| Monday, 10th June 2024, 5:31 pm

മഞ്ഞുമ്മല്‍ ബോയ്‌സും സിന്ധു സൂര്യകുമാറും ഞാനും

ഫാറൂഖ്

ഇലക്ഷന്‍ വിശകലനത്തിനിടക്ക് മഞ്ഞുമ്മല്‍ ബോയ്‌സിന് എന്ത് കാര്യം എന്ന് മിക്ക വായനക്കാരും ചിന്തിക്കും, ഞാന്‍ എന്ന വാക്കിന് തലക്കെട്ടില്‍ എന്ത് കാര്യം എന്ന് അതില്‍ കൂടുതല്‍ പേര്‍ ചിന്തിക്കും. ഇതൊക്കെ തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഒന്നൊന്നര മാസം മുമ്പ്, ഞാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു, ഒരാഴ്ചയോളം കഴിഞ്ഞ് സിന്ധു സൂര്യകുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഇന്റര്‍വ്യൂവും കണ്ടു.

രണ്ടിലേയും ഓരോ കഥാപാത്രങ്ങള്‍ എന്നെ വല്ലാതെ ദുഖിപ്പിച്ചു. അതാണ് തലക്കെട്ടിന്റെ കോമ്മണ്‍ ത്രെഡ്. മഞ്ഞുമ്മല്‍ ബോയ്‌സിലെ രഘു എന്ന കഥാപാത്രമാണ് എന്നെ വല്ലാതെ ദുഖിപ്പിച്ചതെങ്കില്‍ പ്രധാനമന്ത്രിയടക്കം നാലു പേര്‍ ഉണ്ടായിരുന്ന ഇന്റര്‍വ്യൂവില്‍ സിന്ധു സൂര്യകുമാറിന്റെ കഥാപാത്രമാണ് എന്നെ ദുഖിപ്പിച്ചത്. മിക്ക വായനക്കാരും മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടിട്ടുണ്ടാവുമെങ്കിലും രഘുവിനെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. സത്യത്തില്‍ ആ സിനിമയില്‍ രഘുവിനെ ആരും പേര് വിളിക്കുന്നില്ല, ആ പേര് സൗകര്യത്തിന് ഞാന്‍ തന്നെ ഇട്ടതാണ്.

ഒന്നൊന്നര മാസം മുമ്പ് കണ്ടതിനെ പറ്റി ഇപ്പോഴെന്തിന് എഴുതുന്നു എന്ന് ചോദിച്ചാല്‍, ഇലക്ഷന്‍ റിസള്‍ട്ടുമായി അതിനെന്ത് ബന്ധം എന്ന് ചോദിച്ചാല്‍, ഉത്തരം അവസാനം പറയാം.

പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ വലിയ ആഗ്രഹമായിരുന്നു ഫയര്‍ ഫോഴ്‌സില്‍ ചേരുക എന്നത്. എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ അച്ഛന്‍ ഫയര്‍ ഫോഴ്‌സിലായിരുന്നു. അച്ഛന്‍ വീട്ടില്‍ വന്നു പറയുന്ന വീര കഥകള്‍ ഞങ്ങളോട് ആവര്‍ത്തിക്കുന്നതായിരുന്നു ക്ലാസ്സിലെ അവന്റെ പ്രധാന പരിപാടി.

ഫയര്‍ ഫോഴ്സുകാര്‍ പലരുടെയും ജീവന്‍ രക്ഷിച്ച അതിസാഹസിക കഥകളായിരുന്നു മിക്കതും. കിണറ്റില്‍ വീണ കുട്ടിയെ, പുഴയില്‍ പെട്ട് പോയ സ്ത്രീയെ, തീപിടിച്ച വീടുനുള്ളിലായ വയോധികരെ തുടങ്ങി നിരവധി പേരെ രക്ഷിച്ചതിന്റെ കഥകള്‍. വലുതായിക്കഴിഞ്ഞു ഫയര്‍ ഫോഴ്‌സില്‍ ചേരുന്നതും നിരവധി പേരെ രക്ഷിക്കുന്നതും പല തവണ ഞാന്‍ സ്വപനം കണ്ടു.

