ന്യൂദൽഹി: 2023-24 കേന്ദ്ര ബജറ്റ് രാജ്യത്തെ ജനങ്ങൾക്ക് ആശയല്ല നിരാശയാണ് നൽകിയതെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പുതിയ ബജറ്റ് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ബി.ജെ.പി ബജറ്റിന്റെ ഒരു ദശകം പിന്നിടുകയാണ്. ഇത്രകാലമായും ചെയ്യാൻ പറ്റാത്തതൊന്നും അവർക്ക് ഈ അവസാന നിമിഷം നൽകാനുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല”, അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പിയുടെ പുതിയ ബജറ്റ് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർധിപ്പിക്കുകയാണ്. കർഷകർ, യുവത, സ്ത്രീകൾ, ബിസിനസുകാർ എന്നീ വിഭാഗങ്ങൾക്ക് ബജറ്റ് ആശയല്ല നിരാശയാണ് നൽകിയതെന്നും പുതിയ ബജറ്റ് സമ്പന്നർക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണെന്നായിരുന്നു ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടുവെന്നും രാജ്യം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു.
ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും. ജമ്മു കശ്മീർ ലഡാക്ക്, നോർത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പാൻ കാർഡ് തിരിച്ചറിയൽ കാർഡായി അംഗീകരിക്കും, രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി, ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യ രക്ഷാപദ്ധതി തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
Content Highlight: akhilesh yadav slams union budget says it gave nirasha instead of asha,