| Saturday, 11th November 2023, 7:59 pm

സെമിയില്‍ ഇന്ത്യയെ തകര്‍ത്താല്‍ ന്യൂസിലാന്‍ഡിന് ഹാട്രിക്; സര്‍വശക്തിയുമെടുത്ത് ആക്രമിക്കാന്‍ കിവികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്റെ വിധി തീരുമാനിക്കപ്പെട്ടതോടെ സെമി ഫൈനല്‍ യോഗ്യത നേടി ന്യൂസിലാന്‍ഡ്. നവംബര്‍ 15ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ പോയിന്റ് പട്ടികയിലെ ഒന്നാമന്‍മാരായ ഇന്ത്യയെയാണ് ന്യൂസിലാന്‍ഡിന് നേരിടാനുള്ളത്.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്നത്. 2007 മുതല്‍ ഇതുവരെയുള്ള ലോകകപ്പിന്റെ എല്ലാ സെമി ഫൈനല്‍ മത്സരത്തിലും ന്യൂസിലാന്‍ഡ് സ്ഥാനം പിടിച്ചിരുന്നു.

2007ലും 2011ലും ശ്രീലങ്കയോടും സെമി ഫൈനലില്‍ പരാജയപ്പെട്ട കിവീസ് 2015ല്‍ സൗത്ത് ആഫ്രിക്കയെയും 2019ല്‍ ഇന്ത്യയെയും പരാജയപ്പെടുത്തിയിരുന്നു.

തുടര്‍ച്ചയായ അഞ്ചാം സെമി ഫൈനല്‍ കളിക്കുന്നതിനൊപ്പം ന്യൂസിലാന്‍ഡ് ഹാട്രിക് ഫൈനലും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയെ തോല്‍പിച്ച തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് വില്യംസണും സംഘവും ലക്ഷ്യം വെക്കുന്നത്. 2015ലും 2019ലും ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും രണ്ട് തവണയും ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

2015 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ന്യൂസിലാന്‍ഡ് 2019ല്‍ ബൗണ്ടറി കൗണ്ടിങ് റൂളിലൂടെ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് തവണയും കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം ഇത്തവണ എന്ത് വിലകൊടുത്തും സ്വന്തമാക്കാനാണ് വില്യംസണും സംഘവും ഒരുങ്ങുന്നത്. അതിന് പ്രധാന പ്രതിബന്ധമാകട്ടെ മിന്നും ഫോമില്‍ തുടരുന്ന ഇന്ത്യയും.

2023 ലോകകപ്പില്‍ ഇതുവരെ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ഇന്ത്യക്കെതിരായ സെമി ഫൈനല്‍ പോരാട്ടം ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് അല്‍പം പ്രയാസമേറിയതാണ്.

ഫിയര്‍ലെസ് അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന വിരാട് കോഹ്‌ലിയും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ബൗളിങ് യൂണിറ്റും ന്യൂസിലാന്‍ഡിന് മുമ്പില്‍ പ്രതിബന്ധം സൃഷ്ടിക്കുമെന്നുറപ്പാണ്. 2019 ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിയും ആദ്യ സെമിക്കിറങ്ങും മുമ്പ് ഇന്ത്യയുടെ മനസിലുണ്ടാകും.

മറുവശത്ത് ന്യൂസിലാന്‍ഡും ശക്തമായ നിലയിലാണ്. ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വേയും തുടക്കമിടുന്ന ഇന്നിങ്‌സിനെ മിഡില്‍ ഓര്‍ഡര്‍ മുന്നോട്ട് നയിക്കുമ്പോള്‍ ട്രെന്റ് ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിര ഏത് ടീമിനെയും വീഴ്ത്താന്‍ പോന്നവരാണ്. എങ്കിലും കടലാസിലെ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമാണ്.

ഈ ലോകകപ്പില്‍ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ മുഹമ്മദ് ഷമിയുടെ ഫൈഫറിന്റെ ബലത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. നവംബര്‍ 15നും അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. 2023 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്ന ആദ്യ ടീമാകാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഒരുങ്ങിയിറങ്ങുമ്പോള്‍ വാംഖഡെയില്‍ തീ പാറുമെന്നുറപ്പാണ്.

Content Highlight: 2023 World Cup,  India vs New Zealand Semi Final

We use cookies to give you the best possible experience. Learn more