icc world cup
നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച്, പാകിസ്ഥാനെ വീണ്ടും കരയിച്ച് അഫ്ഗാന്‍; സെമി മോഹവുമായി മുമ്പോട്ട്
2023 ലോകകപ്പിലെ 34ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റി കോംപ്ലെക്‌സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്‍ സിംഹങ്ങളുടെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്സ് 46.3 ഓവറില്‍ 179 റണ്‍സ് മാത്രമാണ് നേടിയത്. സൈബ്രന്‍ഡ് എന്‍ഗല്‍ബ്രക്ടിന്റെ അര്‍ധ സെഞ്ച്വറിയും മാക്സ് ഒ ഡൗഡിന്റെ ഇന്നിങ്സുമാണ് നെതര്‍ലന്‍ഡ്‌സിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
എന്‍ഗല്‍ബ്രെക്ട് 86 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ 42 റണ്‍സടിച്ചാണ് മാക്‌സ് ഒ ഡൗഡ് ഡച്ച് നിരയില്‍ നിര്‍ണായകമായത്. 35 പന്തില്‍ 29 റണ്‍സ് നേടിയ കോളിന്‍ അക്കര്‍മാനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദ് രണ്ടും മുജീബ് ഉര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും നേടി. ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് അടക്കം നാല് താരങ്ങള്‍ റണ്ണൗട്ടിലൂടെയാണ് പുറത്തായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയുടെയും (64 പന്തില്‍ 56) റഹ്‌മത് ഷായുടെയും (54 പന്തില്‍ 52) അര്‍ധ സെഞ്ച്വറി കരുത്തില്‍ അഫ്ഗാന്‍ അനായാസ വിജയം സ്വന്തമാക്കുകായിരുന്നു. 28 പന്തില്‍ 31 റണ്‍സടിച്ച അസ്മത്തുള്ള ഒമറാസിയും 34 പന്തില്‍ 20 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനും അഫ്ഗാന്‍ വിജയം എളുപ്പത്തിലാക്കി.
ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 9.3 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ നാലാം വിജയമാണ്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്കെത്താനും അഫ്ഗാനിസ്ഥാനായി. ഈ വിജയത്തിന് പിന്നാലെ അഫ്ഗാന്റെ സെമി പ്രതീക്ഷകളും ഇരട്ടിയായിരിക്കുകയാണ്.
പോയിന്റ് പട്ടികയിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്ന ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് ഏഴ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റ് വീതമാണുള്ളത്. നെറ്റ് റണ്‍ റേറ്റാണ് മൂവരെയും വേര്‍തിരിക്കുന്നത്.
ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ വിജയിച്ചാലോ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുത്താലോ അഫ്ഗാന് സെമി ഫൈനല്‍ കളിക്കാന്‍ സാധിച്ചേക്കും.
കരുത്തരായ രണ്ട് ടീമുകള്‍ക്കെതിരെയാണ് ഏറ്റുമുട്ടാനുള്ളത് എന്ന വസ്തുതയാണ് അഫ്ഗാന്‍ ആരാധകരെ അല്‍പമെങ്കിലും ആശങ്കയിലാഴ്ത്തുന്നത്. നവംബര്‍ ഏഴിന് ഓസ്‌ട്രേലിയക്കും നവംബര്‍ പത്തിന് സൗത്ത് ആഫ്രിക്കക്കും എതിരെയാണ് അഫ്ഗാനിസ്ഥാന് മത്സരങ്ങളുള്ളത്.
Content Highlight: 2023 World Cup; Afghanistan defeated Netherlands