| Wednesday, 12th June 2024, 12:30 pm

മോദി മുറിവേറ്റ കടുവ; ദളിതരോടും മുസ്‌ലിങ്ങളോടും അദ്ദേഹം പകവീട്ടും: ആനന്ദ് തെല്‍തുംദെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടി പലര്‍ക്കും ഒരാശ്വാസമാണെങ്കിലും മോദി 3.0 അത്ര എളുപ്പമായിരിക്കില്ലെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും ദളിത് ചിന്തകനുമായ ആനന്ദ് തെല്‍തുംദെ. ദി വയറില്‍ എഴുതിയ ലേഖനത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ അദ്ദേഹം അവലോകനം ചെയ്യുന്നത്.

ഇന്ത്യ എന്ന ആശയം തന്നെ ഇല്ലാതാകുമോ എന്ന് ഭയന്നിരുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് തെല്‍തുംദെ ലേഖനത്തില്‍ പറഞ്ഞു.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യാ മുന്നണി ചന്ദ്രബാബു നായിഡുവിനേയും നീതിഷ് കുമാറിനേയും ചേര്‍ത്ത് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഒരു ശ്രമം നടത്തുമോ എന്ന് പലരും ചിന്തിച്ചു. എന്നാല്‍ അതുണ്ടായില്ല. അവര്‍ മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതില്‍ പിന്തുണ അറിയിച്ചു. ടി.ഡി.പിയുടേയും ജെ.ഡി.യുവിന്റേയും സഹായത്തോടെ പ്രധാനമന്ത്രി പദത്തിലെത്തിയ മോദി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതില്‍ നിന്നും പിന്തിരിയുമെന്ന് പ്രതീക്ഷിക്കാന്‍ തരമില്ലെന്നും തെല്‍തുംദെ ലേഖനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതിയെ പോലും അവഗണിച്ചുകൊണ്ട് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം മോദി കാണിച്ചുകൂട്ടിയത് ജനങ്ങള്‍ കണ്ടതാണ്. അവിടെ രാഷ്ട്രപതിയുണ്ടായിരുന്നില്ല. ചെങ്കോലുമായി പ്രധാനമന്ത്രി അവിടേക്ക് കടന്നുവന്നു. എല്‍.കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്ന സമയത്ത് മോദിയും അദ്വാനിയും ഇരിക്കുമ്പോള്‍ അവിടെ അരികെ നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു.

2024-ലെ തെരഞ്ഞെടുപ്പില്‍ മോദി ഗ്യാരണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി വോട്ടുചോദിച്ചു. 400-ലധികം സീറ്റുകള്‍ നേടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എങ്കില്‍ മാത്രമേ ഭരണഘടന മാറ്റാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ നഗ്‌നമായ ലംഘനം പലപ്പോഴും മോദി നടത്തി. സംസ്ഥാനങ്ങളെ അവഗണിച്ചു, പൊലീസിന്റെ അധികാരത്തെപ്പോലും നിഷ്പ്രഭമാക്കി, ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തി, ഫെഡറല്‍ ഘടന തന്നെ തകര്‍ത്തു. ഹിന്ദു രാഷ്ട്രമെന്ന അജണ്ടയിലേക്ക് അവര്‍ അടുത്തു. ന്യൂനപക്ഷങ്ങള്‍ ഇവിടുത്തെ പൗരന്മാരല്ലെന്ന് പോലും പ്രഖ്യാപിച്ചു. ന്യൂപക്ഷങ്ങള്‍ പരസ്യമായി അപമാനിക്കപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ രണ്ട് യാത്രകള്‍ ഇതിനിടെ സംഭവിച്ചു. ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും. ബഹുജന പിന്തുണ വലിയൊരളവില്‍ നേടിയിട്ടും പക്ഷേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യാ മുന്നണിക്ക് സാധിച്ചിട്ടില്ല.