പക്ഷെ, രണ്ടു സംഭവങ്ങള്‍ എന്റെ ഫയര്‍ ഫോഴ്സ് സ്വപ്നങ്ങളെ തല്ലിക്കെടുത്തി.

ഒന്നാമത്തേത്, ഒരു ദിവസം, ഞാന്‍ കളിക്കുന്നതിനിടക്ക്, അടുത്തുള്ള വീട്ടില്‍ കുഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു കിണറ്റില്‍ കൂട്ടുകാരോടൊപ്പം ഇറങ്ങി. കുഴിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു, വലിയ ആഴമൊന്നുമായിട്ടില്ല. എല്ലാവരും പെട്ടെന്ന് തിരിച്ചു കയറി, എനിക്ക് മാത്രം കയറാന്‍ പറ്റിയില്ല, തലകറക്കവും, പേടിയും. കുറച്ചു സമയത്തെ പരിശ്രമത്തിനു ശേഷം കൂട്ടുകാരെല്ലാം കൂടി ഒരു വിധത്തില്‍ എന്നെ മുകളിലേക്ക് ഒരു വിധത്തില്‍ വലിച്ചു കയറ്റി.

രണ്ടാമത്തേത്, സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ കുട്ടികളെല്ലാവരും ലൈറ്റ് ഹൗസ് കാണാന്‍ പോകുന്ന ഒരാചാരം ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. ഈ ആചാരം എങ്ങനെ ഉണ്ടായി എന്നറിയില്ല, പതാകയുയര്‍ത്തലും പായസം കുടിയും കഴിഞ്ഞാല്‍ കുട്ടികളെല്ലാവരും തിക്കോടി ലൈറ്റ് ഹൗസ് കാണാന്‍ കൂട്ടമായി പോകും. ഒരു കൊല്ലം ഞാനും പോയി, എല്ലാവരെയും പോലെ മുകളിലേക്ക് കയറി. ചെറിയ പിരിയന്‍ കോണിയിലൂടെയാണ് മുകളിലേക്ക് കയറേണ്ടത്. അധികമൊന്നും കയറിയില്ല, എനിക്ക് തല ചുറ്റാന്‍ തുടങ്ങി, ഞാന്‍ സ്റ്റെപ്പില്‍ ഇരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വിധത്തില്‍ എന്നെ താഴെയിറക്കി.

ഈ രണ്ടു സംഭവങ്ങളിലൂടെ എനിക്ക് രണ്ടു കാര്യങ്ങള്‍ മനസ്സിലായി, ഒന്ന്, എനിക്ക് മുകളിലോട്ട് കയറാന്‍ ധൈര്യമില്ല, രണ്ടു, എനിക്ക് താഴോട്ടിറങ്ങാനും ധൈര്യമില്ല. അതോടെ ഞാന്‍ ഫയര്‍ഫോഴ്സ് സ്വപ്നങ്ങള്‍ ഉപേക്ഷിച്ചു.

ഹൈസ്‌കൂളില്‍ എത്തുമ്പോഴേക്ക് എനിക്ക് മറ്റൊരു മോഹം തുടങ്ങി, പത്രക്കാരനാകണം. സിനിമയിലൊക്കെ പത്രക്കാരുടെ വീരകഥകള്‍ കാണുന്നത് കൊണ്ടൊന്നുമല്ല, വേറൊരു സ്വാര്‍ത്ഥതയായിരുന്നു ഈ മോഹത്തിന്റെ അടിസ്ഥാനം. ഞാന്‍ ഒരു പാട് വായിക്കുമായിരുന്നു അക്കാലത്തു, എഴുതുകയും ചെയ്യും. സ്‌കൂള്‍ കലോത്സവങ്ങളിലൊക്കെ ചെറുകഥാ, ലേഖനം തുടങ്ങിയവയിലൊക്കെ സമ്മാനം കിട്ടും.

