ചെന്നൈ: ഐ.പി.എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ ലുംഗി എങ്കിടി ഐ.പി.എല്ലില്‍ നിന്ന് പുറത്തായതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ശ്രീലങ്കയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന മത്സരത്തിനിടെയാണ് എങ്കിടിക്ക് പരിക്കേറ്റത്.
ന്യൂലാന്‍ഡ്സില്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ എങ്കിടി പാതിവഴിയില്‍ ബൗളിംഗ് നിര്‍ത്തിയിരുന്നു. മത്സരശേഷം സ്‌കാനിംഗില്‍ പരിക്ക് വ്യക്തമാകുകയായിരുന്നു. നാല് ആഴ്ചത്തെ വിശ്രമമാണ് എങ്കിടിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ വ്യക്തമാക്കി.
പരിക്കേറ്റ താരം തിരിച്ചെത്താന്‍ വൈകുമെന്നും ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ ഡോ. മുഹമ്മദ് മൂസാജി വ്യക്തമാക്കി.
സീസണില്‍ ചെന്നൈ ബോളിംഗ് അറ്റാക്കിനെ നയിക്കുന്നത് ലുംഗി എങ്കിടിയായിരിക്കും എന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി 7 മത്സരങ്ങള്‍ കളിച്ച് 11 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് എങ്കിടി. മികച്ച രീതിയില്‍ പന്തെറിഞ്ഞ താരത്തിന്റെ എക്കണോമി റേറ്റ് 6.00 മാത്രമായിരുന്നു.
എങ്കിടിക്ക് പകരം മറ്റൊരു താരത്തെ തേടുകയാണ് ടീം ചെന്നൈ. നേരത്തെ പരിക്കേറ്റ കൊല്‍ക്കത്തയുടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ത്തെയും ഐ.പി.എല്ലില്‍ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലായിരുന്നു എങ്കിടി കളിച്ചത്. മാര്‍ച്ച് 23ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
https://twitter.com/KaranArjunSm/status/1108198571793211393