| Wednesday, 19th January 2022, 5:32 pm

40 റിയാലിന് ലോകകപ്പ് കാണാം; ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് നിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: 2022 നവംബറില്‍ ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന പുരുഷന്മാരുടെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ഫുട്‌ബോള്‍ ലോകകപ്പുകളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഖത്തര്‍ ഈടാക്കുന്നത്.

40 റിയാല്‍ (800 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ സ്വദേശികള്‍ക്കാണ് 11 ഡോളറിന് (40 റിയാല്‍) ടിക്കറ്റ് വില്‍ക്കുന്നത്.

ലോകകപ്പിന്റെ 32 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതലാണ് ബുക്കിങ് ആരംഭിച്ചത്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3:30 മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഖത്തറിലെ താമസരേഖ ഹാജരാക്കുന്ന പക്ഷം 40 റിയാലിന് ടിക്കറ്റ് ലഭിക്കും. കാറ്റഗറി-നാല് വിഭാഗത്തില്‍പ്പെട്ട ടിക്കറ്റുകളായിരിക്കും ഇത്.

അതേസമയം ഫൈനല്‍ മാച്ചിന്റെ ടിക്കറ്റിന് 5850 റിയാല്‍ (ഒരു ലക്ഷം രൂപക്ക് മുകളില്‍) വരെയാണ് ഈടാക്കുന്നത്.

കാറ്റഗറി-മൂന്നില്‍ ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ 250 ഖത്തറി റിയാലിനും (69 ഡോളര്‍) ലഭിക്കും. റഷ്യയില്‍ നടന്ന ലോകകപ്പിലെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് നിരക്ക് മാത്രമാണ് ഖത്തറിലേത് എന്നാണ് റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

ഉദ്ഘാടന മത്സരം; കുറഞ്ഞ നിരക്ക്: 200 റിയാല്‍ (4,000 രൂപ) കൂടിയ നിരക്ക്: 2250 റിയാല്‍ (45,000 രൂപ)

ഗ്രൂപ്പ് മത്സരങ്ങള്‍; കുറഞ്ഞ നിരക്ക്: 250 റിയാല്‍ (5,000 രൂപ) കൂടിയ നിരക്ക്: 800 റിയാല്‍ (16,000 രൂപ)

ഫൈനല്‍ മാച്ച്; കുറഞ്ഞ നിരക്ക്: 750 റിയാല്‍ (15,000 രൂപ) കൂടിയ നിരക്ക്: 5850 റിയാല്‍ (1.20 ലക്ഷം രൂപ)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 2022 Qatar World Cup tickets prices are record low

We use cookies to give you the best possible experience. Learn more