വലുതാകുമ്പോള്‍ വലിയൊരു എഴുത്തുകാരനാകും എന്ന് എനിക്ക് എന്നെ പറ്റി തന്നെ വലിയ മതിപ്പായിരുന്നു. എഴുത്തുകാരന് പറ്റിയ ജോലി പത്രപ്രവര്‍ത്തകനാകുന്നതാണെന്ന ഒരു ധാരണ അക്കാലത്തു എനിക്ക് ഉണ്ടായിരുന്നു. ഒ.വി വിജയന്‍ ടൈംസ് ഓഫ് ഇന്ത്യയിലും വി.കെ.എന്‍ ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിരുന്നവരാണ് വായിച്ചിട്ടുണ്ട്, എം.ടി മാതൃഭൂമി എഡിറ്റര്‍ ആയിരുന്നു എന്നാണോര്‍മ. മിനിമം ഇവരെപ്പോലെയൊക്കെ ആകുമെന്നുറപ്പുള്ള ഞാന്‍ എന്തിന് വേറെ ജോലിയെപ്പറ്റി ആലോചിക്കണം.

കിണറ്റിലിറങ്ങിയിട്ടോ ലൈറ്റ് ഹൌസില്‍ കയറിയിട്ടൊ ഉണ്ടായ പരാജയം പോലെയല്ല, മറിച്ച് ഒരു വിജയം കൊണ്ട് എന്റെ ജേര്‍ണലിസ്‌റ് മോഹം അവസാനിച്ചു. എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ തരക്കേടില്ലാത്ത ഒരു റാങ്ക് കിട്ടിയത് കൊണ്ട് ഒരു ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എനിക്ക് അഡ്മിഷന്‍ കിട്ടി, അതങ്ങനെ പുരോഗമിച്ചു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി. ഒരു ജീവിതം ഒരു ജോലി എന്നതാണല്ലോ നമ്മള്‍ ഇന്ത്യക്കാരുടെ മുദ്രാവാക്യം. അതോടെ എന്റെ ജേര്ണലിസ്റ്റ് മോഹവും സമാധിയായി.

പക്ഷെ, കല്യാണം കഴിക്കാന്‍ കഴിയാതെ പോയ എക്‌സ്-കാമുകിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ഇടയ്ക്കിടെ പോയി നോക്കുന്ന മധ്യവയസ്‌കനെ പോലെ ഈ രണ്ടു ജോലി ചെയ്യുന്നവരെ ഞാന്‍ നിരന്തരം ഫോളോ ചെയ്തു കൊണ്ടിരുന്നു. ഫയര്‍ ഫോഴ്സുകാരെ പറ്റിയും ജേര്‍ണലിസ്റ്റുകളെ പറ്റിയും എവിടെ വാര്‍ത്ത കണ്ടാലും അത് വായിക്കും, അവരുടെ പ്രോഗ്രാമുകള്‍ കാണും, അവരെ പറ്റി സിനിമ ഇറങ്ങിയാല്‍ അതും കാണും. ജേര്‍ണലിസുകളെ പറ്റിയുള്ള സിനിമകള്‍ പൊതുവെ സൂപ്പര്‍ ഹീറോ ടൈപ്പ് ആകുമെങ്കിലും ഫയര്‍ ഫോഴ്സുകാര്‍ തമാശക്കാരായിരിക്കും. സലിം കുമാര്‍ ടൈപ്പ് ആണ് മിക്കപ്പോഴും ഫയര്‍ ഫോഴ്സുകാര്‍, മിക്കതും ബോറാണ്.

കൂട്ടത്തില്‍ പറയാം, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന 2006 ല്‍ ഇറങ്ങിയ സിനിമയാണ് ഫയര്‍ ഫോഴ്സുകാരെ പറ്റിയുള്ളതില്‍ ബെസ്റ്റ്. കാണാത്തവര്‍ കാണണം. മഞ്ഞുമ്മല്‍ ബോയ്‌സ് രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ വ്യൂ പോയിന്റില്‍ ആണെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നന്നവരുടെ വ്യൂ പോയിന്റില്‍ ആണ്.

