ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ വസതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം. കപില്‍ സിബലിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് ഒത്തുകൂടിയ നേതാക്കള്‍ 2024 ലെ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയെന്നാണ് വിവരം.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്, ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി, ബി.ജെ.ഡി നേതാവ് പിനകി മിശ്ര, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ എന്നിവരും ടി.ഡി.പിയുടേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റേയും പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കാത്ത പ്രധാന പ്രതിപക്ഷ പാര്‍ട്ടി ബി.എസ്.പിയാണ്. നേരത്തെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോള്‍ ബി.ജെ.ഡി, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല.
ഇതാദ്യമായാണ് പ്രതിപക്ഷ നിരയിലെ ഏറെക്കുറെ എല്ലാ കക്ഷികളും ഒരുമിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കപില്‍ സിബലിനെക്കൂടാതെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ശശി തരൂര്‍, മനീഷ് തിവാരി എന്നിവരും പങ്കെടുത്തു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട ജി-23 നേതാക്കള്‍ എന്നറിയപ്പെടുന്നവരാണ് കോണ്‍ഗ്രസില്‍ നിന്ന് പങ്കെടുത്തവരില്‍ കൂടുതലും എന്നതും ശ്രദ്ധേയം.
ഇവരെക്കൂടാതെ കോണ്‍ഗ്രസില്‍ നിന്ന് ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പങ്കെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: 2024 poll strategy, Opposition unity on menu at dinner hosted by Congress’s Kapil Sibal