ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും ആവേശമായ ഇന്ത്യ- പാക് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയത്തിളക്കത്തിന്റെയും കരുത്തുറ്റ ബാറ്റിങ് നിരയുടെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ ചരിത്ര വിജയവും സ്വന്തം തട്ടകത്തില്‍ നടക്കുന്ന കളിയുടെ ആവേശവും ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.
എന്നാല്‍ അതിനേക്കാളുപരി പാകിസ്ഥാന്‍ പേടിക്കുന്നത് രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയുമാണ്. 2019 വേള്‍ഡ് കപ്പില്‍ പാകിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ 140 റണ്‍സ് നേടി നിറഞ്ഞാടിയ രോഹിത്തും 2015 ലോകകപ്പില്‍ അഡ്ലൈഡ് ഓവലില്‍ കോഹ്ലി നേടിയ 107 റണ്‍സും ഓര്‍മയിലിരിക്കെ ഈ പ്രാവശ്യത്തെ മത്സരങ്ങളില്‍ ഇരുവരും മിന്നും ഫോമില്‍ തിരിച്ചെത്തിയത് പാക് ബൗളിങ് നിരയ്ക്ക് വലിയ വെല്ലുവിളിയാണ്. ലോകകപ്പില്‍ ആദ്യമായി പാകിസ്ഥാനോട് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം എന്ന ബഹുമതി കൂടെ കോഹ്‌ലി 2015ലെ വേള്‍ഡ് കപ്പില്‍ സ്വന്തമാക്കിയിരുന്നു.
ഓസിസുമായുള്ള മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 84 പന്തുകളില്‍ നിന്ന് 131 റണ്‍സായിരുന്നു രോഹിത് അടിച്ചു കൂട്ടിയത്.
ഓസിസിനെതിരായ കളിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ഇന്ത്യയെ കരകയറ്റിയ കോഹ്‌ലിയുടെയും കെ. എല്‍. രാഹുലിന്റെയും 165 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പറയാതെ വയ്യ. നിലവില്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, രാഹുല്‍, ഹര്‍ദിക്ക് പാണ്ഡ്യ എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റിങ് നിര.
ഡെങ്കിപ്പനിയെ തുടര്‍ന്ന് വിശ്രമത്തിലുള്ള ശുഭ്മന്‍ ഗില്‍ പരിശീലനത്തിന് ഇറങ്ങിയെങ്കിലും ടീമില്‍ ഇടം കണ്ടെത്തുമോ എന്നത് കണ്ടറിയണം.
നേരത്തെ കോഹ്‌ലിയും രോഹിതും പാക്കിസ്ഥാനോട് നേടിയത് എന്താണോ അത് ഇത്തവണ ഗില്‍ ആവര്‍ത്തിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന അഭിപ്രായപ്പെട്ടിരുന്നെങ്കിലും താരത്തിന്റെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും താരം തിരിച്ചുവരുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 134 മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 73 മത്സരത്തില്‍ പാകിസ്ഥാനും 56 മത്സരത്തില്‍ ഇന്ത്യയുമാണ് വിജയിച്ചത്. അഞ്ച് മത്സരങ്ങള്‍ ഫലമില്ലാതെയും അവസാനിച്ചു.
നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ കളികളില്‍ ജയം സ്വന്തമാക്കി എന്ന ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍ കളത്തില്‍ ഇറങ്ങുന്നത്. പക്ഷേ ലോകകപ്പിലേക്ക് വരുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് മുമ്പില്‍ സംപൂജ്യരാണ്. ഇതുവരെ കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും ഇന്ത്യയാണ് വിജയിച്ചുകയറിയത്.
Content highlight: 2023 ICC World Cup, India vs Pakistan