| Sunday, 17th March 2019, 10:34 am

എറണാകുളത്ത് കെ.വി തോമസിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; നീക്കങ്ങള്‍ ടോം വടക്കന്റെ നേതൃത്വത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് സിറ്റിംഗ് എം പി കെ.വി തോമസിനെ മത്സരിപ്പിക്കാന്‍ നീക്കം. ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ കെ. വി തോമസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബി. ജെ.പി സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ വിഷയം ഉന്നയിച്ചേക്കാം. കേന്ദ്രനേതൃത്വം കെ. വി തോമസിനെ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സിറ്റ് നഷ്ടപ്പെട്ടതില്‍ കെ.വി തോമസ് പരസ്യമായി എതിര്‍പ്പറിയിച്ചിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹം ബി. ജെ.പി യിലേക്ക് എന്ന വാര്‍ത്ത വരുന്നത്.

ALSO READ: കെ.വി തോമസ് കോണ്‍ഗ്രസ് വിടില്ല, അദ്ദേഹത്തെ ആരും അവഹേളിക്കില്ല: ഉമ്മന്‍ചാണ്ടി

ഇന്ന് സോണിയാ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്രസമിതിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചത്. എന്നാല്‍ അതിനോടുള്ള തോമസിന്റെ പ്രതികരണം അറിഞ്ഞ സോണിയ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തോമസിനെ വസതിയിലേക്ക് വിളിച്ചത്.

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെയാണ് പുറത്തിറക്കിയത്. 12 പേരടങ്ങിയ ആദ്യ ഘട്ട പട്ടികയാണ് പുറത്തിറക്കിയത്. എറണാകുളത്ത് സിറ്റിങ് എം.പി കെ.വി തോമസിന് സീറ്റ് നല്‍കിയില്ല. ഹൈബി ഈഡന്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകും. ഇതിനെതിരെയാണ് കെ.വി തോമസ് രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more