ആലപ്പുഴ ലോക്‌സഭാ മണ്ഡലം കേരളത്തില്‍ രാഷ്ട്രീയ പോരാട്ടം നടക്കുന്ന അപൂര്‍വ്വം ചില മണ്ഡലങ്ങളില്‍ ഒന്നാണ്. ജാതി-മത സമവാക്യങ്ങള്‍ക്ക് അന്തിമവിധിയില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ കഴിയാത്ത മണ്ഡലങ്ങളെ ആണ് പൊതുവില്‍ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
കൊല്ലം,ആലപ്പുഴ, പാലക്കാട്, ആലത്തൂര്‍, കോഴിക്കോട്, കണ്ണൂര്‍, വടകര, കാസര്‍ഗോഡ് മണ്ഡലങ്ങളെ ആണ് പ്രത്യക്ഷത്തില്‍ ഈ ഗണത്തില്‍പ്പെടുത്താവുന്നത്. ഇതിന് ഒരു അപവാദമായി പറയാവുന്നത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.എസ് മനോജ് എന്ന് പേരുള്ള ഒരു അജ്ഞാതനായ ഡോക്ടറെ ലത്തീന്‍ കത്തോലിക്കാ വോട്ടുകളില്‍ കണ്ണുനട്ട് ഇറക്കി ജയിപ്പിച്ചത് മാത്രമാണ്.
ALSO READ: ത്രികോണെ ത്രികോണെ തിരുവനന്തപുരം
കമ്മ്യൂണിസത്തിന്റെ കേരളത്തിലെ മാതൃഭൂമി കണ്ണൂര്‍ ആണെങ്കില്‍ അതിനും ഒരു പതിറ്റാണ്ട് മുന്‍പ് സംഘടിത തൊഴിലാളി വര്‍ഗ്ഗം അതിന്റെ ശക്തി കാണിച്ച പ്രദേശമാണ് അമ്പലപ്പുഴ,ചേര്‍ത്തല,കാര്‍ത്തികപ്പള്ളി താലൂക്കുകള്‍. വാടപ്പുറം ബാവ എന്നൊരു സാധാരണ തൊഴിലാളി ആണ് കേരളത്തിലെ തന്നെ ആദ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനു ബീജാവാപം ചെയ്തത്.
എന്നാല്‍ തൊഴിലാളികളുടെ കേസ് വാദിക്കാന്‍ എത്തിയ ടി.വി തോമസ് എന്ന ചെറുപ്പക്കാരനായ അഭിഭാഷകന്‍ കൂടി നേതൃനിരയിലേക്ക് എത്തിയതോട് കൂടി വല്ലാത്ത ഒരു പ്രഹരശേഷിയിലേക്ക് ഉയര്‍ന്ന പാരമ്പര്യമാണ് ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തിന് ഉള്ളത്.
ഒട്ടും മോശമല്ലാത്ത പാരമ്പര്യം ദേശീയ പ്രസ്ഥാനത്തിനും ആലപ്പുഴയില്‍ ഉണ്ട്. പ്രത്യേകിച്ചും വ്യാപാര നഗരമായ ആലപ്പുഴയില്‍ കയര്‍ വ്യവസായികളുടെയും കച്ചവടക്കാരുടെയും നല്ല പിന്തുണ എക്കാലത്തും കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. നാല്‍പ്പതുകളിലും അന്‍പതുകളുടെ ആദ്യഭാഗത്തും ഉണ്ടായ വലിയ തൊഴിലാളി മുന്നേറ്റങ്ങളില്‍ പകച്ചുപോയെങ്കിലും പില്‍ക്കാലത്ത് വിമോചനസമര കാലഘട്ടങ്ങളില്‍ അതിന്റെ ഒരു പ്രധാന കേന്ദ്രമായി ആലപ്പുഴ മാറി.
ഇരുവിഭാഗങ്ങളിലും ആയി ശക്തരായ അനേകം നേതാക്കളെ ആലപ്പുഴ പ്രസവിച്ചു. ടി.വി തോമസിനെ കൂടാതെ കെ.ആര്‍ ഗൗരി, ആര്‍ സുഗതന്‍, വി.എസ് അച്യുതാനന്ദന്‍, സി.കെ ചന്ദ്രപ്പന്‍ തുടങ്ങി ഒരുപിടി കമ്മ്യൂണിസ്റ്റ് നേതാക്കളെയും എ.കെ ആന്റണി വയലാര്‍ രവി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെയും ആലപ്പുഴ ഇന്ത്യക്ക് സംഭാവന ചെയ്തതാണ്.
