DSport
തുടക്കം ഗംഭീരം! ഒളിമ്പിക്സിൽ ഹോക്കിയിലും മറ്റ് ഇനങ്ങളിലും കത്തിക്കയറി ഇന്ത്യൻ താരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 28, 02:37 am
Sunday, 28th July 2024, 8:07 am

2024 പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് മികച്ച തുടക്കം. ഹോക്കിയില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യയ്ക്കായി മന്ദീപ് സിങ് (24), വിവേക് സാഗര്‍ പ്രസാദ് (34), ഹര്‍മന്‍ പ്രീത് സിങ് (59) എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്. മറുഭാഗത്ത് ന്യൂസിലാന്‍ഡിനായി ലാനെ സെയിം (8), ചൈല്‍ഡ് സൈമണ്‍ (53) എന്നിവരും ലക്ഷ്യം കണ്ടു. മത്സരം അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ബാക്കി നില്‍ക്കെയാണ് ഹര്‍മന്‍ ഇന്ത്യക്കായി ഗോള്‍ നേടി ആവേശകരമായ വിജയം സമ്മാനിച്ചത്. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്‍.

മറ്റൊരു ഇനമായ 10 മീറ്റര്‍ വനിതാ എയര്‍ പിസ്റ്റളിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയാണ് മനു ഭാക്കർ ശ്രദ്ധ നേടിയത്. 580 പോയിന്റോടെ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് താരം ഫൈനലിലേക്ക് മുന്നേറിയത്.

ഇന്ത്യയ്ക്കായി ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും ആദ്യമത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡനെതിരെയായിരുന്നു സെന്നിന്റെ വിജയം. 21-8, 22-20 എന്നീ സ്കോറുകളില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സ്വാതിക്ക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സംഖ്യവും ആദ്യം മത്സരം വിജയത്തോടെ തുടങ്ങി. ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വി- റോണന്‍ ലാബര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. 21-17, 21-14 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

 

Content Highlight: 2024 Paris Olympics Indian Athletes Great Performance