തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായും ആത്മവിമര്‍ശനപരമായും പരിശോധിക്കപ്പെടും

കെ.ടി. കുഞ്ഞിക്കണ്ണന്‍

ആര്‍.എസ്.എസ് അജണ്ടക്കും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കുമെതിരായ ജനവിധിയാണ് 18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. 400 സീറ്റുകള്‍ നേടി ഭരണഘടനയെതന്നെ അട്ടിമറിച്ച് 2025 ആര്‍.എസ്.എസ് രൂപീകരണത്തിന്റെ ശതാബ്ദിവര്‍ഷം ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഫാസിസ്റ്റ് അജണ്ടയെയാണ് ഹിന്ദി ഹൃദയഭൂമിയിലെ പാവപ്പെട്ട വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. അത് സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ തെരഞ്ഞെടുപ്പ് ഫലമാണെന്ന് വിലയിരുത്താം.

മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകര്‍ത്ത് സാംസ്‌കാരിക ദേശീയതയുടെ ഏകാത്മകതയിലേക്ക് രാജ്യത്തെ വിളയിപ്പിച്ചെടുക്കാനുള്ള മോദി ഭരണത്തിന് വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

2019-ല്‍ 353 സീറ്റ് നേടിയ എന്‍.ഡി.എയ്ക്ക് ഇത്തവണ 292 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കഴിഞ്ഞതവണ 303 സീറ്റ് കിട്ടിയ സ്ഥാനത്ത് ഇത്തവണ 240 സീറ്റ് മാത്രമാണ് ലഭിച്ചത്. അതായത് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഒരു ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള സാധ്യതയെ ഇന്ത്യയിലെ വോട്ടര്‍മാര്‍ ഇല്ലാതാക്കി. അതാണ് 18-ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരവും മതനിരപേക്ഷശക്തികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരവുമാക്കിയിരിക്കുന്നത്.

രാമക്ഷേത്രത്തെ പ്രാണപ്രതിഷ്ഠയിലൂടെ ഈ തെരഞ്ഞെടുപ്പില്‍ വലിയ വൈകാരിക വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മോദിയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലും അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിതന്നെ നേരിടേണ്ടിവന്നു.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അഭിനന്ദനീയമായ വിജയം അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ടി നേതാവ് അവതേഷ്‌കുമാറിന്റെ വിജയമാണ്. മാത്രമല്ല ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങള്‍ ചോരക്കളമാക്കിയ മണിപ്പൂരിലെ രണ്ട് ലോക്സഭാ സീറ്റുകളും ഇന്ത്യാ മുന്നണിക്ക് ലഭിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. മോദി മന്ത്രിസഭയിലെ സ്മൃതി ഇറാനി ഉള്‍പ്പെടെ 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്.

ബി.ജെ.പിക്ക് ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയാത്തവിധം ഇന്ത്യാമുന്നണി നേതാക്കള്‍ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും നേതൃത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുമോയെന്ന് കണ്ടറിയണം.

അത്തരം മുന്‍കൈകള്‍ മോദിയെ വീണ്ടും അധികാരത്തില്‍ വരുന്നതില്‍നിന്ന് തടഞ്ഞുനിര്‍ത്താനുള്ള മതനിരപേക്ഷ പ്രതിരോധത്തിന്റെ ഭാഗമാണുതാനും. ഇന്ത്യാമുന്നണിയുടെ ഭാഗമായ ഇടതുപക്ഷ പാര്‍ടികള്‍ക്ക് ബി.ജെ.പിക്കെതിരായ ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബീഹാറിലും രാജസ്ഥാനിലും കേരളത്തിലും ഇടതുപക്ഷ പ്രതിനിധികള്‍ക്ക് 18-ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ബംഗാളിലും കേരളത്തിലും പ്രതീക്ഷിച്ചപോലുള്ള വിജയം സി.പി.ഐ (എം)നും പൊതുവെ ഇടതുപക്ഷത്തിനും നേടാന്‍ കഴിഞ്ഞില്ല എന്നത് ഗൗരവാവഹമായ പരിശോധന ആവശ്യപ്പെടുന്നു. ഇന്ത്യാ മുന്നണിയിലെ പ്രധാനപാര്‍ടികള്‍ ചേരിതിരിഞ്ഞ് മത്സരിച്ച കേരളത്തില്‍ ദേശീയതലത്തില്‍ മേല്‍കയ്യുള്ള പാര്‍ട്ടി എന്ന നിലക്ക് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിക്കനുകൂലമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്.

20-ല്‍ 18 സീറ്റുകളില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായിരിക്കുന്ന തിരിച്ചടികളുടെ രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിശോധിക്കപ്പെടും. ആത്മവിമര്‍ശനപരമായും രാഷ്ട്രീയമായും തിരിച്ചടികളുടെ കാരണങ്ങളെ ആഴത്തില്‍ പരിശോധിക്കാന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്.

