2023 നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക്
World News
2023 നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th October 2023, 5:23 pm

 

2023ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോന്‍ ഫോസെയ്ക്ക്. നോര്‍വീജിയന്‍ നാടകകൃത്തും എഴുത്തുകാരനുമാണ്. നൂതന ആശയങ്ങള്‍ തന്റെ നാടകത്തിലൂടെ യോന്‍ ഫോസെ അവതരിപ്പിച്ചു എന്നാണ് നൊബേല്‍ സമിതി വിലയിരുത്തി. ശബ്ദമില്ലാത്തവരുടെ വാക്കുകളായി ഫോസെയുടെ എഴുത്തുകളെന്നും സമിതി പറഞ്ഞു.

നോര്‍വേയിലെ ഹൗഗെസണ്ടിലാണ് യോന്‍ ഫോസെ ജനിച്ചത്. ബെര്‍ഗന്‍ സര്‍വ്വകലാശാലയില്‍ നിന്നും കംപാരറ്റീവ് ലിറ്ററേച്ചറില്‍ ബിരുദം നേടി. 1983ല്‍ പ്രസിദ്ധീകരിച്ച റൗഡ്, സ്വാര്‍ട്ട് ആണ് അദ്ദേഹത്തിന്റെ ആദ്യ നോവന്‍. 1994-ല്‍ അദ്ദേഹത്തിന്റെ ആദ്യ നാടകം അഴതരിപ്പിച്ചു.

നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ലേഖനങ്ങള്‍, നാടകങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യോന്‍ ഫോസെക്ക് സംഗീതത്തിലും താല്‍പര്യമുണ്ടായിരുന്നു.

ദി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച ജീവിച്ചിരിക്കുന്ന ഏറ്റവും മിരകച്ച 100 പ്രതിഭകളുടെ പട്ടികയിലും യോന്‍ ഫോസെ ഇടംപിടിച്ചിരുന്നു. 2011-ല്‍ പ്രസിദ്ധീകരിച്ച ബൈബിളിന്റെ നോര്‍വീജിയന്‍ പരിഭാഷയായ ബിബെല്‍ 2011- ന്റെ സാഹിത്യ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു ഫോസെ.

ആന്‍ഡ്വാക്ക്, ഒലാവ്‌സ് ഡ്രൂമര്‍, ക്വെല്‍ഡ്സ്വാവ്ഡ് എന്നീ ട്രിലജികള്‍ക്ക് 2015-ലെ നോര്‍ഡിക് കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരം ഫോസെയ്ക്ക് ലഭിച്ചിട്ടുണ്ട്. 2022 ഏപ്രിലില്‍, ഡാമിയോണ്‍ സെര്‍ല്‍സ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹത്തിന്റെ നോവല്‍ എ ന്യൂ നെയിം: സെപ്‌റ്റോളജി VI-VII, അന്താരാഷ്ട്ര ബുക്കര്‍ പ്രൈസിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

Content Highlight: 2023 Nobel Prize for Literature goes to jon Fosse