ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയിലും വിലക്കുകളിലും വലഞ്ഞ കശ്മീരിന്റെ ചിത്രം പകര്‍ത്തി പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് 2020 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്.
തിങ്കളാഴ്ചയാണ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പുലിറ്റ്‌സര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയ ദാന കാനഡി തന്റെ വീട്ടിലിരുന്ന് ലൈവ് സ്ട്രീമിംഗിലൂടെയായിരുന്നു പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
‘ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍’ പകര്‍ത്തിയതിനാണ് ഇത്തവണത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള പുരസ്‌കാരം കശ്മീരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയതെന്ന് പുലിറ്റ്‌സറിന്റെ വെബ്‌സൈറ്റില്‍ കുറിച്ചു.
പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥകളെ ക്യാമറകളില്‍ പകര്‍ത്തുകയായിരുന്നു ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍മാര്‍.
കശ്മീരിലെ പ്രധാന നഗരമായ ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാരാണ് യാസിനും മുക്താര്‍ ഖാനും. ജമ്മു കശ്മീര്‍ ജില്ലയിലാണ് ആനന്ദ് ജോലിചെയ്യുന്നത്.
ഇവരുടെ ചിത്രങ്ങള്‍ ‘പ്രധാന്യമര്‍ഹിക്കുന്നതും ഗംഭീരവു’മാണെന്നാണ് അസോസിയേറ്റ് പ്രസിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഗാരി പ്ര്യൂട്ട് പറഞ്ഞത്.
ശ്രീനഗറില്‍ പൊലീസുമായി നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ കശ്മീരി യുവാവ് ഇന്ത്യന്‍ പൊലീസിന്റെ വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടി കല്ലെറിയുന്ന ചിത്രമാണ് ദാര്‍ യാസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
ഇന്ത്യന്‍ പട്ടാളക്കാര്‍ എറിഞ്ഞതെന്നു കരുതപ്പെടുന്ന മാര്‍ബിള്‍ ബോളുകൊണ്ട് വലതു കണ്ണിന് പരിക്കേറ്റ മുനീഫ നാസിര്‍ എന്ന ആറു വയസ്സുകാരിയുടെ ചിത്രമാണ് മുക്താര്‍ ഖാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.