വനിതാ ടി-20 ലോകകപ്പിലെ പോരാട്ടത്തിന് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇന്ത്യയെയാണ് നേരിടുന്നത്. സിഡ്നിയില്‍ ഇന്ത്യന്‍ സമയം പകല്‍ 1.30നാണ് മത്സരം.
കടലാസിലും കരുത്തിലും ഏറെ മുന്നിലാണ് ഓസീസ്. സന്തുലിതമാണ് ടീം. ക്യാപ്റ്റന്‍ മെഗ് ലാനിംഗ് നയിക്കുന്ന ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ക്കും.
ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ മെഗ് ലാനിംഗിന്റെ പേരിലാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ലാനിംഗ് തന്നെ. വിക്കറ്റ് കീപ്പര്‍ അലീസ ഹീലി, ബെത് മൂണി, ആഷ്ലി ഗാര്‍ഡ്നെര്‍ എന്നിവരും ബാറ്റിംഗില്‍ മികച്ച ഫോമിലാണ്.
ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഓസീസ് താരമാണ് മുന്നില്‍. 33 മത്സരങ്ങളില്‍ 36 വിക്കറ്റ് നേടിയ സൂപ്പര്‍ താരം എലിസ് പെറി ഓസീസ് ബൗളിംഗിന്റെ കുന്തമുനയാകും. ബൗളിങ് നിരയില്‍ പേസര്‍ ടയ്ല വ്‌ലാമെനിക്ക് പരിക്കുകാരണം പിന്മാറിയതാണ് ഓസീസ് നേരിടുന്ന ഏക തിരിച്ചടി.
മറുവശത്ത് ബാറ്റിംഗിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓപ്പണര്‍ സ്മൃതി മന്ദാനയില്‍ നിന്ന് തുടങ്ങുന്ന ബാറ്റിംഗ് നിരയില്‍ ജെമി റോഡിഗ്രസും വെടിക്കെട്ട് താരം ഷഫാലി വര്‍മ്മയും മികച്ച ഫോമിലാണ്. നായിക ഹര്‍മന്‍ പ്രീത് കൗര്‍ കൂടി ചേരുന്നതോടെ ബാറ്റിംഗിലെ ന്യൂനതകള്‍ പരിഹരിക്കാം. ടി-20 ലോകകപ്പില്‍ കഴിഞ്ഞ തവണ സെഞ്ച്വറി നേടിയ ഹര്‍മന്‍ ഇത്തവണയും മികച്ച ഫോമിലാണ്.
വാലറ്റത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന വേദ കൃഷ്ണമൂര്‍ത്തിയുടെ ഫോമില്‍ മാത്രമാണ് ആശങ്ക നിലനില്‍ക്കുന്നത്. ജൂലന്‍ ഗോസ്വാമിയുടെ അഭാവത്തില്‍ ശിഖ പാണ്ഡെയാണ് ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുന്നത്. എന്നാല്‍ മറ്റൊരു പേസറെ കണ്ടെത്താനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. സ്പിന്നര്‍മാരെ അമിതമായി ആശ്രയിക്കേണ്ടിവരുന്നുവെന്നതാണ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നേരിടുന്ന പ്രശ്‌നം.
ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്നത്. ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആദ്യമത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്താനായാല്‍ വരുംമത്സരങ്ങളില്‍ ടീമിന് ആത്മവിശ്വാസം പകരും