ലോക ഫുട്ബോളിലെ പകരം വെക്കാനില്ലാത്ത ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കളിക്കളത്തിലെ പ്രകടനത്തിന്റെ കാര്യത്തിലായാലും അടിച്ചു കൂട്ടുന്ന ഗോളുകളുടെ കാര്യത്തിലായാലും ലോകമെമ്പാടുമുള്ള ആരാധകരുടെ കാര്യത്തിലായാലും ഇരുവരും ഒന്നിനൊന്നു മെച്ചം തന്നെയാണ്.
ഇരുതാരങ്ങളുടേയും കരിയറില്‍ നിര്‍ണായകമായ വര്‍ഷമായിരുന്നു 2021. ടീം മാറ്റമടക്കമുള്ള കാര്യങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയ താരങ്ങള്‍ വര്‍ഷാവസാനം വീണ്ടും സ്‌പോര്‍ട്‌സ് ലോകത്തെ വാര്‍ത്തകളില്‍ സജീവമാവുകയാണ്.
21 വര്‍ഷം കറ്റാലന്‍ പടയ്ക്കായി ബൂട്ടണിഞ്ഞ മെസി ക്യാംപ് നൗവില്‍ നിന്നും പാരീസിന്റെ മണ്ണിലേക്ക് തന്റെ തട്ടകം മാറ്റിയപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നും മാഞ്ചസ്റ്ററിലേക്കെത്തിയാണ് ആദ്യം ഇരുവരും വാര്‍ത്തകളിലിടം നേടിയത്.
എന്നാലിപ്പോള്‍ സ്‌പോര്‍ട്‌സ് കലണ്ടര്‍ അവസാനിക്കാനിരിക്കെ ഇരുവരും പഴയ ടീമുകള്‍ക്ക് വേണ്ടി നേടിയ ഗോളുകളുടെ എണ്ണം കാരണമാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
കഴിഞ്ഞ സമ്മറില്‍ ഇരുവരും ടീമുകള്‍ മാറിയെങ്കിലും ഇപ്പോഴും ബാഴ്സയ്ക്കും യുവന്റസിനും വേണ്ടി ഈ വര്‍ഷത്തില്‍ ഏറ്റുമധികം ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് ഇരുവരുടെയും പേരിലാണ്.
സമ്മറില്‍ ബാഴ്സ വിടുന്നതിന് മുമ്പ് 28 ഗോളുകളാണ് മെസി ടീമിനായി അടിച്ചുകൂട്ടിയത്. താരം ടീം വിട്ട് മാസങ്ങളായെങ്കിലും മെസിയുടെ ഗോള്‍ നേട്ടം മറികടക്കാന്‍ ബാഴ്‌സയിലെ മറ്റ് താരങ്ങള്‍ക്കൊന്നും ആയിട്ടില്ല.
രണ്ടാം സ്ഥാനത്തുള്ള ഗ്രീസ്മാന് 15 ഗോളുകളാണുള്ളത്. ബാഴ്സയുടെ ഈ വര്‍ഷത്തെ മത്സരങ്ങളെല്ലാം കഴിഞ്ഞതിനാല്‍ ഈ വര്‍ഷവും ബാഴ്സയുടെ ടോപ് സ്‌കോററായി മെസി തന്നെ ഫിനിഷ് ചെയ്യും.
ഈ വര്‍ഷം ഏഴാം ബാലന്‍-ഡി-ഓര്‍ സ്വന്തമാക്കിയ മെസി അര്‍ജെന്റീനയ്ക്ക് വേണ്ടിയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രാജ്യത്തിനായി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കാനും മെസിക്കായി.
മെസി ബാഴ്സയില്‍ നിന്നും പാരിസിലേക്ക് കൂടുമാറ്റം നടത്തി കൃത്യം മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് റൊണാള്‍ഡൊ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ചേക്കെറുന്നത്. ഏഴാം നമ്പറിന്റെ തമ്പുരാന്‍ പഴയ കളിയരങ്ങിലേക്ക് തിരികെയെത്തുന്നത് സ്‌പോര്‍ട്‌സ് ലോകത്തിലെ തന്നെ ആവേശം നിറച്ച വാര്‍ത്തകളിലൊന്നായിരുന്നു.
2021ല്‍ യുണൈറ്റഡിലേക്ക് വരുന്നതിന് മുമ്പ് യുവന്റസിനായി 20 ഗോളുകളാണ് റോണൊ അടിച്ചത്. സമ്മറില്‍ ടീം വിട്ട റൊണാള്‍ഡോയുടെ 20 ഗോളിനെ മറികടക്കാന്‍ ഇറ്റാലിയന്‍ ക്ലബ്ബിലെ മറ്റാര്‍ക്കും സാധിച്ചില്ല.
17 ഗോളുകളുമായി അല്‍വിരൊ മൊറാട്ടയാണ് രണ്ടാം സ്ഥാനത്ത്. യുവന്റസിന്റേയും ഈ വര്‍ഷത്തെ മത്സരങ്ങള്‍ അവസാനിച്ച സ്ഥിതിക്ക് യുവന്റസിന്റെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോ തന്നെ തലപ്പത്തിരിക്കും.
എല്ലാ മത്സരങ്ങളില്‍ നിന്നുമായി ഗോളുകളാണ് ഈ വര്‍ഷം ബാഴ്സ മൊത്തത്തിലടിച്ചത്. ഇതില്‍ 28 ഗോളുകളാണ് മെസി നേടിയത്. 106 ഗോളുകള്‍ അടിച്ച യുവന്റസിന്റെ 20 ഗോളുകളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: 2021 Goal-Scoring Stat Of Lionel Messi And Cristiano Ronaldo