ആര്‍.എസ്.എസിന് വേരോട്ടമുള്ള പ്രദേശങ്ങള്‍ ജില്ലയില്‍ ഉണ്ടെങ്കിലും ബി.ജെ.പി ഏറ്റവും ദുര്‍ബലമായ ഒരു ജില്ലയാണ് ആലപ്പുഴ. ഒരുപക്ഷേ ആര്‍.എസ്.എസ് ഉള്ളയിടങ്ങളില്‍ ബി.ജെ.പിക്ക് വേര് പിടിക്കുവാനുള്ള സാധ്യത കുറവാണ് എന്നൊരു സാമൂഹിക നിരീക്ഷണം സാധ്യമാണ്.
കണ്ണൂരിന് സമാനമായി തലവെട്ടി കൊലപാതകങ്ങള്‍ എണ്‍പതുകളുടെ ആദ്യപാദത്തില്‍ തന്നെ നടന്ന പ്രദേശങ്ങള്‍ ആലപ്പുഴയില്‍ ഉണ്ട്. അതിനുള്ള ആര്‍.എസ്.എസിന്റെ ശേഷി പൊതുസമൂഹത്തില്‍ ബി.ജെ.പിക്ക് എതിരായി ഭവിക്കുന്ന ഒരു കാഴ്ചയാണ് ആലപ്പുഴയില്‍ ഉണ്ടായി വന്നിട്ടുള്ളത്.
വരുത്തരുടെ മണ്ഡലമാണ് ആലപ്പുഴ എന്ന് ഒരു നിരീക്ഷണം സാധ്യമാണ്. മണ്ഡലത്തിനു പുറത്തുള്ള പി.ടി പുന്നൂസ്, പി.കെ.വി, കെ.ബാലകൃഷ്ണന്‍, വി.എം സുധീരന്‍, വക്കം പുരുഷോത്തമന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ആലപ്പുഴയില്‍ നിന്നും വിജയിച്ചു കയറിയിട്ടുണ്ട്. ആലപ്പുഴ സ്വദേശമായ വിജയികള്‍ മൂന്നു പേര്‍ പേര്‍ മാത്രമാണ്. ആലപ്പുഴയില്‍ നിന്നും എം.പിമാര്‍ ആയിട്ടുള്ള സുശീല ഗോപാലന്‍, ടി.ജെ ആഞ്ചലോസ്, കെ.എസ് മനോജ് എന്നിവര്‍ ആലപ്പുഴ സ്വദേശികളാണ്.
പക്ഷേ ഇത്തവണ ഇടതു-വലതു സ്ഥാനാര്‍ഥികള്‍ ആലപ്പുഴ സ്വദേശികളാണ്. ആലപ്പുഴ നഗരപ്രദേശങ്ങളില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചവരാണ്. ആലപ്പുഴ നഗരസഭയിലേക്ക് ജയിക്കുകയും ചെയര്‍പേഴ്‌സണ്‍ ആവുകയും ചെയ്ത ആളാണ് ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍. ആലപ്പുഴയില്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും പിന്നീട് അരൂര്‍ മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആളാണ് ആരിഫ്.
സമകാലീന ചരിത്രം വരെ ബി.ജെ.പിക്ക് ഒരു പ്രാധാന്യവും ഇല്ലാതിരുന്ന മണ്ഡലമാണ് ആലപ്പുഴ. അതില്‍ ഒരു മാറ്റം ഉണ്ടാകുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്-ബി.ജെ.പി മുന്നണിയില്‍ വന്നതോടുകൂടിയാണ്. ഏറ്റവുമധികം ഈഴവ വോട്ടര്‍മാര്‍ ഉള്ള മണ്ഡലമാണ് ആലപ്പുഴ. എന്നുകരുതി ആ വിധത്തിലുള്ള പക്ഷാഭേദം ഒന്നും മണ്ഡലം കാണിക്കാറില്ല. എന്നുമാത്രമല്ല ഈഴവ സമുദായത്തില്‍ ജനിച്ച ആള്‍ ആണെങ്കിലും എസ്.എന്‍.ഡി.പി നേതൃത്വത്തോട് കലഹിച്ച സുധീരനാണ് പലതവണ ഇവിടെ എം.പി ആയത്.
