ജനീവ: ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോയും സംയോജിച്ച് താപനില കുതിച്ചുയരാന്‍ ഇടയുള്ളതിനാല്‍ 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷ കാലയളവ് ഏറ്റവും ചൂടേറിയ കാലമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. നേരത്തെ ആഗോള താപനം സംബന്ധിച്ച് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂട്, വരും വര്‍ഷങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് യു.എന്നിന് കീഴിലുള്ള ലോക കാലാവസ്ഥാ പഠന കേന്ദ്രം (World Meteorological Organization) അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
2015നും 2022നും ഇടയിലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചൂടേറിയ എട്ട് വര്‍ഷങ്ങള്‍. അതിനേക്കാള്‍ ഉയര്‍ന്ന താപനിലയായിരിക്കും അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ ഉണ്ടാവുക. 2023 മുതല്‍ 2027 വരെയുള്ള കാലയളവ് മുഴുവനായോ, അല്ലെങ്കില്‍ പ്രത്യേകിച്ച് ഏതെങ്കിലും ഒരു വര്‍ഷം മാത്രമായോ ആണ് ചൂട് വര്‍ധിക്കുകയെന്നാണ് ഡബ്ല്യു.എം.ഒ അറിയിക്കുന്നത്.
ഒരു വര്‍ഷത്തേക്കെങ്കിലും വാര്‍ഷിക ആഗോള ഉപരിതല താപനില 1.5 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കാന്‍ 66 ശതമാനം സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം 1.1 C മുതല്‍ 1.8 C വരെ താപനില ഉയര്‍ന്നേക്കും. എന്നാല്‍, ലോകത്ത് സ്ഥിരമായി ഈ താപനില തുടര്‍ന്നേക്കാനിടയില്ലെന്നാണും ഡബ്ല്യു.എം.ഒ പറയുന്നു.
66% chance that annual global surface temperature will temporarily exceed 1.5°C above pre-industrial levels for at least one of next 5 years
98% likelihood that at least one of next five years will be warmest on
record. pic.twitter.com/30KcRT9Tht
— World Meteorological Organization (@WMO) May 17, 2023
വരാനിരിക്കുന്ന മാസങ്ങളില്‍ ഒരു എല്‍ നിനോ പ്രതിഭാസം വളര്‍ന്ന് വികസിക്കുമെന്നും, ഇത് മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനവുമായി സംയോജിപ്പിച്ച് ആഗോള താപനിലയെ ഇതുവരെ കാണാനാകാത്ത അത്യുഷ്ണത്തിലേക്ക് എത്തിക്കുമെന്നുമാണ് കണ്ടെത്തല്‍. ഇത് ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജല മാനേജ്‌മെന്റ്, പരിസ്ഥിതി എന്നീ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതിനായി ലോകരാജ്യങ്ങള്‍ തയ്യാറാകേണ്ടതുണ്ടെന്നും ഡബ്ല്യു.എം.ഒ മുന്നറിയിപ്പ് നല്‍കി.
മധ്യ, കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലെ വലിയ തോതിലുള്ള ചൂടാണ് എല്‍ നിനോ. ഈ കാലാവസ്ഥാ പ്രതിഭാസം സാധാരണയായി എല്ലാ രണ്ട് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോഴും സംഭവിക്കാറുണ്ട്. അന്തരീക്ഷ താപനില കുറയ്ക്കുന്ന ലാ നിന പ്രതിഭാസമാണ് നിലവിലെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷം ഉയര്‍ന്ന താപനിലയാണ് പലയിടത്തും അനുഭവപ്പെട്ടത്.
കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നീ മൂന്ന് ഹരിതഗൃഹ വാതകങ്ങളാണ് ചൂടിനെ അന്തരീക്ഷത്തില്‍തന്നെ തടഞ്ഞുനിര്‍ത്തി ആഗോളതാപനം വര്‍ധിപ്പിക്കുന്നത്.