അത് പോട്ടെ. ഇനി രഘുവിനെ പറ്റി പറയാം. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു ഫയര്‍മാന്‍ കയറൊക്കെ കെട്ടി ഹെല്‍മറ്റൊക്കെ ഇട്ട് കുഴിയിലേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന സീന്‍ ഓര്‍മ്മയുണ്ടോ. ആ സീനിലെ കഥാപാത്രമാണ് രഘു. ഒരു ജീവിതം ഒരു ജോലി എന്ന ഇന്ത്യക്കാരുടെ പോളിസി വച്ച് അയാളുടെ ജീവിതത്തില്‍ അയാള്‍ ചെയ്യുന്ന ഒരേ ഒരു ജോലി ഫയര്‍മാന്‍ ആണ്. അയാളുടെ ജോലിയില്‍ അയാള്‍ വേറെ പലതും ചെയ്യുന്നുണ്ടാകും, ഉദാഹരണത്തിന് ഫയര്‍ എന്‍ജിനില്‍ വെള്ളം നിറക്കുക, തീയിലേക്ക് വെള്ളം ചീറ്റുക തുടങ്ങിയവ. പക്ഷെ അയാളുടെ ജീവിതത്തിന്റെ അല്ലെങ്കില്‍ പ്രൊഫഷന്റെ മിഷന്‍ ജീവന്‍ രക്ഷിക്കുകയാണ്. അയാളുടെ ജീവിതം മുഴുവന്‍ ആ നിമിഷത്തിന് വേണ്ടിയുള്ള തയ്യാറെടുക്കല്‍ ആണ്.

രഘുവിന്റെ ജീവിതത്തിലെ ആ നിമിഷത്തില്‍, അയാള്‍ താന്‍ രക്ഷിക്കേണ്ട ആള്‍ കുടുങ്ങികിടക്കുന്ന അഗാധതയിലേക്ക് നോക്കി. എത്രയോ കാലം പരിശീലിച്ച പോലെ ശരീരത്തില്‍ കയറുകള്‍ കെട്ടി, ഹെല്‍മെറ്റ് ധരിച്ചു, കുടുങ്ങിക്കിടക്കുന്നയാളെ വലിച്ചു കയറ്റാനുള്ള കയര്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തി. പിന്നീടയാള്‍ തന്റെ കുടുംബത്തെയോര്‍ത്തു, ഭാര്യയെയോര്‍ത്തു, കുട്ടികളെയോര്‍ത്തു. തനിക്കെന്തെങ്കിലും പറ്റിയാല്‍ പ്രായമായ തന്റെ മാതാപിതാക്കളെ ആര് നോക്കും എന്ന് അയാള്‍ക്ക് തോന്നി. ആ തോന്നല്‍ അയാളെ അധീരനാക്കി. അയാള്‍ പിന്മാറി.

മഞ്ഞുമ്മല്‍ ബോയ്‌സിലെ പല സീനിലും പലരും തിയേറ്ററിലിരുന്നു കരയുന്നുണ്ടായിരുന്നു. ഈ സീനില്‍ കരഞ്ഞത് ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കും. കാരണം രഘുവില്‍ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു.

രഘു പിന്നീട് എങ്ങനെ ജീവിച്ചിരിക്കും. അയാളുടെ ജീവിതത്തിന്റെ ലക്ഷ്യം നിറവേറേണ്ട സമയം, അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ജീവിതം മുഴുവന്‍ സ്വയം തയ്യാറെടുത്ത ആ നിമിഷം വന്നപ്പോള്‍ അയാള്‍ ഭീരുവായി. ആ നിമിഷങ്ങള്‍ അയാളെ എന്നും വേട്ടയാടും.