2014 ല്‍ രാജ്യത്തെമ്പാടും മോദി തരംഗം ഉണ്ടായ കാലത്ത് ബി.ജെ.പി നേടിയ നാല്‍പ്പത്തി മൂവായിരത്തില്‍പരം വോട്ടുകളാണ് നിലവില്‍ ലോകസഭയിലേക്ക് അവരുടെ ഏറ്റവും വലിയ വോട്ട് ഷെയര്‍. പക്ഷേ 2016ലെ വോട്ടിങ് പാറ്റേണ്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ബി.ഡി.ജെ.എസ് വന്നതോടുകൂടി ഏതാണ്ട് ഒരു ലക്ഷത്തോളം വോട്ടുകള്‍ ആ മുന്നണി അധികം നേടി.
ALSO READ: കീഴാള സമരങ്ങള്‍ ഭാരമാകുന്നത് വിദ്യാര്‍ഥികള്‍ക്കല്ല, സവര്‍ണ ഹൈന്ദവ ഭരണകൂടത്തിനാണ്
പക്ഷേ ആ വോട്ടുകളില്‍ സിംഹഭാഗവും നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ നിന്നാണ്. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളില്‍ ശരാശരി ഭൂരിപക്ഷം 5000 മുതല്‍ ആറായിരം വരെ ആണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ ഭൂരിപക്ഷമാണ് ചില മണ്ഡലങ്ങളിലെങ്കിലും ഉണ്ടായത്. അതില്‍ ഈഴവ വോട്ടുകള്‍ നിലനിര്‍ത്താന്‍ ആയത് ചേര്‍ത്തല മണ്ഡലത്തില്‍ മത്സരിച്ച ശരത്തിന് മാത്രമാണ്.
ഈ പ്രവണത തുടര്‍ന്നാല്‍ യു.ഡി.എഫിന് ഒരു സാധ്യതയും ആലപ്പുഴ മണ്ഡലത്തില്‍ ഇല്ല. എന്നാല്‍ ഈ പ്രവണത തുടരും എന്നതിന് ഉറപ്പുമില്ല.
ചാര്‍ട്ട് ശ്രദ്ധിക്കുക
പക്ഷേ മറ്റൊരു ഭീഷണി കൂടി യു.ഡി.എഫിന് ആലപ്പുഴയില്‍ ഇത്തവണ നേരിടേണ്ടി വന്നേക്കാം. ആലപ്പുഴയിലെ വോട്ടര്‍മാരില്‍ ഒരു പ്രധാന വിഭാഗം ആണ് ധീവര സമുദായം. ആ സമുദായത്തില്‍ നിന്നുമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസുകാരനും ആയ കെ.എസ് രാധാകൃഷ്ണന്‍ വരുന്നത്.
പരമ്പരാഗതമായി യു.ഡി.എഫ് അനുകൂല വോട്ടുകള്‍ ആണ് ധീവര സമുദായത്തിന്റെത്. ആ വോട്ടുകള്‍ രാധാകൃഷ്ണന് അനുകൂലമായി നീങ്ങിയാല്‍ ഒരുപക്ഷേ ആരിഫും ഷാനിമോളും തമ്മിലുള്ള പോരാട്ടത്തില്‍ ആരിഫിന് അനുകൂലമായ നിര്‍ണായകമായ ഒരു ഘടകമായി അത് മാറും. ഏതു സാഹചര്യത്തിലും ബി.ജെ.പി സഖ്യം ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് പിടിക്കാന്‍ ഇത്തവണ സാധ്യതയില്ല. പക്ഷേ ആ പിടിക്കുന്ന വോട്ടുകളുടെ കോമ്പോസിഷന്‍ ഇത്തവണ നിര്‍ണായകമാകും.
