| Friday, 24th May 2024, 12:36 pm

ചെപ്പോക്കില്‍ ഇന്ന് കനലാട്ടം; ഫൈനലില്‍ രാജസ്ഥാനോ അതോ സണ്‍റൈസേഴ്‌സോ? കണക്കുകള്‍ ഇങ്ങനെ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മെയ് 22ന് നടന്ന ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ ആരാണ് ഫൈനലില്‍ എത്തുക എന്ന വമ്പന്‍ ചര്‍ച്ചകളിലാണ് ആരാധകര്‍.

2016 ഐ.പി.എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി ഹൈദരബാദ് കിരീടമണിഞ്ഞിരുന്നു. മാത്രമല്ല ഐ.പി.എല്ലില്‍ ഇതുവരെ 12 തവണയാണ് ഹൈദരബാദ് പ്ലേ ഓഫില്‍ എത്തിയത്. അതില്‍ അഞ്ച് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ലാണ് ടീം തോല്‍വി വഴങ്ങിയത്. അതില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ മൂന്ന് വിജയവും ചെയ്‌സ് ചെയ്തപ്പോള്‍ രണ്ട് വിജയവുമാണ് ടീമിനുള്ളത്.

മറുപുറത്ത് രാജസ്ഥാന്‍ 10 തവണ പ്ലേ ഓഫില്‍ എത്തിയപ്പോള്‍ അഞ്ച് വിജയവും അഞ്ച് തോല്‍വിയും ടീം നേടിയിരുന്നു.

ഇരുവരും തമ്മില്‍ 19 തവണ ഐ.പി.എല്ലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് 10 മത്സരങ്ങളില്‍ വിജയിച്ചിരുന്നു. ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് വിജയിക്കാന്‍ സാധിച്ചത്.

എന്നാല്‍ ചെപ്പോക്കില്‍ നടക്കാനിരിക്കുന്നത് 84ാം മത്സരമാണ് ഇതില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 48 തവണയും രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ 35 തവണയുമാണ് വിജയത്തിന്റെ കണക്കുകള്‍. പക്ഷെ മറ്റൊരു പ്രത്യേകത അവസാനമായി ചെപ്പോക്കില്‍ നടന്ന 10 മത്സരങ്ങളില്‍ രണ്ടാം തവണ ബാറ്റ് ചെയ്തവര്‍ ഏഴ് തവണ വിജയിച്ചെന്നാണ്. എന്തായാലും ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ടോസ് നിര്‍ണായകഘടകമാകും.

ഫൈനലിലേക്ക് മുന്നേറാന്‍ രണ്ടു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം തീപാറും എന്നുറപ്പാണ്. മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ ഹൈദരബാദിനെ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: 2024 IPL Second Qualifier RR VS SRH

We use cookies to give you the best possible experience. Learn more