| Tuesday, 11th October 2022, 12:13 pm

മമ്മൂട്ടി, കമല്‍ ഹാസന്‍, മണിരത്‌നം; കളിയാക്കലുകള്‍ക്ക് മറുപടി നല്‍കി തിരിച്ചുവരവുകളുടെ 2022

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് കാലത്തിന് ശേഷം തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ മികച്ച സിനിമകളുണ്ടായ വര്‍ഷമാണ് 2022. ഒ.ടി.ടിയിലേക്ക് ചുവട് മാറ്റിയ ആളുകള്‍ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്കയില്‍ നിന്ന് ഹൗസ് ഫുള്‍ ഷോകള്‍ക്കാണ് സംസ്ഥാനങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ആരവവും ആഘോഷങ്ങളുമായി എത്തിയ മാസ് പടങ്ങളും വ്യത്യസ്തമായ പരീക്ഷണങ്ങളും തിയേറ്ററില്‍ വിജയം സൃഷ്ടിച്ചു. വമ്പന്‍ വിജയം നേടാനാകാത്ത ചിത്രങ്ങള്‍ പോലും പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി.

ഇതിനൊപ്പം തിരിച്ചുവരവുകളുടെ വര്‍ഷം കൂടിയായി 2022നെ കണക്കാക്കാമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച.

സിനിമയിലെ പല അഭിനേതാക്കളും സംവിധായകരും കുറച്ച് നാളായി കേട്ടിരുന്ന കുറ്റപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സിനിമകളിലൂടെ മറുപടി നല്‍കി. ഇവരില്‍ പലരും കിട്ടാക്കനിയായി എഴുതിത്തള്ളിയിരുന്ന റെക്കോഡുകള്‍ നേടുന്ന കാഴ്ച കണ്ടെന്നും ഈ പോസ്റ്റുകളും ചര്‍ച്ചകളും ചൂണ്ടിക്കാണിക്കുന്നു.

മമ്മൂട്ടി, കമല്‍ ഹാസന്‍, മണിരത്‌നം എന്നീ ലെജന്‍ഡുകളുടെ മടങ്ങിവരവാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്.

ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാനാകുന്നില്ല എന്നുള്ളതായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മമ്മൂട്ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. ഭീഷ്മ പര്‍വ്വത്തിലൂടെയും ഇപ്പോള്‍ റോഷാക്കിലൂടെയും അതിനുള്ള മറുപടിയാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത റോഷാക്കും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്.

സമാനമോ ഇതിനേക്കാള്‍ രൂക്ഷമോ ആയ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് കമല്‍ ഹാസന്‍. തിയേറ്ററുകളിലെ മൂന്നാം നിര അഭിനേതാക്കളുടെ മൂല്യം പോലും കമല്‍ ഹാസനില്ലെന്നും അദ്ദേഹത്തിന്റെ പ്രതാപകാലമെല്ലാം കഴിഞ്ഞുവെന്നും പറഞ്ഞവര്‍ ഏറെയായിരുന്നു.

സിനിമകളുടെ എണ്ണം കുറഞ്ഞതും 2015ലെ തൂങ്കാവനത്തിനും 2018ലെ വിശ്വരൂപം രണ്ടാം ഭാഗത്തിനും ശേഷമുണ്ടായ ഇടവേളകളും ഈ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടി.

എന്നാല്‍ 2022ല്‍ ലോകേഷ് കനകരാജിന്റെ വിക്രത്തിലൂടെ അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയ കമല്‍ ഹാസന്‍ തിയേറ്ററുകള്‍ അടക്കിഭരിച്ചു. 420 കോടി വാരിക്കൂട്ടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമകളിലൊന്നായി മാറി.

പൊന്നിയിന്‍ സെല്‍വനിലൂടെ ഈ കോടികളക്ഷന്‍ പട്ടികയിലേക്ക് ചുവടുവെച്ച മണിരത്‌നമാണ് 2022ലെ അടുത്ത താരം. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി കണക്കാക്കപ്പെടുന്ന മണിരത്‌നത്തിനെതിരെ നിരന്തരം ഉന്നയിക്കപ്പെടുന്ന വിമര്‍ശനമാണ് കോടി ക്ലബില്‍ ഇടം നേടാനായില്ല എന്നത്.

രാജമൗലിയുടെ ബാഹുബലിക്ക് പിന്നാലെ ഈ വാദങ്ങള്‍ ശക്തമായിരുന്നു. നേരത്തെ സംവിധായകന്‍ ശങ്കറുമായിട്ടായിരുന്നു മണിരത്‌നത്തെ താരതമ്യം ചെയ്യാറുണ്ടായിരുന്നത്. ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനിലൂടെ ഇതിനെല്ലാമുള്ള മറുപടിയാണ് മണിരത്‌നം നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ മുപ്പതിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 400 കോടിയിലേറെ സ്വന്തമാക്കി കഴിഞ്ഞു. 2022ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന വിക്രത്തിന്റെ റെക്കോഡ് ഉടനടി തന്നെ പൊന്നിയിന്‍ സെല്‍വന്‍ തകര്‍ക്കുമെന്നും ഒരുപക്ഷെ ബാഹുബലിയുടെ കളക്ഷനെ വരെ തൂക്കിയടിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങള്‍ വരുന്നുണ്ട്.

അതേസമയം ഇത്തരം വിലയിരുത്തലുകള്‍ നടത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മമ്മൂട്ടിയും മണിരത്‌നവും കമല്‍ ഹാസനുമെല്ലാം സിനിമയിലെ ഇതിഹാസങ്ങളാണെന്നും ചില വര്‍ഷങ്ങളിലെ ബോക്‌സ് ഓഫീസ് റിസള്‍ട്ടുകളുടെ പേരില്‍ മാത്രം ഇവരെ വിലയിരുത്തുന്നത് അഭികാമ്യമല്ലെന്നുമാണ് ഇവരുടെ അഭിപ്രായം.

Content Highlight: 2022 is the comeback year for Mammootty, Kamal Haasan and Mani Ratnam

We use cookies to give you the best possible experience. Learn more