ജനപ്രീതിയുടെ കാര്യത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ആരിഫിന് വടക്കന്‍ പ്രദേശങ്ങളില്‍ ഗണ്യമായ മുന്‍തൂക്കമുണ്ട്. രണ്ടുപേരും മുസ്ലിം സമുദായത്തില്‍ നിന്ന് വരുന്നവര്‍ ആയതുകൊണ്ട് ആ സമുദായത്തിന്റെ വോട്ട് ഭിന്നിക്കും. എങ്കിലും പാരമ്പര്യമായി കോണ്‍ഗ്രസ് അനുകൂല വോട്ട് ബാങ്ക് ആണ് ആ സമൂഹം എന്നത് ഇത്തവണയും അങ്ങനെ തന്നെ തുടരാനാണ് സാധ്യത.
ALSO READ: ഉമ്മ തന്ന പാക്കിസ്ഥാന്റെ താക്കോല്‍
മറ്റു രണ്ട് നിര്‍ണായക സമുദായങ്ങള്‍ നായര്‍ സമുദായവും ലത്തീന്‍ സമൂഹവുമാണ്. രണ്ടു സമുദായങ്ങളില്‍ നിന്നും അടപടലം വോട്ടുകള്‍ ഏതെങ്കിലും ഭാഗത്തേക്ക് നീങ്ങും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതേസമയം തന്നെ എന്‍.എസ്.എസിന്റെ മാനസിക പിന്തുണ യു.ഡി.എഫിനൊപ്പം ആകാനാണ് സാധ്യത. അത് വലിയതോതില്‍ വ്യത്യാസമൊന്നും വരുത്തുവാന്‍ സാധ്യതയുള്ള ഘടകമായി ഈ ഘട്ടത്തില്‍ പരിഗണിക്കുവാന്‍ കഴിയുകയില്ല. അല്ലെങ്കില്‍ ശക്തമായ അടിയൊഴുക്ക് ആയി ശബരിമല വിഷയം തെക്കന്‍ കേരളത്തില്‍ ഉണ്ടാകണം.
കഴിഞ്ഞതവണ തന്നെ കായംകുളം ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും കെ.സി വേണുഗോപാല്‍ മുന്‍തൂക്കം നേടി എങ്കിലും ഹരിപ്പാട് മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടായിരുന്നത്. ബാക്കിയിടങ്ങളില്‍ ചെറിയ ലീഡുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മത്സരിക്കില്ല എന്ന് കടുംപിടുത്തത്തില്‍ ഉറച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രിപദ മോഹം മാത്രമല്ല തോല്‍ക്കുമെന്ന ഭയം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അനുമാനിക്കുന്നത്.
കോണ്‍ഗ്രസിന്റെ പവര്‍ഹൗസ് ആയി വിരാജിക്കുന്ന സമയത്ത് അത്തരമൊരു പരാജയം അദ്ദേഹത്തിന് വ്യക്തിപരമായി വലിയ തിരിച്ചടിയാകും എന്നത് നിസ്സംശയം പറയാവുന്നതാണ്.
ചുരുക്കത്തില്‍ ഇടതുപക്ഷത്തിന് ഒരു ചെറിയ മുന്‍തൂക്കം ഈ ഘട്ടത്തിലെങ്കിലും ഉള്ള മണ്ഡലമായി തന്നെ ആലപ്പുഴയെ ഗണിക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്ല സംഘടനാ ശേഷിയുള്ള ഒരു ജില്ല എന്ന നിലയില്‍ വളരെ ശക്തമായ രീതിയില്‍ പ്രചരണം മുന്നോട്ടു കൊണ്ടുപോകുവാന്‍ നിലവില്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.
ചെറുപ്പക്കാരനായ എം.ലിജു ആണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍. വിഷയങ്ങളില്‍ ഇടപെടാനും സംസാരിക്കാനും കഴിവുള്ള ഒരു ചെറുപ്പക്കാരനാണ് ലിജു. പക്ഷേ സംഘടനാപാടവം തെളിയിക്കുവാന്‍ ഇതുവരെ കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ നിലവിലെ സാഹചര്യം ജയിച്ചു കയറുക എന്നത് ലിജുവിന് തന്റെ ജീവിതത്തില്‍ എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒരു നേട്ടമായിരിക്കും. അത്രത്തോളം വെല്ലുവിളി കോണ്‍ഗ്രസ് നേരിടുന്നുണ്ട്.