തന്റെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുക്കേണ്ട നിമിഷത്തില്‍ താന്‍ പരാജയപ്പെട്ടു എന്ന തോന്നലിലായിരിക്കും അയാളുടെ പിന്നീടുള്ള ജീവിതം. പിറ്റേന്നും അയാള്‍ ഒരു പക്ഷെ ഫയര്‍ എന്‍ജിനില്‍ വെള്ളം നിറക്കുന്നുണ്ടാകും, അല്ലെങ്കില്‍ തീപിടിച്ച ഒരു കെട്ടിടത്തിലേക്ക് വെള്ളം ചീറ്റുന്നുണ്ടാകും. അതെല്ലാം യന്ത്രികമായിരിക്കും, കുറ്റബോധത്തോടെയായിരിക്കും.

വാര്‍ത്തകള്‍ കണ്ടെത്തുക, അത് വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഒരു ജോര്‍ണലിസ്റ്റിന്റെ മിഷന്‍ എന്നായിരുന്നു ജേണലിസ്റ്റാകണമെന്ന ആഗ്രഹവുമായി നടന്ന കാലത്ത് ഞാന്‍ വിചാരിച്ചിരുന്നത്. പത്രത്തിലാണെകില്‍ വാര്‍ത്ത നല്ല ഭാഷയില്‍ എഴുതുക ടീവി യിലാണെങ്കില്‍ നന്നായി പ്രേസേന്റ്‌റ് ചെയ്യുക എന്നതൊക്കെ അതിന്റെ ടോപ്പിംഗ്സ്. പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എന്റെ മറ്റു പല ധാരണകളെയും പോലെ അതും തെറ്റായിരുന്നു എന്ന് മനസ്സിലായി.

‘holding power to account’ അല്ലെങ്കില്‍ ‘speaking truth to power.’ എന്നതാണത്രേ ഒരു ജേര്‍ണലിസ്റ്റിന്റെ പ്രധാനജോലി. ഇത് പത്രക്കാര്‍ തന്നെ പറഞ്ഞാണ് ഏറ്റവും കൂടുതല്‍ പ്രാവശ്യം കേട്ടിട്ടുള്ളത്. ജേര്‍ണലിസത്തിന്റെ ഗുരുക്കളും അതികായരുമൊക്കെ ഇത് പറഞ്ഞിട്ടുണ്ട്. ആര് എപ്പോ പറഞ്ഞു എന്നൊന്നും കൃത്യമായി അറിയില്ല. പ്രൈം ടൈം ചര്‍ച്ചകള്‍ നടത്തുന്ന അവതാരകരോക്കെ പുട്ടിന് പീര പോലെ ഇത് അവര്‍ത്തിക്കാറുണ്ട്. അധികാരത്തോട് സത്യം പറയുക, അവര്‍ക്ക് നേരെ സത്യത്തിന്റെ കണ്ണാടി പിടിക്കുക തുടങ്ങിയവയാണ് പഞ്ച് ലൈന്‍. നമ്മള്‍ സാധാരണക്കാര്‍ക്ക് അധികാരമുള്ളവരുടെ അടുത്തേക്ക് നേരിട്ടെത്താനോ ചോദ്യങ്ങള്‍ ചോദിക്കാനോ കഴിയില്ല, നമുക്ക് വേണ്ടി അവരാണ് ചോദിക്കുന്നത്. അത് കൊണ്ടാണ് പത്രക്കാരെ ജനാധിപത്യത്തിന്റെ അഞ്ചാം തൂണ് എന്ന് വിവരമുള്ളവര്‍ വിളിക്കുന്നത്.