സംഘപരിവാറിന്റെ മതരാഷ്ട്രവാദത്തിനും കോര്‍പ്പറേറ്റ് അനുകൂല നവലിബറല്‍ നയങ്ങള്‍ക്കും എതിരായി ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദല്‍സമീപനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഭവിച്ച പരിമിതികളും പാളിച്ചകളും കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം പരിശോധനാവിധേയമാക്കപ്പെടും. പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തെരഞ്ഞെടുപ്പ് ഫലത്തെസംബന്ധിച്ച പ്രഥമ പ്രതികരണത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചതല്ലെങ്കിലും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിനുണ്ടായ വിജയത്തില്‍ അസ്വാഭാവികതയൊന്നുമില്ല. യു.ഡി.എഫ്- എല്‍.ഡി.എഫ് മുന്നണികളായി ചേരിതിരിഞ്ഞ് മത്സരിക്കുന്നതിനുമുമ്പുതന്നെ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല വിധിയെഴുത്തുകള്‍ ഉണ്ടായതായി കാണാം.

1977-ലെ അടിയന്തിരാവസ്ഥയ്ക്കുശേഷമുള്ള തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗം അലയടിച്ചപ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അത് പ്രതിഫലിച്ചില്ല. മുഴുവന്‍ സീറ്റും കോണ്‍ഗ്രസിന് ലഭിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി വധത്തിനുശേഷവും രാജീവ്ഗാന്ധി വധത്തിനുശേഷവുമുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അനുകൂലമായ വിധിയെഴുത്തുകളാണ് കേരളത്തിലുണ്ടായത്.

1984-ലെ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. 1996-ല്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടന്നപ്പോള്‍ സംസ്ഥാന ഭരണം എല്‍.ഡി.എഫിന് വന്‍ ഭൂരിപക്ഷത്തോടെ ലഭിച്ചു. അപ്പോഴും 10 ലോക്സഭ സീറ്റുകള്‍ യു.ഡി.എഫിന് ആയിരുന്നു. 18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി ഉയര്‍ന്നുവന്ന ജനവികാരവും മുഖ്യപ്രതിപക്ഷപാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് ആണ് ഇന്ത്യാ മുന്നണിയെ നയിക്കുന്നതെന്ന ധാരണയില്‍ യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കാന്‍ കേരളത്തിലെ വോട്ടര്‍മാരെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതേണ്ടത്.

കേരളത്തെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് സ്വീകരിക്കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള വര്‍ഗീയകക്ഷികളുമായുള്ള രഹസ്യവും പരസ്യവുമായ നീക്കുപോക്കുകളുടെ ദുരന്തപൂര്‍ണമായ പരിണതിയെന്ന നിലക്കുവേണം ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന അപകടകരമായ അവസ്ഥയെ പരിശോധിക്കേണ്ടത്.

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിക്കുണ്ടായ വിജയത്തെ കേവലം ഒരു സൂപ്പര്‍സ്റ്റാറിന്റെ വ്യക്തിപരമായ സ്വാധീനത്തിന്റെ പ്രശ്നമെന്ന രീതിയില്‍ ലഘൂകരിച്ചു കാണാനാവില്ല.

യഥാര്‍ത്ഥത്തില്‍ കെ.മുരളീധരനെ വടകരയില്‍ നിന്ന് മാറ്റിയതും ഷാഫി പറമ്പലിനെ പകരം വടകരയില്‍ നിയോഗിച്ചതും ടി.എന്‍.പ്രതാപന്‍ എന്ന തൃശൂരിലെ സിറ്റിംഗ് എം.പിയെ മത്സരത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയതും ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നടന്ന ഉപജാപങ്ങളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ 90,000-ഓളം വോട്ടുകള്‍ സുരേഷ്ഗോപിക്ക് കിട്ടിയതോടെയാണ് ബി.ജെ.പിക്ക് ആദ്യമായി കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

ഒരു സംശയവുമില്ല കോണ്‍ഗ്രസിന്റെ തോളിലേറിയാണ് കേരളത്തില്‍ നിന്നൊരു സംഘി 18-ാം ലോക്സഭയിലെത്തുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 86,965 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. സുരേഷ്ഗോപി ജയിച്ചത് 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനും. അതായത് സുരേഷ്ഗോപിക്ക് ജയിക്കാനുള്ള ഭൂരിപക്ഷമുണ്ടാക്കിക്കൊടുത്തത് കോണ്‍ഗ്രസാണ്.

കോണ്‍ഗ്രസ് അവരുടെ വോട്ടുകള്‍ കൃത്യമായി പിടിച്ചിരുന്നുവെങ്കില്‍ ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് ഒരു ലോക്സഭാ അംഗത്തെ ജയിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുനില്‍കുമാറിന് 2019-നേക്കാള്‍ 16,196 വോട്ട് അധികം നേടാനായിട്ടുണ്ട്. സുരേഷ്ഗോപിയുടെ ജയവും പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബി.ജെ.പി ബാന്ധവത്തിന്റെ അണിയറ നീക്കങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

content highlights: loksabha election result analysis writeup by kt kunhikkannan

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