2022-തേച്ചു മിനുക്കിയ നായക നേട്ടങ്ങള്‍; ആര്‍ക്ക് കൊടുക്കാം കുതിരപ്പവന്‍| Dmovies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കടന്നു പോകുന്ന ഓരോ വര്‍ഷവും ഒരു തിരിഞ്ഞ് നോട്ടം പതിവുള്ളതാണ്. 2022 തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. സിനിമ മേഖലയ്ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിച്ച വര്‍ഷമാണ് കടന്ന് പോകാനായി കാത്തിരിക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം നേരിട്ട പ്രതിസന്ധികളില്‍ നിന്നും മലയാള സിനിമ കര കയറിയ വര്‍ഷമാണ് 2022.

ഒരുപാട് പരീക്ഷണങ്ങളും വ്യത്യസ്തങ്ങളായ സബ്ജക്ടുകളും കൊണ്ട് തിയേറ്ററുകളിലും ഒ.ടി.ടിയിലും ആഘോഷമായിരുന്നു ഈ വര്‍ഷം. 2022ല്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വേറിട്ട പരീക്ഷണങ്ങള്‍ക്ക് തയ്യാറായ ഒരുപാട് നടന്മാരുണ്ട് ഈ വര്‍ഷം. തികച്ചും ഇവരുടെ ആറാട്ടായിരുന്നു ഈ വര്‍ഷം എന്ന് തന്നെ പറയാന്‍ സാധിക്കും. മലയാളികളുടെ നായകന്മാരെയും അവരുടെ സിനിമാ പരീക്ഷണങ്ങളെക്കുറിച്ചുമാണ് ഇന്നത്തെ വീഡിയോ…

മമ്മൂട്ടി… 2022 മമ്മൂട്ടിയുടേതാണെന്ന് തന്നെ പറയാം. പുഴു, റോഷാക്ക്, ഭീഷ്മപര്‍വം, സി.ബി.ഐ.5 തുടങ്ങിയവയായിരുന്നു ഈ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങള്‍. റോഷാക്കും ഭീഷ്മ പര്‍വവും വലിയ ഹിറ്റുകളായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിലുള്ള പരീക്ഷണങ്ങളും അഭിനവും ഏറെ ഈ വര്‍ഷം ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. റത്തീന ഡയറക്ട് ചെയ്ത പുഴുവില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായുള്ള പെര്‍ഫോമന്‍സും പ്രേക്ഷകരെ ഞെട്ടിച്ചതാണ്.

പൃഥ്വിരാജാണ് മറ്റൊരു നടന്‍. അഭിനയത്തില്‍ മാത്രമല്ല, ഡിസ്ട്രിബ്യൂട്ടറായും പ്രൊഡ്യൂസറായും സംവിധായകനായും വലിയ വിജയമാണ് ഈ വര്‍ഷം പൃഥ്വിരാജ് സ്വന്തമാക്കിയാത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശംസിക്കപ്പെട്ട ചിത്രമാണ് ജന ഗണ മന. അരവിന്ദ് സ്വാമിനാഥന്‍ എന്ന വക്കീലിന്റെ വേഷത്തില്‍ എന്‍കൗണ്ടര്‍ കില്ലിങ്ങിനെക്കുറിച്ചും ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ അസമത്വങ്ങളെക്കുറിച്ചും സംസാരിച്ച സിനിമ മികച്ച അഭിപ്രായമാണ് മലയാളം ഫിലിം ഇന്‍ഡ്ട്രിയിലും പുറത്തുമുണ്ടാക്കിയത്.

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കടുവ ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു. ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ച് വരവും കൂടിയായിരുന്നു ഈ ചിത്രം. കടുവാക്കുന്നില്‍ കുരിയാച്ചനിലൂടെ ആക്ഷനും മാസും കാണിച്ച് പൃഥ്വിരാജ് തിയേറ്റര്‍ കീഴടക്കി.

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചെത്തിയ ബ്രോ ഡാഡി ഒ.ടി.ടിയിലായിരുന്നു റിലീസ് ചെയ്തത്. സമ്മിശ്ര അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആക്ഷനും മാസും വിട്ട് കോമഡിയിലൂടെ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി.

മുരളി ഗോപി തിരക്കഥ എഴുതി, രതീഷ് സംവിധാനം ചെയ്ത തീര്‍പ്പും ഈ വര്‍ഷത്തെ പൃഥ്വിരാജ് ചിത്രമായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡായിരുന്നു വലിയ പ്രതീക്ഷയോടെ എത്തി പ്രേക്ഷകരെ നിരാശരാക്കിയ ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിന് ശോഷം സംവിധാനം ചെയ്യുന്ന ചിത്രം, പൃഥ്വിരാജിനൊപ്പം നയന്‍താര ലീഡ് റോളില്‍ എത്തുന്നു, ഇത്തരത്തില്‍ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. പ്രേക്ഷകര്‍ക്ക് വര്‍ക്കായില്ലെങ്കിലും ഗോള്‍ഡ് തങ്ങള്‍ക്ക് പ്രോഫിറ്റാണ് ഉണ്ടാക്കിയതെന്ന് കാപ്പയുടെ പ്രസ്മീറ്റില്‍ പൃഥ്വി പറഞ്ഞിരുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ പൃഥ്വിരാജ് സുകുമാരന്റെ അവസാന ചിത്രം കാപ്പ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കൊട്ട മധു എന്ന ഗുണ്ട നേതാവായാണ് പൃഥ്വി ചിത്രത്തില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്. കാന്താര, 777ചാര്‍ളി, കുമാരി, ഗോള്‍ഡ്, കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷനും ഡിസ്ട്രീബ്യൂഷനും പൃഥ്വിരാജ് തന്നെയായിരുന്നു.