ഒരേസമയം ഭരണഘടനയുടെ സംരക്ഷകരായി സ്വയം അവരോധിക്കാനും താഴേത്തട്ടിലുള്ള ജനങ്ങളോട്, പ്രത്യേകിച്ച് ദളിതുകളോട് പോലും വൈകാരികമായ ചില അഭ്യര്‍ത്ഥനകള്‍ നടത്താനും മോദി തയ്യാറായി. എന്നാല്‍ ബി.ജെ.പിയുടെ ഈ ഇരട്ടത്താപ്പിനെ പലപ്പോഴും പ്രതിപക്ഷം തുറന്നുകാട്ടി.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ഒരുതരത്തില്‍ പുല്‍വാമ പോലെ ബി.ജെ.പിക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതിന് പിന്നാലെയാണ് കടുത്ത മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലേക്ക് മോദി കടക്കുന്നത്. ഒരു തിരിച്ചടി അവര്‍ ഒരുപക്ഷേ പ്രതീക്ഷിച്ചുകാണും.

ജൂണ്‍ 4 ന് വന്ന തെരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ഭൂരിപക്ഷം തികയ്ക്കാന്‍ 32 സീറ്റുകള്‍ കുറഞ്ഞതോടെ മോദിക്ക് മറ്റ് പാര്‍ട്ടികളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി.

മോദിക്കെതിരായ ജനരോഷമാണ് ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമെന്ന് ചിലര്‍ നിരീക്ഷിച്ചിരുന്നു. 2024-ല്‍ 37.37% ആണ് ബി.ജെ.പിയുടെ വോട്ട് വിഹിതം. 2019ല്‍ ഇത് 37.34% ആണ്. തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ മോദി പറഞ്ഞ ചില കാര്യങ്ങള്‍ ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് ആളുകള്‍ കരുതുന്നുണ്ട്. മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ബി.ജെ.പിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വേണമെങ്കില്‍ വിലയിരുത്താം.

2019 ലെ തെരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവം ബി.ജെ.പിയുടെ വോട്ട് വിഹിതവും സീറ്റുകളുടെ എണ്ണവും 303 ആക്കി ഉയര്‍ത്തി. 2024 ല്‍ വോട്ട് വിഹിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടില്ല. പക്ഷേ സീറ്റ് നില 240 ആയി കുറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത്, ജനങ്ങള്‍ക്കിടയില്‍ മോദി വിരുദ്ധ മനോഭാവം ഉയരാന്‍ ഉതകുന്ന രീതിയിലുള്ള നിരവധി യൂട്യൂബര്‍മാരും വീഡിയോ കണ്ടന്റുകളും ഉണ്ടായി. എങ്കിലും അതെല്ലാം മോദിയുടെ പ്രശ്‌നമായിട്ടല്ല ഭരണകൂടത്തിന്റെ പ്രശ്‌നങ്ങളായിട്ടാണ് വലിയൊരു വിഭാഗം പേരും വിലയിരുത്തിയത്. തൊഴിലില്ലായ്മയും വിലക്കയറ്റവും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും ഉണ്ടെങ്കിലും മോദിയെ കുറ്റപ്പെടുത്താന്‍ പലരും തയ്യാറായില്ല. മോദി മാജിക് കുറയുന്നു എന്ന് കണക്കുകള്‍ നോക്കി പറയാനാവില്ല. അത്തരമൊരു വായന ഒരുപക്ഷേ തെറ്റായിരിക്കാം.

മൂന്നാമൂഴത്തില്‍ മോദിയെ മെരുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ അത് എളുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി അയാള്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ അതിന് ശേഷം അയാള്‍ മുറിവേറ്റ കടുവയായി പ്രതികാര ബുദ്ധിയോടെ
തന്റെ ഫാസിസ്റ്റ് വ്യക്തിത്വത്തിലേക്ക് മടങ്ങും. പകപോക്കലെന്നോണം താന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ കാഠിന്യത്തോടെ അദ്ദേഹം ചെയ്യും.

