2023 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്ക് വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കങ്കാരുപ്പട ഫൈനലിന് യോഗ്യത നേടിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 213 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ ഡക്കായാണ് ക്യാപ്റ്റന്‍ തെംബ ബാവുമ പുറത്തായത്. ഒരുവേള 24 റണ്‍സലിന് നാല് എന്ന നിലയിലേക്ക് പ്രോട്ടിയാസ് കൂപ്പുകുത്തി.
എന്നാല്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെയും ഹെന്റിച്ച് ക്ലാസന്റെയും ചെറുത്ത് നില്‍പ് സൗത്ത് ആഫ്രിക്കയെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തി. മില്ലര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികെ ക്ലാസന്‍ കാലിടറി വീണു.
അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങിയ ക്ലാസനെ ക്ലീന്‍ ബൗള്‍ഡാക്കി ട്രാവിസ് ഹെഡാണ് ഓസീസിന് ബ്രേക് ത്രൂ നല്‍കിയത്. 48 പന്തില്‍ 47 റണ്‍സാണ് ക്ലാസന്‍ നേടിയത്.
ക്ലാസന് പിന്നാലെ ക്രീസിലെത്തിയ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സനെ തൊട്ടടുത്ത പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കി ട്രാവിസ് ഹെഡ് വീണ്ടും സൗത്ത് ആഫ്രിക്കയെ ഞെട്ടിച്ചു.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഡേവിഡ് മില്ലര്‍ പാറ പോലെ ഉറച്ചുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 202ല്‍ നില്‍ക്കവെ സെഞ്ച്വറി നേടിയ മില്ലര്‍ പുറത്തായി. 116 പന്തില്‍ എട്ട് ബൗണ്ടറിയുടെയും അഞ്ച് സിക്സറിന്റെയും അകമ്പടിയോടെ 101 റണ്‍സാണ് മില്ലര്‍ നേടിയത്.
ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജോഷ് ഹെയ്സല്‍വുഡും ട്രാവിസ് ഹെഡും രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങി ഓസ്ട്രലിയക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 60 റണ്‍സാണ് ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും കൂട്ടിച്ചേര്‍ത്തത്. 18 പന്തില്‍ 29 റണ്‍സടിച്ച വാര്‍ണറിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ മിച്ചല്‍ മാര്‍ഷ് സില്‍വര്‍ ഡക്കായി പുറത്തായി.
സ്റ്റീവ് സ്മിത്തും ഹെഡും ചെറുത്തുനിന്നതോടെ ഓസീസ് സ്‌കോര്‍ബോര്‍ഡ് അനങ്ങിത്തുടങ്ങി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പ്രോട്ടിയാസ് ബൗളര്‍മാര്‍ ഓസീസിനും കാര്യങ്ങള്‍ എളുപ്പമാക്കിയില്ല.
ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നിലയുറപ്പിച്ച് ബാറ്റ് വീശിയതോടെ ഓസീസ് വിജയത്തിലേക്ക് അടിവെച്ച് നടന്നുകയറി.
2007 ലോകകപ്പിലെ സെമി ഫൈനലിന് സമാനമായാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. അന്ന് പ്രോട്ടിയാസിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയ കങ്കാരുക്കള്‍ വിജയലക്ഷ്യം ചെയ്‌സ് ചെയ്ത് ജയിക്കുകയായിരുന്നു.
ഇതോടെ നവബംര്‍ 19ന് നടക്കുന്ന ഫൈനലിനും ഓസീസ് യോഗ്യത നേടി. 2003 ലോകകപ്പിന് സമാനമായി ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനലിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
Content highlight: 2023 World Cup Semi finals, Australia defeated South Africa