2022ല്‍ ടൊവിനോ തോമസിന്റെതായി പുറത്തിറങ്ങിയത് നാല് ചിത്രങ്ങളാണ്. നാരദന്‍, വാശി, തല്ലുമാല, ഡിയര്‍ഫ്രണ്ട് തുടങ്ങിയവയാണ് ഇവ. പുറത്തിറങ്ങിയ നാല് സിനിമകളിലും പെര്‍ഫോമന്‍സ് കൊണ്ട് മികച്ച് നില്‍ക്കാന്‍ ടൊവിനോക്ക് സാധിച്ചിട്ടുണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണ് 2022ലെ ടൊവിനോ തോമസിന്റെ വലിയ വിജയം. പേര് പോലെ തന്നെ പൊളിച്ചടുക്കിയാണ് ചിത്രം 2022 കയറിയത്. മണവാളന്‍ വസിമിലൂടെ തകര്‍പ്പന്‍ വിജയമാക്കി സ്റ്റാറാവാന്‍ ടൊവിനോക്കും കഴിഞ്ഞു.

റോഡില്‍ കുഴിയുണ്ട് എന്നാലും തിയേറ്ററിലേക്ക് വന്നേക്കണേയന്ന് ഡയലോഗിലൂടെ റിലീസ് ദിനത്തില്‍ തന്നെ കുഞ്ചാക്കോ ബോബന്റെ ന്നാ, താന്‍ കേസ് കൊട് ചര്‍ച്ചയായിരുന്നു. ദേവദൂതര്‍ പാടി ഡാന്‍സ് കളിച്ച് പ്രേക്ഷകരെ കയ്യിലെടുത്ത കുഞ്ചാക്കോ ബോബനും ഈ വര്‍ഷം പരീക്ഷണങ്ങളുടെയും വിജയത്തിന്റെയും മധുരം തന്നെയായിരുന്നു.

ന്നാ, താന്‍ കേസ് കൊടിലെ കൊഴുമ്മല്‍ രാജീവനിലൂടെ വ്യത്യസ്തമായ ഗെറ്റപ്പിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഈ വര്‍ഷം അദ്ദേഹത്തിന് കഴിഞ്ഞു. ഒറ്റ്, പട, അവസാനം ഇറങ്ങിയ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പിലും മികച്ച അഭിപ്രായമാണ് താരം ഈ വര്‍ഷം സ്വന്തമാക്കിയത്. ചലച്ചിത്ര മേളകളിലും ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂമന്‍, റോഷാക്ക്, കൊത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് അലിക്കും ഈ വര്‍ഷം മികച്ചതായിരുന്നു. ഗസ്റ്റ് റോളില്‍ റോഷാക്കില്‍ എത്തിയാണ് ആസിഫ് ഞെട്ടിച്ചത്. മുഖം മൂടി ധരിച്ചെത്തിയെങ്കിലും ടീസറില്‍ തന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അതിഥി വേഷമാണെങ്കിലും ചിത്രത്തിലെ നിര്‍ണായക കഥാപാത്രമാണ് ആസിഫിന്റെ ദിലീപ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനിലൂടെയാണ് 2022നെ ആസ്ഫ് തന്റേതായാക്കിയത്. സി.പി.ഒ ഗീരീഷ് ശങ്കറായി പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റാന്‍ ആസിഫിന് കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ചിത്രത്തിനും ആസിഫിനും ലഭിച്ചത്.

തിയേറ്ററില്‍ പൊട്ടിച്ചിരിപ്പിച്ച ചിന്തിപ്പിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം നേടിയത് ബേസില്‍ ജോസഫാണ്. മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിറയുകയാണ്. ഡിയര്‍ ഫ്രണ്ടും പാല്‍തു ജാന്‍വറും ഈ വര്‍ഷം പുറത്തിറങ്ങിയ ബേസിലിന്റെ ചിത്രമാണ്. ജയഹേയിലൂടെ തിയേറ്ററില്‍ ആളെക്കൂട്ടിയ ബേസിലിനിരിക്കട്ടെ ഈ വര്‍ഷത്തെ കുതിരപ്പവന്‍. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സ് 2022ല്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട് പുരസ്‌കാരം നേടാനും ഈ വര്‍ഷം ബേസിലിന് സാധിച്ചു.

content highlight: 2022 malayalam movie and actors