| Friday, 8th October 2021, 4:05 pm

ഭരണകൂട ഭീകരതയെ ചോദ്യം ചെയ്തുള്ള മാധ്യമപ്രവര്‍ത്തനം; സമാധാനത്തിനുള്ള നൊബേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പൈന്‍സ് സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമായ മരിയ റസ്സേ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് 2021ലെ സമാധാന നൊബേല്‍.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിനുള്ള അംഗീകാരം എന്ന നിലയിലാണ് ഇവര്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയിരിക്കുന്നത്.

റഷ്യന്‍ ദിനപത്രമായ നൊവായ ഗസറ്റെയുടെ സ്ഥാപക എഡിറ്ററാണ് ദിമിത്രി മുറാതോവ്. ഫിലിപ്പെന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സഹ സ്ഥാപകയാണ് റസ്സേ.

ഭരണകൂടവും മറ്റ് അധികാരവര്‍ഗങ്ങളും മൂടിവെച്ച വാര്‍ത്തകളും അവരുടെ അഴിമതിയും നിര്‍ഭയം തുറന്നുകാട്ടിയതാണ് ഇരുവരും പുരസ്‌കാരത്തിനര്‍ഹരായിരിക്കുന്നത്.

വിവരാവകാശത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന വാര്‍ത്തകളാണ് റാപ്ലറിലൂടെ റസ്സേ പുറത്ത് വിട്ടത്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളുടെ നിരന്തര വിമര്‍ശകയായിരുന്ന റസ്സേയെ 2019ല്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് റസ്സേയെ തേടി നൊബേല്‍ പുരസ്‌കാരം എത്തിയിരിക്കുന്നത്.

റഷ്യയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും സര്‍ക്കാര്‍ തലത്തിലെ അഴിമതിയും പുറത്തുകൊണ്ടുവന്നതിനാണ് മുറാതോവിന് പുരസ്‌കാരം ലഭിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന പല വാര്‍ത്തകളും അന്വേഷാണാത്മക റിപ്പോര്‍ട്ടുകളിലൂടെ മുറാതോവ് പുറത്ത് കൊണ്ട് വന്നിരുന്നു.

റഷ്യന്‍ ഭരണകൂട വിമര്‍ശനത്തിന്റെ പേരില്‍ മുറാതോവിന്റെ ആറ് സഹപ്രവര്‍ത്തകര്‍ വ്യത്യസ്ത കാലയളവില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പിന്മാറാന്‍ തയ്യാറാവാതെ മുന്നോട്ട് പോയ മുറതോവിന് അര്‍ഹിച്ച അംഗീകാരമാണ് നൊബേലിന്റെ രൂപത്തില്‍ ലഭിച്ചിരിക്കുന്നത്. 2007ല്‍ ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം അവാര്‍ഡും മുറാതോവിന് ലഭിച്ചിരുന്നു.

ലോക ഫുഡ് പ്രോഗ്രാമിനാണ് കഴിഞ്ഞ വര്‍ഷം സമാധാന നോബേല്‍ സമ്മാനം ലഭിച്ചത്. ലോകമാകെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നടത്തിയ ഇടപെടലാണ് 2020 സമാധാന നൊബേലിന് ഇവരെ അര്‍ഹരാക്കിയിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 2021 Nobel Peace prize for 2 Journalists

We use cookies to give you the best possible experience. Learn more