| Thursday, 30th November 2023, 12:42 pm

ഉഗാണ്ടന്‍ വീരഗാഥക്ക് വേണ്ടത് വെറും ഒറ്റ ജയം; ആഫ്രിക്കയുടെ കരുത്തറിയിക്കാന്‍ വരുമോ അമേരിക്കയിലേക്ക്?

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്തെത്തി ഉഗാണ്ട. ആഫ്രിക്ക ക്വാളിഫയറില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത് ടീമാകാനാണ് ഉഗാണ്ട ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ആഫ്രിക്ക ക്വാളിഫയറില്‍ കെനിയക്കെതിരെ നേടിയ വിജയമാണ് ഉഗാണ്ടയെ ലോകകപ്പിന് തൊട്ടടുത്തെത്തിച്ചിരിക്കുന്നത്. അടുത്ത മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഉഗാണ്ടക്ക് ലോകകപ്പ് കളിക്കാന്‍ അമേരിക്കയിലേക്ക് പറക്കാം.

യോഗ്യതാ റൗണ്ടില്‍ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിക്കാത്ത ദുര്‍ബലരായ റുവാണ്ടയാണ് ഉഗാണ്ടയുടെ എതിരാളികള്‍.

അതേസമയം, കഴിഞ്ഞ ദിവസം വാണ്ടറേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിനാണ് ഉഗാണ്ട വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഉഗാണ്ട നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി.

ഉഗാണ്ടക്കായി ഓപ്പണര്‍ സൈമണ്‍ സെസായി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 50 പന്തില്‍ 60 റണ്‍സ് നേടിയാണ് താരം പുറത്തായത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ആറാം നമ്പറില്‍ ഇറങ്ങിയ ദിനേഷ് നാക്രാണിയാണ് ഉഗാണ്ടന്‍ നിരയില്‍ സ്‌കോര്‍ ഉയര്‍ത്തിയ മറ്റൊരു താരം. 23 പന്തില്‍ ആറ് ബൗണ്ടറിയടിച്ച് പുറത്താകാതെ 40 റണ്‍സാണ് നാകര്‍ണി നേടിയത്.

കെനിയക്കായി ക്യാപ്റ്റന്‍ ലൂകാസ് ഒലൗച്, വ്രജ് പട്ടേല്‍, സച്ചിന്‍ ബുഡിയ, നെല്‍സണ്‍ ഒദിയാംബോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

163 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയ 129 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 38 പന്തില്‍ 34 റണ്‍സടിച്ച കോളിന്‍സ് ഒബുയയാണ് കെനിയയുടെ ടോപ് സ്‌കോറര്‍.

ഉഗാണ്ടക്കായി ബിലാല്‍ ഹസുന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അല്‍പേഷ് രംജാനി, റിയാസത് അലി ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ദിനേഷ് നാക്രാണി, കെന്നത് വൈസ്വ എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകളും നേടി.

അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഉഗാണ്ട.

അഞ്ച് മത്സരം കളിച്ച് മൂന്ന് ജയവുമായി മൂന്നാം സ്ഥാനത്തുള്ള സിംബാബ്‌വേയാണ് ലോകകപ്പ് സ്വപ്‌നം കാണുന്ന മറ്റൊരു ടീം. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഷെവ്‌റോണ്‍സ് കെനിയയെ പരാജയപ്പെടുത്തുകയും ഉഗാണ്ട റുവാണ്ടയോട് തോല്‍ക്കുകയും ചെയ്താല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ സിംബാബ്‌വേക്ക് ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കും.

അഥവാ സിംബാബ്‌വേ കെനിയയോട് പരാജയപ്പെടുകയാണെങ്കില്‍ റുവാണ്ടക്കെതിരായ മത്സരഫലമെന്തായാലും ഉഗാണ്ടന്‍ കുതിപ്പിനെ അത് ബാധിക്കില്ല.

അടുത്ത വര്‍ഷം ലോകകപ്പ് കളിക്കുന്ന 20ാമത് ടീം ആകാനാണ് ഉഗാണ്ടയും സിംബാബ്‌വേയും മത്സരിക്കുന്നത്.

ആഫ്രിക്ക ക്വാളിഫയേഴ്‌സില്‍ നിന്നും നമീബിയ നേരത്തെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. കൡച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് നമീബിയ ലോകകപ്പിന് യോഗ്യത നേടിയത്.

20 ടീമുകളാണ് 2024 ഐ.സി.സി ടി-20 ലോകകപ്പില്‍ മാറ്റുരയ്ക്കുക.

അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.

അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് നേപ്പാളും ഒമാനും ലോകകപ്പിന് യോഗ്യത നേടി.

ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.

Content Highlight: 2024 T20 WC Qualifiers; Uganda defeated Kenya

We use cookies to give you the best possible experience. Learn more