കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുുപ്പ് ഒരുക്കങ്ങളിലേക്ക് തിരിഞ്ഞ് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന് മമത അറിയിച്ചു. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് മമതയുടെ ശ്രമം.
തെരഞ്ഞെടുപ്പ് പരിപാടികള്‍ ഏകോപനം ചെയ്യാനും തന്ത്രങ്ങള്‍ മെനയാനും മമത ഏഴംഗ കോര്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി. അഭിഷേക് ബാനര്‍ജി, ഫിര്‍ഹാദ് ഹക്കിം, ഷുവേന്ദു അധികാരി, കല്യാണ്‍ ബാനര്‍ജി, സുബ്രത ഭക്ഷി, പാര്‍ത്ഥ ചാറ്റര്‍ജി, ശന്ത ഛേത്രി എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍ കമ്മറ്റിയിലുള്ളത്. 2021ലാണ് പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
പാര്‍ട്ടിയുടെ ജില്ലാ നേതൃത്വങ്ങളിലും അഴിച്ചുപണി നടത്താനാണ് മമതയുടെ തീരുമാനം. 2019ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് പരാജയപ്പെട്ട ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി മികച്ച നേതാക്കളെ ഇറക്കാനാണ് ശ്രമം.
അടുത്ത തെരഞ്ഞെടുപ്പില്‍ എസ്.ടി വിഭാഗത്തില്‍നിന്നുള്ളവരെ കൂടുതല്‍ സീറ്റുകളിലേക്ക് പരിഗണിച്ചേക്കും.
ഇതിന്റെ ആദ്യപടിയെന്നോണം ലാല്‍ഗഢ് പ്രക്ഷോഭത്തിന്റെ അമക്കാരനായിരുന്ന ആദിവാസി നേതാവ് ഛത്രാദര്‍ മഹതോയെ സംസ്ഥാന കമ്മറ്റിയിലേക്ക് പരിഗണിച്ചിട്ടുണ്ട്. മുന്‍ മാവോയിസ്റ്റ് നേതാവാണ് ഇദ്ദേഹം.
ലോക്‌സഭാ എംപി മഹുവ മൊയ്ത്രയെയാണ് നാദിയ ജില്ലാ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരവും സംസ്ഥാന കായിക മന്ത്രിയുമായ ലക്ഷ്മി രത്തന്‍ ശുക്ലയ്ക്കാണ് ഹൗറയുടെ ചുമതല. രാജ്യസഭാ എം.പി അര്‍പിത ഘോഷിനു പകരം ഗൗതം ദാസിനെയാണ് ദക്ഷിണ ദിനാജ്പൂര്‍ ജില്ലാ പ്രസിഡന്റായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പശ്ചിമ മിഡ്നാപ്പൂരില്‍ ആയിരത്തിലധികം ബി.ജെ.പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് അടിസ്ഥാനത്തില്‍ നടത്തിയ പരിപാടികളുടെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും എത്തിയത്.
പിണ്ഡറായി ബ്ലോക്കില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലായി നടന്ന പരിപാടികളില്‍ ബി.ജെ.പി, സി.പി.ഐ.എം പാര്‍ട്ടികളില്‍ നിന്നുള്ള 350ലധികം പ്രവര്‍ത്തകര്‍ തൃണമൂലിലെത്തി.
സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗന്ധാര്‍പൂരില്‍ 300ലധികം പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ.എം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് ബംഗാള്‍ ഭരണകക്ഷിയില്‍ ചേര്‍ന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക