2020 എന്ന വര്‍ഷം അവസാനിക്കുകയാണ്. ബോളിവുഡ് സിനിമാലോകത്തെ സംബന്ധിച്ച് പോയ വര്‍ഷം ഒട്ടേറെ പ്രാധാന്യങ്ങള്‍ നിറഞ്ഞതായിരുന്നു. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും നിരവധി സംഭവങ്ങള്‍ ബോളിവുഡിലുണ്ടായി. താരസിംഹാനങ്ങളില്‍ ഇരുന്ന പലരും ചോദ്യം ചെയ്യപ്പെട്ടു, ജനങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങിയ പലരും അവഗണിക്കപ്പെട്ടു, അവഹേളിക്കപ്പെട്ടു. മരണങ്ങള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു, അടിപതറാതെ പലരും പിടിച്ചു നിന്നു, പലരും ഭരണകൂടത്തെ നേര്‍ക്കുനേര്‍ നിന്ന് വിമര്‍ശിച്ചു. ചിലര്‍ സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായി.
കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളാല്‍ രാജ്യം നീണ്ടകാലം നിശ്ചലാവസ്ഥയില്‍ കഴിഞ്ഞിരുന്ന 2020 എന്ന വര്‍ഷത്തില്‍ ബോളിവുഡിലുണ്ടായ സുപ്രധാന സംഭവവികാസങ്ങള്‍ പരിശോധിക്കുകയാണിവിടെ.
പൗരത്വ നിയമവിരുദ്ധ സമരങ്ങളെത്തുടര്‍ന്ന് 2020 ജനുവരിയില്‍ ദല്‍ഹിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം ഉണ്ടായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ സമരങ്ങളോട് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വന്ന ബോളിവുഡ് താരം ദീപിക പദുക്കോണ്‍ 2020തിന്റെ തുടക്കത്തില്‍ തലക്കെട്ടുകളില്‍ ഇടം പിടിച്ചു.
സമരവേദിയിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പത്ത് മിനിട്ട് ചെലവഴിച്ച് തിരിച്ചുപോയ ദീപികയ്ക്ക് പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി. കേന്ദ്രസര്‍ക്കാറിനെതിരായ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ നല്‍കിയെന്ന ഒറ്റ കാരണത്താല്‍ സംഘപരിവാറിന്റെ ശത്രുപട്ടികയില്‍ ദീപിക ഇടം പിടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ജെ.എന്‍.യു സന്ദര്‍ശനത്തിന് പിന്നാലെ ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി നേതാക്കളുടെ ആഹ്വാനമുണ്ടായി.
ആസിഡ് അറ്റാക്കിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ വെള്ളിത്തിരയിലെത്തിച്ച ദീപികയുടെ സിനിമ ചപാക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ ബോയ്ക്കോട്ട് ചപക്ക് എന്ന ക്യാമ്പയിനുകള്‍ സൃഷ്ടിക്കപ്പെട്ടു. തുക്ടേ തുക്ടേ ഗ്യാങ്ങിനെ പിന്തുണച്ച ദീപികയുടെ സിനിമകള്‍ തങ്ങള്‍ ഇനി കാണില്ലെന്ന് പറഞ്ഞുകൊണ്ട് മോദിസര്‍ക്കാര്‍ അനുകൂലികള്‍ രംഗത്തുവന്നു. എന്നാല്‍ ബഹിഷ്‌കരണ ആഹ്വാനങ്ങളെയും ഭീഷണികളെയും മറികടന്ന് ചപക്ക് 2020 ജനുവരി പത്തിന് തീയ്യറ്ററുകളിലെത്തി. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.
നടി അനുഷ്‌ക ശര്‍മ നിര്‍മാണം നിര്‍വഹിച്ച പാതാള്‍ലോക് എന്ന വെബ് സീരീസിനു നേരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത് മെയ് മാസത്തിലായിരുന്നു. പാതാള്‍ ലോകിലെ ചില സീനുകളില്‍ ഹിന്ദുവിരുദ്ധതയുണ്ടെന്നായിരുന്നു ആരോപണം. ഹിന്ദുഫോബിക് ആയ വെബ്സീരിസിനെ ബോയ്ക്കോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പയിനുകളും പൊട്ടിപ്പുറപ്പെട്ടിരുന്നു. പാതാള്‍ ലോകിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ നന്ദ കിഷോര്‍ ഗുര്‍ജാര്‍ തന്റെ ഫോട്ടോ സീരീസില്‍ ഉപയോഗിച്ചുവെന്നാരേപിച് അനുഷ്‌കക്കെതിരെ പരാതി നല്‍കുകയായിരുന്നു. ദല്‍ഹി ബി.ജെ.പി യൂണിറ്റും പാതാള്‍ ലോകിനെതിരെ പരാതിയുമായി രംഗത്ത് വന്നു.
ബോളിവുഡ് സിനിമാ താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയായിരുന്നു ഹിന്ദി സിനിമാലോകത്തെ പിടിച്ചു കലക്കിയ മറ്റൊരു സംഭവം. ജൂണ്‍ മാസത്തില്‍ നടന്ന ആത്മഹത്യയെത്തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതവും രാഷ്ട്രീയ ചായ്വും വ്യക്തിപരമായ വിദ്വേഷങ്ങളുമെല്ലാം വലിയ ചര്‍ച്ചകളായി മാറി. താരങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്ന പരിഗണനയും അവസരങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട് തപ്സി പന്നു, കങ്കണ റണൗത്ത്, റവീണ ടണ്ടന്‍, അങ്കിത ലോകാന്തെ തുടങ്ങി മുഖ്യധാരയില്‍ ഉള്ളവരും അല്ലാത്തവരുമായ നിരവധി നടീനടന്‍മാര്‍ രംഗത്തു വന്നു.
കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, കപൂര്‍ ഫാമിലി എന്നിവര്‍ക്കെതിരെയെല്ലാം ഗുരുതരമായ സ്വജനപക്ഷപാത ആരോപണങ്ങള്‍ തന്നെയുണ്ടായി. കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, ആലിയ ഭട്ട് തുടങ്ങി താരകുടുംബങ്ങളിലെ ഒട്ടനവധി അഭിനേതാക്കളുടെ താരമൂല്യത്തെ ആരോപണങ്ങള്‍ വലിയ രീതിയില്‍ തന്നെ ബാധിച്ചു. സുശാന്തിന്റെ ആത്മഹത്യ സ്വജനപക്ഷപാത ആരോപണങ്ങളില്‍ മാത്രം ഒതുങ്ങാതെ മറ്റ് വിഷയങ്ങളിലേക്കും കടന്നു ചെന്നു.
നടന്റെ ആത്മഹത്യ കൊലപാതകമാണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തു വന്ന നടി കങ്കണ റണൗത്ത് വിമര്‍ശനങ്ങളും വെല്ലുവിളികളും വിവാദങ്ങളും കൊണ്ട് ബോളിവുഡില്‍ ചരിത്രം സൃഷ്ടിച്ചു. സ്വജനപക്ഷപാതത്തിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങളും ചൂടുപിടിച്ചു. ബോളിവുഡിലെ ഭൂരിഭാഗം നടീനടന്‍മാരും മയക്കുമരുന്നിന് അടിമകളാണെന്ന കങ്കണയുടെ നിരന്തര പരാമര്‍ശങ്ങള്‍ ദിവസങ്ങളോളം മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളായി മാറി.