ഇങ്ങനെ അധികാരത്തോട് ചോദ്യം ചോദിയ്ക്കാന്‍ പല പേരില്‍ പല പ്രോഗ്രാമുകള്‍ ടെലിവിഷനിലുണ്ട്. ഷാനിയുടെ പറയാതെ വയ്യ, സിന്ധു സൂര്യകുമാറിന്റെ കവര്‍ സ്റ്റോറി എന്നിവയാണ് ഞാന്‍ സ്ഥിരമായി കാണാറുള്ളത്. വൈകിട്ടത്തെ ചര്‍ച്ചകളും അത്യാവശ്യം കാണാറുണ്ടായിരുന്നു, പക്ഷെ പ്രത്യേകിച്ച് അധികാരം പോയിട്ട് ജോലിയും കൂലിയുമില്ലാത്ത നിരീക്ഷകരോട് ചോദ്യം ചോദിച്ചിട്ട് എന്ത് കാര്യം എന്ന് തോന്നാന്‍ തുടങ്ങിയപ്പോള്‍ അത് നിര്‍ത്തി.

സിന്ധു സൂര്യകുമാര്‍ പത്തിരുപത് വര്ഷങ്ങളായി പലരോടും ചോദ്യം ചോദിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, വിശകലനം നടത്തുന്നുണ്ട്, ധാര്‍മികരോഷം കൊള്ളുന്നുണ്ട്. രഘുവുമായി താരതമ്യപ്പെടുത്തിയാല്‍ ഫയര്‍ എന്‍ജിനില്‍ വെള്ളം നിറക്കുക, തീ പിടിച്ച കെട്ടിടത്തിലേക്ക് വെള്ളം ചീട്ടുക തുടങ്ങിയവ. സാധാരണ ഒരു ജോര്‍ണലിസ്റ്റിന്റെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ അത് മതി.

പക്ഷെ, രഘുവിന്റെ ജീവിതത്തില്‍ വന്ന പോലെ ഒരു നിമിഷം സിന്ധു സൂര്യകുമാറിന്റെ ജീവിതത്തിലും വന്നു. അധികാരം എന്നല്ല സര്‍വ്വാധികാരം തന്നെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ സിന്ധുവിന്റെ മുമ്പില്‍ ഇരുന്നു . അധികാരത്തോട് ചോദ്യം ചോദിക്കുക എന്ന തന്റെ ജീവിതത്തിന്റെ പരമമായ മിഷന്‍ നിര്‍വഹിക്കേണ്ട നിമിഷം, സിന്ധു, താന്‍ ആര്‍ക്കു വേണ്ടിയാണോ ചോദിക്കേണ്ടത് അവരുടെ തൊഴിലില്ലായ്മയെ കുറിച്ചോര്‍ത്തു, വിലക്കയറ്റത്തെ പറ്റി ഓര്‍ത്തു, അഗ്‌നിവീറിനെ പറ്റി ഓര്‍ത്തു, ഇലക്ടറല്‍ ബോണ്ടിനെ പറ്റിയോര്‍ത്തു. അടുത്ത നിമിഷത്തില്‍ കുടുംബത്തെ കുറിച്ചോര്‍ത്തു, ജോലിയെ കുറിച്ചോര്‍ത്തു, ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചോര്‍ത്തു.

പിന്നീട് അധികാരത്തിന്റെ ഓഫീസ് തന്നെയേല്‍പിച്ച സ്‌ക്രിപ്റ്റിലുള്ള രണ്ടു മൂന്നു ചോദ്യങ്ങള്‍ അധികാരത്തോട് തന്നെ ചോദിച്ചു എന്ന് വരുത്തി, സി രാധാകൃഷ്ണന്റെ ഭാഷയില്‍ ഒരു നിറകണ്‍ ചിരിയുമായി, രഘുവിനെ പോലെ, തന്റെ പ്രൊഫെഷനും ജീവിതവും നിര്‍വചിക്കപ്പെടാന്‍ പോകുന്ന ആ നിമിഷത്തില്‍ അധീരയായി, പിന്മാറി.

