ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ ബിഗ് ബജറ്റ് സിനിമകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളു, അല്ലെങ്കില്‍ കമേഴ്ഷ്യല്‍ സിനിമകള്‍ക്ക് മാത്രമാണ് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ കഴിയുകയുള്ളു തുടങ്ങി സിനിമ അത്രയും കാലം മുന്നോട്ട് പോയ എല്ലാ സോകോള്‍ഡ് ചിന്തകളെയും പൊളിച്ച് മാറ്റിയ വര്‍ഷമാണ് 2022.
സിനിമ സംവദിക്കുന്ന വിഷയത്തിലും മേക്കിങ്ങിലും ട്രീറ്റ്‌മെന്റിലും ഒരുപാട് മാറ്റങ്ങള്‍ ഈ വര്‍ഷം മലയാള സിനിമയില്‍ പ്രകടമായിരുന്നു. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ നായകന്മാരെക്കുറിച്ചു മാത്രമായിരുന്നു ഒരു സിനിമ ഇറങ്ങി കഴിഞ്ഞാല്‍ ചര്‍ച്ചകള്‍ വരാറുണ്ടായിരുന്നത്.
നായിക എന്ന് പറയുന്നത് സിനിമക്ക് വെറും ഒരു അലങ്കാരമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നായിക സങ്കല്‍പ്പങ്ങള്‍ വരെ മലയാള സിനിമക്ക് ഉണ്ടായിരുന്നു. പക്ഷെ 2022 ല്‍ പുറത്തിറങ്ങിയ നായികമാരെ നോക്കുകയാണെങ്കില്‍ അവര്‍ ഇതെല്ലാം തിരുത്തി കുറിച്ചിട്ടുണ്ട്.
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒറ്റക്ക് നിന്ന് സ്‌കോര്‍ ചെയ്യാനുള്ള അവസരം മിക്ക സിനിമകളിലും ഉണ്ടായിരുന്നു. അതുവരെയുള്ള സോകോള്‍ഡ് കഥാപാത്ര സൃഷ്ടിയില്‍ നിന്നും മാറ്റി സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സ് കൊണ്ട് സിനിമകളില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്ത 4 സിനിമകളെയും അതിലെ കുറച്ച് സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.
1.റോഷാക്ക്
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നവരാണ് ചിത്രത്തിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും. ബിന്ദു പണിക്കറില്‍ തുടങ്ങി സുജാതയുടെ അമ്മയായ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ശ്രീജയെ വരെ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാണ്.
ബിന്ദു പണിക്കറിനെക്കുറിച്ച് ഒന്നും പറയാനില്ല. കാരണം അവര്‍ അതുവരെ ചെയ്ത സിനിമകളെല്ലാം നമുക്ക് സുപരിചിതമാണ്. അതില്‍ നിന്നെല്ലാം മാറി
സീത എന്ന കഥാപാത്രം ബിന്ദു പണിക്കരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളില്‍ ഒന്നാണെന്ന് നിസ്സംശയം പറയാം.
മമ്മൂട്ടി എന്ന നടന്‍ സ്‌ക്രീനില്‍ ഉണ്ടെങ്കിലും ഒരു വേള അവരില്‍ മാത്രം ഒതുങ്ങി പോകുന്നതു പോലെയാണ് ബിന്ദു പണിക്കറിന്റെ പെര്‍ഫോമന്‍സും അവര്‍ ചെയ്ത കഥാപാത്രവും. വളരെ റിയലിസ്റ്റിക്കായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഏച്ചുകെട്ടലും സീതയെന്ന കഥാപാത്രത്തില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാനില്ല. റോഷാക്ക് ഇറങ്ങിയപ്പോള്‍ ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട കഥാപാത്രമാണ് സീത.
ചിത്രത്തില്‍ ഗ്രേസ് ആന്റണി അവതരിപ്പിച്ച സുജാതയൊക്കെ വളരെ റിയലിസ്റ്റിക്കാണ്. ഇവരൊക്കെ സാധാരണ സ്ത്രീകളാണ്. ജനിച്ച് വീഴുമ്പോള്‍ തന്നെ ഭയങ്കര ബോള്‍ഡോ പുരോഗമന രീതിയിലുള്ള കഥാപാത്രമോ ഒന്നുമല്ല. സാധാരണ ജീവിതവുമായി കണക്ട് ചെയ്യുന്ന രീതിയിലാണ് സംവിധായകന്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതിനെ റിയലിസ്റ്റിക്കായിട്ട് പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുന്നു. സുജാതയുടെ അമ്മയായിട്ട് അഭിനയിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ പെര്‍ഫോമന്‍സൊക്കെ വളരെ മികച്ചതാണ്.