കങ്കണയുടെ ഓരോ ട്വീറ്റുകളിലും ബോളിവുഡില്‍ യുദ്ധസമാനമായ സംഭവങ്ങള്‍ ഉണ്ടായി. നടീനടന്‍മാര്‍ ചേരിതിരിഞ്ഞ് പോരിനിറങ്ങി. ആദ്യ ഘട്ടങ്ങളില്‍ ബോളിവുഡിലെ ഗോഡ്ഫാദര്‍മാര്‍ക്കു നേരെ തൊടുത്തുവിട്ട കങ്കണയുടെ ആരോപണങ്ങള്‍ മെല്ലെ തപ്സി പന്നു, അനുരാഗ് കശ്യപ്, സ്വര ഭാസ്‌ക്കര്‍, ദീപിക പദുക്കോണ്‍ തുടങ്ങി സംഘപരിവാര്‍ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന നടീ നടന്‍മാര്‍ക്ക് നേരെയുമുണ്ടായി. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വരെ കങ്കണ തുടക്കമിട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോടും ശിവസേനയോടുമെല്ലാം ഏറ്റുമുട്ടുകയും ബി.ജെ.പി സര്‍ക്കാറിനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്ന കങ്കണയെയാണ് പിന്നീട് സിനിമാലോകം കണ്ടത്. വര്‍ഗീയ പരാമര്‍ശങ്ങളും കലാപാഹ്വാനവും നടത്തുന്നുവെന്ന് കങ്കണയ്ക്കു നേരെ നിരന്തരം പരാതികള്‍ ഉയര്‍ന്നു. ഉദ്ദവ് സര്‍്ക്കാര്‍ കങ്കണയെ പ്രധാന ശത്രുവായി കണക്കാക്കി നേരിട്ടുപോന്നു. തിരിച്ചു കങ്കണയും.
വ്യാജപ്രചരണങ്ങള്‍ നടത്തുന്ന, നടീനടന്‍മാര്‍ക്ക് നേരെ മോശം പദങ്ങള്‍ ഉപയോഗിക്കുന്ന, വര്‍ഗീയത പറയുന്ന, കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന് പറയുന്ന, തന്നെ വിമര്‍ശിക്കുന്ന നടീ നടന്‍മാരെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുന്ന മോദിയെയും ട്രംപിനെയുമെല്ലാം വാനോളം പുകഴ്ത്തുന്ന കങ്കണയെയാണ് ഇപ്പോഴും ബോളിവുഡ് കണ്ടുകൊണ്ടിരിക്കുന്നത്.
അനധികൃതമായി പണിതുവെന്നാരോപിച്ച് കങ്കണയുടെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചു മാറ്റുക വരെയുണ്ടായി. കങ്കണയ്ക്ക് വേണ്ട എല്ലാ സുരക്ഷാ സജ്ജീകരണങ്ങളുമൊരുക്കി ബി.ജെ.പി സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുവെന്നതാണ് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം.
ബി.ജെ.പി സര്‍ക്കാറിന്റെ ആക്രമണം ഏറ്റുവാങ്ങിയ മറ്റൊരു വ്യക്തി സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കുനാല്‍ കമ്രയായിരുന്നു. സര്‍ക്കാറിന്റെ വിവാദപരമായ ഓരോ പ്രവര്‍ത്തികളെയും വിമര്‍ശിച്ച കുനാല്‍ കമ്രയയെും കേന്ദ്രവും സംഘപരിവാറും വിടാതെ പിന്തുടര്‍ന്നുവെന്നു വേണം പറയാന്‍. കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റു നയങ്ങള്‍ക്കെതിരെയും കാര്‍ഷിക നിയമത്തിനെതിരെയുമെല്ലാം പ്രത്യക്ഷമായി രംഗത്തുവന്നയാളാണ് കുനാല്‍ കമ്ര. അര്‍ണബ് ഗോസ്വാമിയുടെയും കങ്കണയുടെയുമെല്ലാം വര്‍ഗീയപരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്ത് ബോളിവുഡില്‍ കുനാലും വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചു.
2020 ന്റെ ഒടുക്കത്തില്‍ അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ലക്ഷ്മി എന്ന സിനിമയെ ചൊല്ലിയായിരുന്നു ബോളിവുഡില്‍ മറ്റൊരു
വിവാദം ഉണ്ടായത്. ലക്ഷ്മി ബോംബ് എന്നായിരുന്നു രാഘവ ലോറന്‍സ് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ പേര്. ഈ പേര് ഹിന്ദു മതവികാരത്തെയും വിശ്വാസങ്ങളെയും സംസ്‌കാരത്തെയും മുറിപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് സിനിമയ്ക്കു നേരെ ഹിന്ദു സംഘടനകളുടെ ആക്രമണമുണ്ടായത്.
2020 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇപ്പോഴും ബോളിവുഡ് സിനിമാലോകം ചര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.