| Sunday, 27th June 2021, 12:14 pm

2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് അത്ര എളുപ്പമാകില്ല ബി.ജെ.പിക്ക് ; കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അത്ര എളുപ്പമാകാന്‍ സാധ്യതയില്ല. ബി.ജെ.പിക്ക് തന്നെ ബോധ്യമുള്ള കാര്യമാണത്.

അതുകൊണ്ടുതന്നെ കാര്യമായ തയ്യാറെടുപ്പുക്കള്‍ ബി.ജെ.പി. തുടങ്ങിക്കഴിഞ്ഞു.

തങ്ങള്‍ക്കു മുന്നിലെ വലിയ വെല്ലുവിളിയായി ബി.ജെ.പി. കരുതുന്നത് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും വാക്‌സിനേഷനില്‍ വന്നുകൊണ്ടിരിക്കുന്ന കാലതാമസവും രാജ്യത്തെ പിടിച്ചുകുലുക്കിയ കര്‍ഷക സമരവുമാണ്.

കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന പാളിച്ചകള്‍ ബി.ജെ.പിയെ എങ്ങനെ ബാധിച്ചുവെന്ന് നേരത്തെ തന്നെ പാര്‍ട്ടി വിലയിരുത്തിയിരുന്നു.

കര്‍ഷക സമരത്തിന് ഇതുവരെ പരിഹാരം കാണാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടുമില്ല. ഇത് രണ്ടും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ബി.ജെ.പിക്ക് മറ്റൊരു വെല്ലുവിളി
ഉയര്‍ത്തുന്നത് യോഗി ആദിത്യ നാഥാണ്. യു.പിയിലെ അവസ്ഥയില്‍ ബി.ജെ.പിക്ക് കടുത്ത അതൃപ്തിയുണ്ട്.

എന്നാല്‍ യോഗിയെ മാറ്റാനും ബി.ജെ.പിക്ക് സാധിക്കില്ല. യോഗിയെ തന്നെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടി.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പഞ്ചാബ് ഒഴികെയുള്ള ബാക്കി നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി. വലിയൊരു ശക്തി തന്നെയാണ്.

ഏറെ ആശങ്കകള്‍ ഉണ്ടെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ബി.ജെ.പി. ആരംഭിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള വന്‍നിരയാണ് തെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നതായും വിവരമുണ്ട്.

ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, നരേന്ദ്ര സിംഗ് തോമര്‍, സ്മൃതി ഇറാനി, കിരണ്‍ റിജ്ജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.

കഴിഞ്ഞതവണത്തെ പോലെ വിജയം ഇത്തവണ എളുപ്പമായിരിക്കില്ലെന്ന് ബി.ജെ.പിക്കകത്തു തന്നെ വിലയിരുത്തല്‍ ഉണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 2021 Election, Crisis of BJP

We use cookies to give you the best possible experience. Learn more