2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയില്‍ ആദ്യ 30 സ്ഥാനങ്ങളില്‍ ഇടം നേടാനാവാതെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നീണ്ട 20 വര്‍ഷത്തിനിടെ ആദ്യമായാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 പേരുടെ ചുരുക്കപ്പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്ഥാനം നഷ്ടമാവുന്നത്.
അഞ്ച് തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ സൂപ്പര്‍ താരം ഇത്തവണ ആദ്യ മുപ്പത് സ്ഥാനങ്ങളില്‍ പോലും ഇടംപിടിക്കാതെ പോയത് ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ആദ്യ പകുതിയോളം മാഞ്ചസ്റ്റര്‍ യുണൈറ്റടിനൊപ്പമാണ് റൊണാള്‍ഡോ കളിച്ചിരുന്നത്.എന്നാല്‍ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ റൊണാള്‍ഡോക്ക് യുണൈറ്റഡിന്റെ ആദ്യ ഇലവനില്‍ നിന്നും സ്ഥാനം നഷ്ടമായിരുന്നു. 16 മത്സരങ്ങളില്‍ 10 ല്‍ മാത്രമാണ് താരത്തിന് ആദ്യ ഇലവനില്‍ അവസരം നേടാനായത്. അതില്‍ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞു.
ഇതിനുപിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണില്‍ അല്‍ നസറിന് വേണ്ടി 16 ലീഗ് മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഖത്തര്‍ ലോകകപ്പിലും നിരാശാജനകമായ പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുത്തത്. ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് താരം നേടിയത്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റ് പുറത്താവുകയും ചെയ്തിരുന്നു. ഈ മോശമായ പ്രകടനങ്ങളാണ് റൊണാള്‍ഡോക്ക് തിരിച്ചടിയായത്.
ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കും, മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ടിനുമാണ്.
ബാലണ്‍ ഡി ഓര്‍ വിജയിയെ ഒക്ടോബര്‍ 30ന് പാരിസില്‍ വെച്ച് പ്രഖ്യാപിക്കും.
Content highlight: 2023 Ballon d’Or award list, Cristiano Ronaldo did not make it to the first 30