മഞ്ഞുമ്മല്‍ ബോയ്സിലെ രഘുവിന്റെ പിന്മാറ്റം എന്നെ എത്രത്തോളം ദുഖിപ്പിച്ചോ അത്രയും തന്നെ സിന്ധു സൂര്യകുമാറിന്റെ പിന്മാറ്റവും എന്നെ ദുഖിപ്പിച്ചു. കാരണം രണ്ടു പേരിലും ഞാന്‍ കണ്ടത് എന്നെത്തന്നെയായിരുന്നു. രഘുവിനെപോലെ സിന്ധു സൂര്യകുമാറും ആ ഒരു നിമിഷത്തെ പതര്‍ച്ചയുടെ ഭാരം പേറി ശിഷ്ടകാലം ജോലി ചെയ്യേണ്ടി വരുമെന്ന തോന്നല്‍ എന്നെ ഇന്നും വിഷമിപ്പിക്കുന്നു.

ഇനി തുടക്കത്തില്‍ നിങ്ങള്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം പറയാം – ഒന്നര മാസത്തിന് ശേഷം ഞാന്‍ എന്തിന് ഇതെഴുതുന്നു, ഇലെക്ഷന്‍ റിസള്‍ട്ടുമായി ഇതിനൊക്കെ എന്ത് ബന്ധം എന്നതാണല്ലോ ചോദ്യം?

ഉത്തരം: ജൂണ്‍ നാലിന് ശേഷം എല്ലാം മാറുന്നു എന്നൊരു ഫീലിംഗ്. പത്രക്കാരോട് കുനിയാനും മുട്ടിലിഴയാനും ഇനി ആരും പറയില്ലെന്ന ഒരു തോന്നല്‍. പറഞ്ഞാലും, അതനുസരിക്കാതെ രക്ഷയില്ലാത്ത വിധം അധികാരം ഒരാളില്‍ ഇനിയങ്ങോട്ട് കേന്ദ്രികരിക്കപ്പെടില്ല എന്ന സൂചന.

എന്റെ സന്തോഷം ഇന്നിതാണ്. ഞാനും നിങ്ങളും ഇഷ്ടപെടുന്ന ഒരു പാട് ജേര്‍ണലിസ്റ്റുകള്‍ക്ക് ഇനി തല കുമ്പിടാതെ നടക്കാന്‍ കഴിയും. ഗോഡി മീഡിയ എന്ന അപമാനത്തില്‍ നിന്ന് അവര്‍ക്ക് മോചനമുണ്ടാകും, ഭരണകൂടത്തിന് സേവ ചെയ്യാതെ, അവരുടെ പ്രോപഗണ്ട ഏറ്റെടുത്തു നടത്താതെ അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയും.

മറ്റെല്ലാവരെയും പോലെ, എല്ലാവരും അര്‍ഹിക്കുന്ന അന്തസ്സോടും ആത്മാഭിമാനത്തോടും ജോലി ചെയ്യാനുള്ള അവകാശം പത്രക്കാര്‍ക്കും സാധ്യമാവും. ഒരു ജേര്‍ണലിസ്റ്റിനെ സംബന്ധിച്ചേടത്തോളം തന്റെ ആത്മാഭിമാനത്തെ മുഴുവന്‍ ഊറ്റിയെടുക്കുന്ന സ്‌ക്രിപ്റ്റഡ് ഇന്റര്‍വ്യൂ നടത്തുക എന്ന പണി ചെയ്യാന്‍ ആരും ഇനി നിര്‍ബന്ധിക്കില്ല. ഇലക്ഷന്‍ റിസള്‍ട്ട് വന്നതിനു ശേഷം ഇതൊക്കെയാണ് എന്റെ തോന്നലും സന്തോഷവും, എന്റെ സന്തോഷം എല്ലാവരുടെയും സന്തോഷമാകട്ടെ.

സിന്ധു സൂര്യകുമാറിനും രഘുവിനും ആശംസകള്‍, കൂടെ മറ്റെല്ലാ ജേര്‍ണലിസുകള്‍ക്കും ഫയര്‍ ഫോഴ്സുകാര്‍ക്കും.

ഇലക്ഷന് ശേഷം- ഒന്നാം ഭാഗം ഇവിടെ വായിക്കാം

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more