അക്കാര്യത്തില്‍ ഐ.പി.എല്ലിന് താഴെയാണ് ഫിഫ ലോകകപ്പ്; പവര്‍ ഓഫ് ക്രിക്കറ്റ് എന്ന് സോഷ്യല്‍ മീഡിയ
Sports News
അക്കാര്യത്തില്‍ ഐ.പി.എല്ലിന് താഴെയാണ് ഫിഫ ലോകകപ്പ്; പവര്‍ ഓഫ് ക്രിക്കറ്റ് എന്ന് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st December 2022, 8:07 am

സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തുന്ന ആരാധകരാണ് എന്നും മത്സരത്തെ ആവേശമുണര്‍ത്തുന്നതാക്കിയത്. തങ്ങളുടെ ഇഷ്ട താരത്തിനും ഇഷ്ട ടീമിനും വേണ്ടി ആര്‍പ്പുവിളിച്ചും ടീമിന്റെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ക്കായി ചാന്റ് ചെയ്തും ആരാധകര്‍ മത്സരങ്ങള്‍ ആവേശമാക്കുകയാണ്.

ഫുട്‌ബോളോ ക്രിക്കറ്റോ റഗ്ബിയോ ബാസ്‌ക്കറ്റ് ബോളോ കളിയേതുമാകട്ടെ സ്‌റ്റേഡിയത്തില്‍ ആരാധകരില്ലെങ്കില്‍ എത്രത്തോളം മികച്ച പ്രകടനം ടീമുകള്‍ പുറത്തെടുത്താലും ആ മത്സരം വിരസമായിരിക്കും. ഒരര്‍ത്ഥത്തില്‍ സ്റ്റേഡിയത്തിലെത്തുന്ന ആളുകള്‍ തന്നെയാണ് ആ മത്സരത്തെ ആവേശം കൊള്ളിക്കുന്നത്.

2022ലെ ടി-20 ലോകകപ്പിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഖത്തര്‍ ലോകകപ്പിലുമടക്കം ആരാധകരുടെ സാന്നിധ്യം ടീമിനുണ്ടാക്കുന്ന ആവേശം ചെറുതായിരുന്നില്ല. എന്നാല്‍ 2022ല്‍ ഏറ്റവുമധികം ആളുകള്‍ സ്റ്റേഡിയത്തിലെത്തി കണ്ട മത്സരം ഇതൊന്നുമല്ല. അത് ഐ.പി.എല്ലിലെ മത്സരങ്ങളാണ്!

ഐ.പി.എല്ലിന്റെ സെമി ഫൈനല്‍ – ഫൈനല്‍ മത്സരങ്ങളാണ് 2022ല്‍ ഏറ്റവുമധികം ആളുകള്‍ സ്‌റ്റേഡിയത്തിലെത്തി കണ്ടത്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരമാണ് 2022ല്‍ ഏറ്റവുമധികം ആളുകള്‍ സ്റ്റേഡിയത്തിലെത്തി കണ്ടത്.

1,04,859 ആളുകളാണ് ഫൈനല്‍ മത്സരം കാണാന്‍ ഒഴുകിയെത്തിയത്. ഏറ്റവുമധികം ആരാധരെത്തിയ ക്രിക്കറ്റ് മത്സരം എന്ന ഗിന്നസ് റെക്കോഡും 2022 ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരത്തിന് ലഭിച്ചിരുന്നു.

1,01,039 പേരായിരുന്നു ഐ.പി.എല്‍ 2022ലെ ഒരു സെമി ഫൈനല്‍ മത്സരം കാണാനെത്തിയത്.

ഈ കണക്കുകള്‍ പുറത്തുവന്നിട്ട് കുറച്ച് ദിവസമായെങ്കിലും ഇതിന്റെ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും അവസാനിച്ചിട്ടില്ല. ഫുട്‌ബോള്‍ ലോകകപ്പ് നടക്കുമ്പോഴും ക്രിക്കറ്റ് ആരാധകര്‍ ഈ സ്റ്റാറ്റുകള്‍ ആഘോഷമാക്കുകയാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഖത്തര്‍ ലോകകപ്പിലും ഈ റെക്കോഡ് തകരില്ലെന്ന് ഉറപ്പാണ്. ലോകകകപ്പില്‍ ഏറ്റവുമധികം കപ്പാസിറ്റിയുള്ളത് ഫൈനല്‍ മത്സരമടക്കം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ്. 88,966 ആണ് ലുസൈല്‍ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.

അര്‍ജന്റീന-മെക്‌സിക്കോ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഈ ലോകകപ്പില്‍ ഏറ്റവുമധികം ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയത്. ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഫുള്‍ കപ്പാസിറ്റി ക്രൗഡായിരുന്നു ആ മത്സരത്തില്‍ തങ്ങളുടെ ഇഷ്ട ടീമിനെ പിന്തുണക്കാന്‍ സ്റ്റേഡിയത്തിലേക്കെത്തിയത്.

ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ – സെര്‍ബിയ മത്സരത്തിനായിരുന്നു 2022 ലോകകപ്പില്‍ റെക്കോഡ് അറ്റന്‍ഡന്‍സ് ഉണ്ടായിരുന്നത്. 88,103 പേരായിരുന്നു കാനറികളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

ഇതിന് മുമ്പ് നടന്ന സൗദി അറേബ്യ – അര്‍ജന്റീന മത്സരത്തിലെ ലൈവ് ഓഡിയന്‍സിന്റെ റെക്കോഡ് മറികടന്നുകൊണ്ടായിരുന്നു ബ്രസീല്‍ – സെര്‍ബിയ മത്സരത്തില്‍ കാണികള്‍ സ്റ്റേഡിയത്തിലേക്കെത്തിയത്. 88, 012 പേരാണ് സൗദി – അര്‍ജന്റീന മത്സരം സ്റ്റേഡിയത്തിലെത്തി കണ്ടത്.

ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ സ്റ്റേഡിയത്തിലെത്തിയ 2022 ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമായിരുന്നു ഏറ്റുമുട്ടിയത്. ഹോം ക്രൗഡിന്റെ സകല അഡ്വാന്റേജും മുതലാക്കിയ ടൈറ്റന്‍സ് വിജയം പിടിച്ചടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല.

ബൗളിങ്ങില്‍ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ കസറിയപ്പോള്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 130 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് പാണ്ഡ്യ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന്റെയും ഹര്‍ദിക്കിന്റെയും മില്ലറിന്റെയും ഇന്നിങ്സില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. തങ്ങളുടെ ആദ്യ സീസണില്‍ തന്നെയാണ് ഐ.പി.എല്‍ കിരീടം ചൂടുന്നതെന്ന പ്രത്യേകതയും ടൈറ്റന്‍സിന്റെ ഈ നേട്ടത്തിനുണ്ടായിരുന്നു.

 

Content Highlight: 2022 IPL final holds record for most stadium attendance