരാജയമായപ്പോഴും ഇന്ത്യന്‍ ടീം രോ-കോയില്‍ തന്നെ ഉറച്ചുനിന്നതോടെ ജെയ്‌സ്വാളിന് ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല.

സമാനമാണ് ഡക്കറ്റിന്റെയും അവസ്ഥ. ഫില്‍ സോള്‍ട്ട് – ജോഷ് ബട്‌ലര്‍ കോംബോയാണ് ഡക്കറ്റിനെ സ്ഥിരമായി ബെഞ്ചിലിരുത്തിയത്.

വിക്കറ്റ് കീപ്പറായി സഞ്ജു സാംസണാണ് ടീമിന്റെ ഭാഗമാകുന്നത്. എല്ലാ മത്സരത്തിലും ഇന്ത്യ റിഷബ് പന്തെന്ന ലെഫ്റ്റിയില്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ സഞ്ജുവിന് പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചില്ല. എങ്കിലും ചില മത്സരങ്ങളില്‍ താരം സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറങ്ങിയിരുന്നു. ബെഞ്ച് വാര്‍മേഴ്‌സ് ഇലവന്റെ ക്യാപ്റ്റനാകാന്‍ കാലിബറുള്ള താരവും സഞ്ജു തന്നെയാണ്.

മിഡില്‍ ഓര്‍ഡറില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോസ് ഇംഗ്ലിസാണ് ആദ്യമായി ഇടം നേടിയിരിക്കുന്നത്. മാത്യൂ വേഡിന്റെ അനുഭവ സമ്പത്താണ് ഇംഗ്ലിസിന് ബെഞ്ചിലിരിക്കാന്‍ വഴിയൊരുക്കിയത്. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനും ലോകകപ്പില്‍ സാന്നിധ്യമാകാന്‍ സാധിച്ചില്ല.

യു.എസ്.എയുടെ നിസര്‍ഗ് പട്ടേലും നെതര്‍ലന്‍ഡ്‌സിന്റെ സാഖിബ് സുല്‍ഫിക്കറും ചേരുന്നതോടെ ടീമിന്റെ മിഡില്‍ ഓര്‍ഡറും പൂര്‍ത്തിയാകും. ഇരുവരും സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍മാരാണ്. പട്ടേല്‍ കരിയറില്‍ 27 വിക്കറ്റും 115 റണ്‍സും കുറിച്ചപ്പോള്‍ ആറ് അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും 34 റണ്‍സും രണ്ട് വിക്കറ്റുമാണ് സുല്‍ഫിക്കറിന്റെ സമ്പാദ്യം.

മൂന്ന് പേസര്‍മാരും ഒരു ലെഗ് സ്പിന്നറുമാണ് ഈ ടീമിന്റെ ബൗളിങ് നിരയെ നയിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലാണ് ഇതിലെ ആദ്യ പേര്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും താരത്തിന് ലോകകപ്പ് കളിക്കാന്‍ സാധിച്ചില്ല. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഇന്ത്യ സ്പിന്‍ ഓപ്ഷനായി ടീമിന്റെ ഭാഗമാക്കിയത്.

ഇന്ത്യക്കായി ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ചഹല്‍ ഇനിയും ഒരു ടി-20 ലോകകപ്പ് കളിച്ചിട്ടില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

അഫ്ഗാന്‍ പേസര്‍ ഫരീദ് അഹമ്മദിനും ഈ ലോകകപ്പില്‍ കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്കെതിരായ ബൈലാറ്ററല്‍ സീരിസില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളില്‍ ഒരാളായിരുന്നു ഫരീദ് അഹമ്മദ്.

അയര്‍ലന്‍ഡ് വലംകയ്യന്‍ പേസര്‍ ഗ്രഹാം ഹ്യൂമും കാനഡയുടെ ഇടംകയ്യന്‍ മീഡിയം പേസറുമായ റിഷിവ് ജോഷിയും ചേരുന്നതോടെ ഇലവന്‍ പൂര്‍ത്തിയാകും.

2024 ടി-20 ലോകകപ്പ് ബെഞ്ച് വാര്‍മേഴ്‌സ് ഇലവന്‍.

യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ)

ബെന്‍ ഡക്കറ്റ് (ഇംഗ്ലണ്ട്)

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), (ഇന്ത്യ)

ജോഷ് ഇംഗ്ലിസ് (ഓസ്‌ട്രേലിയ)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്)

നിസര്‍ഗ് പട്ടേല്‍ (യു.എസ്.എ)

സാഖിബ് സുല്‍ഫിക്കര്‍ (നെതര്‍ലന്‍ഡ്‌സ്)

ഗ്രഹാം ഹ്യൂം (അയര്‍ലന്‍ഡ്)

യൂസ്വന്ദ്ര ചഹല്‍ (ഇന്ത്യ)

റിഷിവ് ജോഷി (കാനഡ)

ഫരീദ് അഹമ്മദ് (അഫ്ഗാനിസ്ഥാന്‍)

Content highlight: 2024 T20 World Cup: Bench warmers eleven

Also Read: ചരിത്രത്തിലെ ആദ്യ താരം, വിസ്മയിപ്പിച്ച് പോര്‍ച്ചുഗല്‍ വന്മതില്‍; റൊണാൾഡോയുടെ കണ്ണീരിലും പറങ്കിപ്പട മുന്നോട്ട്

Also Read: ഇന്ത്യന്‍ വിമണ്‍സ് ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് സ്‌നേഹ് റാണ! തൂക്കിയത് ആരും തൊടാത്ത് അപൂര്‍വ നേട്ടം!

Also Read: ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ദ്രാവിഡ് ഇല്ലെന്ന് പറഞ്ഞതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ജെയ് ഷാ!

We use cookies to give you the best possible experience. Learn more