ടി-20 ലോകകപ്പിലെ ഇന്ത്യ - പാക് പോരാട്ടത്തിന് വേദി ന്യൂയോര്‍ക്; ഫിക്‌സ്ചര്‍ പുറത്ത്
T20 World Cup 2024
ടി-20 ലോകകപ്പിലെ ഇന്ത്യ - പാക് പോരാട്ടത്തിന് വേദി ന്യൂയോര്‍ക്; ഫിക്‌സ്ചര്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 8:34 pm

2024 ഐ.സി.സി ടി-20 ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പുറത്ത്. ജൂണ്‍ ഒന്നിനാണ് ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ഇത്തവണത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

കഴിഞ്ഞ സീസണിലേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 20 ടീമുകളാണ് ലോകകപ്പിനായി പോരാടുന്നത്. വിവിധ ക്വാളിഫയര്‍ ടൂര്‍ണമെന്റുകള്‍ കളിച്ചാണ് പല ടീമുകളും ലോകകപ്പിന് ടിക്കറ്റുറുപ്പിച്ചത്.


 

അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.

അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ ഏഷ്യന്‍ ക്വാളിഫയേഴ്‌സ് ജയിച്ച് നേപ്പാളും ഒമാനും ലോകകപ്പിന് യോഗ്യത നേടി.

ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.

ജൂണ്‍ ഒന്നിനാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ജയിച്ചെത്തിയ കാനഡയെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഡാല്ലസാണ് വേദി.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിറങ്ങുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയ നേരിടുന്നത്.

നാല് ദിവസങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരവും നടക്കും. 2022ല്‍ മെല്‍ബണില്‍ നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

2013ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യക്ക് ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഈ കിരീട വരള്‍ച്ച 2024ല്‍ എങ്കിലും അവസാനിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ജൂണ്‍ 26നാണ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ നടക്കുന്നത്. ഗയാനയാണ് വേദി. തൊട്ടടുത്ത ദിവസം ട്രിനിഡാഡില്‍ രണ്ടാം സെമി ഫൈനല്‍ മത്സരവും നടക്കും. ജൂണ്‍ 29 ശനിയാഴ്ചയാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം. ബാര്‍ബഡോസാണ് വേദി.

 

Content Highlight: 2024 ICC T20 World Cup, Fixture out