national news
2024ലെ വിധി കുറിച്ചു കഴിഞ്ഞു; ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 11, 02:18 am
Friday, 11th March 2022, 7:48 am

ന്യൂ ദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധി ഇപ്പോഴേ കുറിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും കാണാന്‍ സാധിക്കും,’ മോദി പറഞ്ഞു. വോട്ടെണ്ണലിന് ശേഷം പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2019ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് കാരണം 2017-ലെ യു.പി തെരഞ്ഞെടുപ്പിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2022-ലെ യു.പിയിലെ ഈ വിജയം 2024 പൊതുതിരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യു.പിയില്‍ ബി.ജെ.പി പുതിയ ചരിത്രം കുറിച്ചു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. അതിനാല്‍ വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളായി ബി.ജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. പ്രവര്‍ത്തകര്‍ നല്‍കിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്നെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് അധികാരത്തിലേറിയിരിക്കുന്നത്. പഞ്ചാബില്‍ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചപ്പോള്‍, രണ്ട് സീറ്റുകളായിരുന്നു ബി.ജെ.പി പഞ്ചാബില്‍ നേടിയത്.

രെരഞ്ഞെടുപ്പ് നടന്ന 117 സീറ്റില്‍ 92ഉം നേടിയാണ് എ.എ.പി പഞ്ചാബില്‍ അധികാരം പിടിച്ചത്. രണ്ടാമതുള്ള കോണ്‍ഗ്രസിന് 18 സീറ്റ് മാത്രമാണുള്ളത്. ശിരോമണി അകാലി ദള്‍ നാല് ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

അതേസമയം, മുഖ്യപ്രതിപക്ഷമായി വിലയിരുത്തപ്പെട്ട കോണ്‍ഗ്രസിന്റെ അടിത്തറയിളകുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പില്‍ കണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പേ ഭരണമുണ്ടായിരുന്നത് രാജസ്ഥാനും ഛത്തീസ്ഗഢും അടക്കും മൂന്ന് സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍, തെരഞ്ഞെടുപ്പിന് ശേഷം പഞ്ചാബ് നഷ്ടപ്പെട്ട് അത് രണ്ടായി കുറഞ്ഞു. മണിപ്പൂരില്‍ എന്‍.പി.പിക്ക് പിന്നില്‍ മൂന്നാമതായാണ് കോണ്‍ഗ്രസ് ഫിനിഷ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ 403 സീറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 57 സീറ്റ് കുറഞ്ഞ് 255 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. 125 സീറ്റുമായി അഖിലേഷിന്റെ സഖ്യമാണ് ഉത്തര്‍പ്രദേശില്‍ മുഖ്യപ്രതിപക്ഷമാവുക.

തെരഞ്ഞെടുപ്പില്‍ മറ്റേത് പാര്‍ട്ടിയെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടി തന്നെയാണ്. 125 സീറ്റില്‍ 111ഉം എസ്.പി ഒറ്റയ്ക്ക് നേടിയപ്പോള്‍ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി എട്ട് സീറ്റുകളും നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 64 സീറ്റുകളാണ് എസ്.പി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.

ഗോവയിലെ 40 സീറ്റുകളില്‍ 20 ബി.ജെ.പി നേടിയപ്പോള്‍ ഉത്തരാഖണ്ഡിലെ 70ല്‍ 47ഉം, മണിപ്പൂരിലെ 60ല്‍ 32ഉം ബി.ജെ.പിക്കൊപ്പം നിന്നു.

Content Highlight: 2022 Has Decided 2024, Says PM Narendra Modi after results in Uttar Pradesh