ലഖിംപൂരിലെ കര്‍ഷക കൊലപാതകം യു.പി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന പേടി നേതൃത്വത്തിന് ഉണ്ട്.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷക സമരത്തിനിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി നാല് കര്‍ഷകരെ ഉള്‍പ്പെടെ എട്ട് പേരെ കൊലപ്പെടുത്തിയ സംഭവം ബി,.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. അജയ് മിശ്രയെ പ്രതിരോധിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയുടെ മകനെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം വട്ടവും അധികാരത്തിലെത്താനുള്ള തീവ്രമായ ശ്രമത്തിലാണ് യോഗി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കഴിഞ്ഞ ദിവസം പദ്ധതികളുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ യോഗം നടന്നിരുന്നു.
പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നിലവില്‍ പഞ്ചാബ് ഒഴികെ ബാക്കി നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരണത്തിലുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.