ജയ്പൂരിനോട് ഗുഡ്‌ബൈ പറഞ്ഞ സഞ്ജുവിന് ഇനി രക്ഷ സ്വന്തം തട്ടകം; രണ്ടില്‍ രണ്ടും ജയിക്കാന്‍ രാജസ്ഥാന്‍
IPL
ജയ്പൂരിനോട് ഗുഡ്‌ബൈ പറഞ്ഞ സഞ്ജുവിന് ഇനി രക്ഷ സ്വന്തം തട്ടകം; രണ്ടില്‍ രണ്ടും ജയിക്കാന്‍ രാജസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th May 2024, 5:01 pm

ഐ.പി.എല്‍ 2024 പ്ലേ ഓഫിനോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ടീമിന് മാത്രമാണ് ഇതുവരെ പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിച്ചത്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നിലവില്‍ പ്ലേ ഓഫ് കളിക്കാന്‍ ടിക്കറ്റുറപ്പായത്. 12 മത്സരത്തില്‍ നിന്നും ഒമ്പത് ജയത്തോടെ 18 പോയിന്റുമായാണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

12 മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ രാജസ്ഥാന്‍ റോയല്‍സാണ് രണ്ടാമത്. കൊല്‍ക്കത്തയെക്കാള്‍ മുമ്പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ പ്രവേശിക്കുമെന്ന് ആരാധകര്‍ ഒന്നടങ്കം കരുതിയിരുന്നത്. എന്നാല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാനുള്ള ഒരു വിജയത്തിനായി രാജസ്ഥാന്‍ പൊരുതുകയാണ്.

മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം യഥാക്രമം നാല് മുതല്‍ ഏഴാം സ്ഥാനം വരെയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേ ഓഫ് സ്ലോട്ട് ലക്ഷ്യം വെക്കുന്ന മറ്റ് ടീമുകള്‍.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ വിജയിച്ചാല്‍ സഞ്ജു സാംസണിനും സംഘത്തിനും പ്ലേ ഓഫില്‍ പ്രവേശിക്കാം. രണ്ടില്‍ രണ്ടും വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിക്കാനും സാധിക്കും. ഇനി അഥവാ രാജസ്ഥാന് രണ്ട് മത്സരത്തിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുത്തും ആദ്യ നാലില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചേക്കും.

ഇനിയുള്ള രണ്ട് മത്സരങ്ങളും സ്വന്തം തട്ടകത്തിലാണെന്നതാണ് രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസമാകുന്നത്. ടീമിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളാണ് രാജസ്ഥാന്‍ അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കളിച്ചത്. ഇതില്‍ പഞ്ചാബിനോട് അഞ്ച് റണ്‍സിന് പരായപ്പെട്ടപ്പോള്‍ ദല്‍ഹിക്കെതിരെ 57 റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.

മെയ് 15നാണ് രാജസ്ഥാന്‍ സീസണില്‍ ആദ്യമായി അസമിലേക്കിറങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

സീസണില്‍ നേരത്തെ പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയമായ മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന് രാജസ്ഥാന്‍ വിജയിച്ചിരുന്നു.

മെയ് 19നാണ് രാജസ്ഥാന്‍ സീസണിലെ അവസാന ഹോം മാച്ചിനിറങ്ങുന്നത്. ടേബിള്‍ ടോപ്പേഴ്‌സായ കൊല്‍ക്കത്തയാണ് എതിരാളികള്‍. ഈ മത്സരമായിരിക്കും ഒരുപക്ഷേ രാജസ്ഥാന്‍ ആദ്യ രണ്ട് സ്ഥാനത്തില്‍ ഇടം പിടിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുക.

ഏപ്രില്‍ 16ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരുവരുമേറ്റമുട്ടിയപ്പോള്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു. സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ സെഞ്ച്വറി കരുത്തില്‍ 223 റണ്‍സ് നേടിയ കൊല്‍ക്കത്തക്ക് ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയിലൂടെയാണ് രാജസ്ഥാന്‍ മറുപടി നല്‍കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു സഞ്ജുവിന്റെയും സംഘത്തിന്റെയും വിജയം.

 

സീസണില്‍ ഇതിന് മുമ്പ് ഹോം സ്‌റ്റേഡിയത്തില്‍ കളിച്ച അഞ്ചില്‍ നാല് മത്സരത്തിലും രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയിരുന്നു. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മാത്രമാണ് ഇനാഗുറല്‍ ചാമ്പ്യന്‍മാര്‍ക്ക് പരാജയപ്പെടേണ്ടി വന്നത്.

ഈ ഹോം അഡ്വാന്റേജ് ബര്‍സാപരയിലും രാജസ്ഥാന് മുതലെടുക്കാന്‍ സാധിച്ചാല്‍ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് പ്രവേശനം അനായാസമാകും.

 

Content highlight: IPL 2024: Rajasthan Royals’ to play remaining two matches in Barsapara Stadium