ഉദാഹരണത്തിന്, മുസ്‌ലീങ്ങളും ദളിതരും യോജിച്ച് ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തു, അവരെ ശിക്ഷിക്കാതെ അദ്ദേഹം വിടില്ല. വിയോജിപ്പുള്ളവരെ (‘അര്‍ബന്‍ നക്‌സലുകള്‍’) തടവിലാക്കാനും രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും അദ്ദേഹം മടിക്കില്ല.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഇത്തരത്തിലുള്ള ധാരാളം സൂചനകള്‍ നല്‍കിയിട്ടുണ്ട്. മോദി മറിച്ച് പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നത് നിഷ്‌കളങ്കമാണ്. സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഇന്ത്യ ഒരു വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പാതയിലാണെന്നുമുള്ള ഒരു പ്രതീതി സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിക്കും.

സാമ്പത്തിക പരിഷ്‌കരണങ്ങളും (പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭജനം, ചങ്ങാത്ത മുതലാളിമാര്‍ക്ക് പൊതുമുതല്‍ കൈമാറല്‍) എന്നിവ പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നയുടനെ വിപണിയിലുണ്ടായ ഉണര്‍വും അതിന് ശേഷമുണ്ടായ തകര്‍ച്ചയും കെട്ടിച്ചമച്ച കണക്കുകളുമെല്ലാം ജനങ്ങള്‍ കണ്ടതാണ്.

ചന്ദ്രബാബു നായിഡു, നിതീഷ്, ഏക്നാഥ് ഷിന്‍ഡെ, ചിരാഗ് പാസ്വാന്‍ തുടങ്ങിയ നാലുപേരുടെയും ജനാധിപത്യ ധാര്‍മികതയോടുള്ള പ്രതിബദ്ധത എത്രത്തോളമെന്ന് കാത്തിരുന്ന് കാണം. ജനാധിപത്യത്തിനോ നിയമവാഴ്ചയ്ക്കോ മനുഷ്യാവകാശ ലംഘനത്തിനോ ഏതെങ്കിലും ജനവിരുദ്ധ നയത്തിനോ വേണ്ടി അവര്‍ ശബ്ദമുയര്‍ത്തില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

എന്നാല്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തി മുസ്‌ലീങ്ങള്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളിലും ആദിവാസികളെയും ദളിതരെയും നക്‌സലുകളായി മുദ്രകുത്തുകയും അവര്‍ക്കെതിരെ നടത്തിയ വ്യാജ ഏറ്റുമുട്ടലിലും മനുഷ്യാവകാശ സംരക്ഷകരെ നക്സലുകളാക്കി തടങ്കലില്‍ വയ്ക്കുന്നതിനെതിരെയും അവര്‍ ശബ്ദമുയര്‍ത്തിയതായി ഇതുവരെ കണ്ടിട്ടില്ല. ഇതൊന്നും നിഷ്‌ക്കളങ്കമായ വീഴ്ചകളായി കണക്കാക്കാനുമാകില്ല.

ഉയരുന്ന ഏത് വെല്ലുവിളിയേയും തന്റെ ഹിന്ദു ദേശീയ അജണ്ടയ്ക്കെതിരായ ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയായി മോദിക്ക് എളുപ്പത്തില്‍ അവതരിപ്പിക്കാനാകും. ഭക്തരെന്ന സൈന്യത്തെ ഇളക്കിവിടാനും പലതും ആസൂത്രണം ചെയ്യാനും വേണ്ടി വന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഹിന്ദുരാഷ്ട്രമെന്ന തന്റെ ലക്ഷ്യപൂര്‍ത്തികരണത്തിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം തുനിഞ്ഞേക്കാം. അതിന് ശേഷം വലിയ ഭൂരിപക്ഷം വീണ്ടെടുത്തേക്കാം. ഇത്തരത്തിലുള്ള എല്ലാ ദുഷിച്ച കളികളേയും മുന്‍കൂട്ടി കാണാനും തടയാനും പ്രതിപക്ഷത്തിന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. മോദി 3.0 ഉയര്‍ത്താന്‍ സാധ്യതയുള്ള വലിയ അപകടങ്ങളെ തടയാന്‍ തീര്‍ച്ചയായും ഇന്ത്യാ സഖ്യത്തിന് കൂടുതല്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും ‘ ആനന്ദ് തെല്‍തുംദെ ലേഖനത്തില്‍ എഴുതി.

Content Highlight: 2024 Loksabha election analysis Anand Teltumbde

We use cookies to give you the best possible experience. Learn more