2.ജയ ജയ ജയ ജയ ഹേ യെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിച്ച ജയയാണ് സിനിമ. സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍ക്കുട്ടിയാണ് ജയ. ചെറിയ ബജറ്റില്‍ വമ്പന്‍ താരനിരകളില്ലാത്ത ചിത്രം 2022ലെ ഏറെ പ്രശംസിക്കപ്പെട്ട സിനിമയാണ്. ജയയെ പോലെയുള്ള ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. ഹാസ്യത്തിന്റെ ഭാഷയില്‍ സിനിമ സംസാരിച്ചതുമൊത്തം സ്ത്രീകളുടെ വീര്‍പ്പു മുട്ടലിനെക്കുറിച്ചും അതിന് കാരണക്കാരനായ പുരുഷനെക്കുറിച്ചുമാണ്. സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം നല്ലൊരു സ്‌പേസ് ചിത്രത്തിലുണ്ട്. ഇതുവരെ മലയാള സിനിമ പരീക്ഷിക്കാത്ത ട്രീറ്റ്‌മെന്റായിരുന്നു സിനിമയുടേത്.
3. ഫ്രീഡം ഫൈറ്റ്
അഞ്ച് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ആന്തോളജിയാണ് ഫ്രീഡം ഫൈറ്റ്. ഒരുപാട് സ്ത്രീ കഥാപാത്രങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്. എല്ലാവര്‍ക്കും മികച്ച സ്‌പേസും സിനിമയിലുണ്ട്. രജിഷ വിജയന്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ പറയുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ഗീതു അണ്‍ചേഞ്ച്ഡിലെ ഗിതു എന്ന കഥാപാത്രം, അവതരിപ്പിച്ചത് രജിഷ വിജയനാണ്.
ജീവിതത്തില്‍ സ്വന്തം അഭിപ്രായത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് കഥാപാത്രം പ്രേക്ഷകരോട് പറയുന്നത്. പ്രണയം തുറന്നുപറയുന്ന അടുത്തനിമിഷം മുതല്‍ തന്നെ ഭരിക്കാന്‍ വരുന്ന കാമുകന് മുഖമടച്ച് മറുപടി നല്‍കുന്ന ഗീതുവിന്റെ കഥാപാത്രം വലിയ സ്വീകാര്യത നേടിയിരുന്നു.
4. അറിയിപ്പ്
മഹേഷ് നാരായണന്റെ അറിയിപ്പില്‍ ദിവ്യ പ്രഭ അവതരിപ്പിച്ച രശ്മിയെക്കുറിച്ച് പറയേണ്ടതുണ്ട്. തന്റെ മുഖം വെച്ചുള്ള അശ്ശീല വീഡിയോ പുറത്തുവരുന്നതോടെ ആദ്യം തകരുന്നത് രശ്മിയാണ്. രശ്മി അതില്‍ നിന്ന് അത്രയും പെട്ടെന്ന് തന്നെ മുക്തയാവുന്നുണ്ട്. എന്നാല്‍ തന്റെ അഭിമാനത്തിനേറ്റക്ഷതത്തില്‍ നിന്ന് രക്ഷപ്പെടാനാവാത്ത കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഹരീഷിനെയാണ് സിനിമയില്‍ പിന്നീട് കാണാനാവുക.
തന്റെ അഭിമാനം തിരിച്ചുപിടിക്കാന്‍ ഹരീഷ് നടത്തുന്ന ശ്രമങ്ങള്‍ കാരണം രശ്മി വീണ്ടും ഇരയാവേണ്ടിവരുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ അതില്‍ നിന്നും തന്റെ ആത്മദൈര്യത്താല്‍ അവളാണ് ഒടുവില്‍ പ്രേക്ഷകരുടെ ഉള്ളില്‍ നിറയുന്നതും.
2022ല്‍ പുറത്തിറങ്ങിയ 4 ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് വളരെ ചുരുക്കിയാണ് ഇവിടെ പറഞ്ഞത്. എന്നാല്‍ മികച്ച സ്ത്രീകഥാപാത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട വേറെയും ഒരുപാട് ചിത്രങ്ങളുണ്ട്. ജോ ആന്‍ഡ് ജോ, സൗദി വെള്ളക്ക, സൂപ്പര്‍ ശരണ്യ, ഇത്തരത്തില്‍ മികച്ച പെര്‍ഫോമന്‍സ് കൊണ്ട് ശ്രദ്ധേയമായ ഒരുപാട് സ്ത്രീകളെ 2022ല്‍ പുറത്തിറങ്ങിയ സിനിമകളിലൂടെ കാണാന്‍ സാധിക്കും.
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും കമന്റായിട്ട് അറിയിക്കാവുന്നതാണ്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് കൃത്യമായ സ്‌പേസ് കിട്ടാനുള്ള പ്രധാന കാരണം പ്രേക്ഷകര്‍ സിനിമയെ വിലയിരുത്തുന്നത് തന്നെയാണ്. നായിക സങ്കല്‍പങ്ങളും സര്‍വ്വം സഹയായ സ്ത്രീയില്‍ നിന്നും തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സിനിമകള്‍ അടയാളപ്പെടുത്താന്‍ തുടങ്ങിട്ടുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ വിലയിരുത്തലുകളുടെ ഫലമാണ്.
content highlight: 2022 malayalam movie and female charectors