ന്യൂദൽഹി: പൗരത്വ പ്രക്ഷോഭകരെ ലക്ഷ്യം വെച്ച് ദൽഹിയിൽ നടന്ന വംശീയ കലാപത്തിൽ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ആറ് പേരെ കോടതി കുറ്റവിമുക്തരാക്കി. വടക്കുകിഴക്കൻ ദൽഹിയിൽ 2020 ൽ നടന്ന കലാപത്തിനിടെ തീവെപ്പ്, കലാപം, മോഷണം എന്നിവ നടത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
2020 ഫെബ്രുവരി 25ന് അവർ ശിവ് വിഹാറിലെ ഒരു വീട് കൊള്ളയടിക്കുകയും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്‌തെന്നാണ് ആരോപണം.
ഹാഷിം അലി, അബൂ ബക്കർ, മുഹമ്മദ് അസീസ്, റാഷിദ് അലി, നിസാമുദ്ദീൻ, മുഹമ്മദ് ദാനിഷ് എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല കുറ്റവിമുക്തരാക്കിയത്.
കലാപത്തിനിടെ ഹിന്ദുത്വവാദികൾ ആക്രമിച്ച് തകർത്ത ശിവ് വിഹാറിലെ മദീന മസ്ജിദ് മുതവല്ലിയാണ് ഹാഷിം അലി. അദ്ദേഹത്തിന്റെ വീടും ആക്രമികൾ തകർത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ഹാഷിം അലി ഹിന്ദുത്വ സംഘടനകൾക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഹാഷിം അലിക്കെതിരെ കേസ് എടുക്കുകയാണുണ്ടായത്.
നടപടി വ്യാപക വിമർശനത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതുൾപ്പടെയുള്ള കേസിലാണ് കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.
കലാപവും ആയുധം കൊണ്ടുള്ള ആക്രമണവും സംബന്ധിച്ച 148, 380 , 427, 435, 436, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കരാവൽ പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഇവർക്കെതിരെ പ്രോസിക്യൂഷൻ ഡിജിറ്റൽ വീഡിയോ തെളിവുകൾ ഹാജരാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ ഈ വീഡിയോ ക്ലിപ്പുകളിൽ ഇവരുടെ സാന്നിധ്യം വ്യക്തമല്ലെന്നും സാക്ഷികൾ ആരും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർ ശാസ്ത്രീയ പരിശോധനയിലൂടെ കുറ്റാരോപിതരുടെ രേഖാചിത്രവുമായി വീഡിയോ താരതമ്യം ചെയ്‌തെങ്കിലും സാമ്യം കണ്ടെത്താനായില്ല.
‘കുറ്റാരോപിതർക്കെതിരെയുള്ള തെളിവുകൾക്ക് ഇവർ കുറ്റക്കാരനെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഈ ആറുപേരും വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സ്ഥാപിക്കാൻ യാതൊരു തെളിവും ഇല്ല. കുറ്റാരോപിതരുടെ കോൾ റെക്കോർഡുകളും കലാപം നടക്കുമ്പോൾ ഉണ്ടായിരുന്ന സമയത്തെ ലൊക്കേഷനും പരിശോധിച്ചെങ്കിലും കുറ്റകൃത്യത്തിലുള്ള അവരുടെ പങ്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല. ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ ഇവരെ വെറുതെ വിടുകയാണ്,’ കോടതി വിധിയിൽ പ്രസ്താവിച്ചു.
കുറ്റാരോപിതർ കലാപത്തിന്റെ ഇരകളാണെന്നും ഇവരുടെ വീടുകളും മറ്റ് സ്വത്ത് വകകളും നഷ്ടമായിട്ടുണ്ടെന്നും ഇവർക്ക് വേണ്ടി വന്ന അഭിഭാഷകൻ വാദിച്ചു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആണ് ഇവരുടെ കേസുകൾ നടത്തിയത്.
കുറ്റാരോപിതർക്ക് വേണ്ടി സലിം മാലിക്, ഷമീം അക്തർ എന്നീ അഭിഭാഷകരാണ് ഹാജരായത്. കോടതി വിധിയെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന മഹുമൂദ് ആസാദ് മദനി സ്വാഗതം ചെയ്തു. ദൽഹി കലാപവുമായി ബന്ധപ്പെട്ട 250 ഓളം കേസുകൾ ആണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നടത്തുന്നത്.
Content Highlight: 2020 delhi riots court acquits six men accused theft arson charges