വീണ്ടും അഭിമാനനേട്ടം: കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗനിയന്ത്രണ അവാര്‍ഡ്
Kerala News
വീണ്ടും അഭിമാനനേട്ടം: കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗനിയന്ത്രണ അവാര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th September 2020, 11:11 pm

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യു.എന്‍.ഐ.എ.ടി.എഫ് എല്ലാ വര്‍ഷവും മികച്ച ജീവിത ശൈലീ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ്. കേരളത്തിന് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്.

2020ല്‍ ഐക്യരാഷ്ട്ര സഭ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 7 രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്.

റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈല ഫേസ്ബുക്കില്‍ പ്രതികരിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാതലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലി രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Kerala Won UNIATF Award