| Wednesday, 20th March 2019, 4:57 pm

ത്രികോണെ ത്രികോണെ തിരുവനന്തപുരം

രാധേയന്‍

സംസ്ഥാനത്തെ പോര്‍നിലങ്ങളില്‍ ഏറ്റവും ചൂരും ചൂടും എവിടെയാണ് എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാവുന്ന ഒരു മണ്ഡലമാണ് തിരുവനന്തപുരം. അത്ര പെട്ടെന്നൊന്നും ആര്‍ക്കും വഴങ്ങാത്ത സാമൂഹിക മന:ശാസ്ത്രമാണ് ഈ തലസ്ഥാനനഗരത്തിന്. കോയ്മകളോടുള്ള വിധേയത്വവും ജാതി-മത-രാഷ്ട്രീയത്തിനുള്ള പ്രാധാന്യവും ഇനിയും പൊളിഞ്ഞു വീഴാന്‍ മടിക്കുന്ന ഫ്യൂഡല്‍ സെറ്റപ്പുകളും ഒക്കെ ചേരുന്ന വൈചിത്ര്യത്തെയാണ് തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ മന:സാക്ഷി എന്ന് വിളിക്കുന്നത്.

കെ. കരുണാകരന്‍

പല കാലങ്ങളില്‍ തിരുവനന്തപുരത്തിന്റെ മനോനിലയെ ഗ്രഹിക്കുവാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ചിലര്‍ അതില്‍ ചിലപ്പോഴൊക്കെ വിജയിച്ചിട്ടുമുണ്ട്. അതില്‍ അഗ്രഗണ്യന്‍ കരുണാകരനായിരുന്നു. നീലലോഹിതദാസന്‍ നാടാരെയും ചാള്‍സിനെയും ശിവകുമാറിനെയും കളത്തിലിറക്കി വിജയിപ്പിച്ച കരുണാകരന്‍. 1977 മുതല്‍ ഇവിടെ മത്സരിക്കുന്ന സി.പി.ഐ പലപ്പോഴും ആവനാഴിയിലെ ഏറ്റവും മികച്ച അസ്ത്രം തന്നെ ഉപയോഗിച്ചാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.

നീലലോഹിതദാസന്‍ നാടാരും ചാള്‍സും

വലിയ പേരുകളോട് ഒരു കമ്പമുണ്ട് തിരുവനന്തപുരത്തിന്. വി.കെ കൃഷ്ണമേനോന്‍, എം.എന്‍, കെ.വി സുരേന്ദ്രനാഥ്, പി.കെ.വി, ഒടുവില്‍ ശശി തരൂര്‍. പക്ഷേ ഇക്കുറി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ തന്നെ അങ്കം കുറിക്കുമ്പോള്‍ ഫലപ്രവചനം ഏറ്റവും അസാധ്യമായ മണ്ഡലങ്ങളില്‍ ഒന്നായി തിരുവനന്തപുരം മാറുന്നു.

കുമ്മനം രാജശേഖരന്‍

ഒരുപാട് ഘടകങ്ങള്‍ ഇഴ പിരിച്ചാല്‍ മാത്രമേ തിരുവനന്തപുരത്തിന്റെ മനസ്സില്‍ എന്താണ് എന്ന് ഊഹിക്കാന്‍ പോലും കഴിയൂ. നഗരപ്രദേശങ്ങളില്‍ ബി.ജെ.പിക്ക് ഗണ്യമായ സ്വാധീനം ഉണ്ട് എന്നത് വസ്തുതയാണ്. പക്ഷേ നഗരം വിട്ടു വരുമ്പോള്‍ ഇത് നിലനിര്‍ത്തുവാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. ബി.ജെ.പിയെ സംബന്ധിച്ച് അവര്‍ക്ക് കിട്ടാവുന്ന നല്ല ഒരു സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരന്‍. എങ്കിലും ഏതെങ്കിലും വിധത്തില്‍ തന്റെ കഴിവ് തെളിയിച്ച ഒരാളാണ് അദ്ദേഹം എന്ന് അടുത്ത സുഹൃത്തുക്കള്‍ പോലും പറയില്ല. തന്റെ എതിര്‍സ്ഥാനാര്‍ത്ഥികളോട് താരതമ്യം ചെയ്യുമ്പോള്‍ കുമ്മനത്തിന് ഒരു ട്രാക്ക് റെക്കോര്‍ഡ് ഇല്ല എന്ന് തന്നെ പറയേണ്ടിവരും. ഉള്ളതില്‍ തന്നെ നിലയ്ക്കല്‍, മാറാട് പോലെയുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ നിഴലിച്ച് നില്‍ക്കുന്നു.

സി.ദിവാകരന്‍ താന്‍പോരിമയുള്ള, അത് മറച്ചു പിടിക്കാന്‍ ആഗ്രഹം ഇല്ലാത്ത, നേതാവാണ്. സി.കെ ചന്ദ്രപ്പന്റെ മരണശേഷവും പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞശേഷവും തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ അസംതൃപ്തി ഒട്ടും പതുക്കെ പറയാത്ത ആളാണ് അദ്ദേഹം. ഈ ഘട്ടങ്ങളില്‍ ഒക്കെയും തന്നോട് താല്‍പര്യമില്ലാതിരുന്ന പാര്‍ട്ടി സംവിധാനം മുഴുവന്‍, തന്നെ ഒരു പോരാളിയായി മുന്നില്‍ നിര്‍ത്തുന്നതില്‍ ദിവാകരന് ചെറുതല്ലാത്ത സന്തോഷമുണ്ട്.

സി.ദിവാകരന്‍

മന്ത്രിയെന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. വെളിയം ഭാര്‍ഗവനോടും ഒരു പരിധിവരെ വി.എസ് അച്യുതാനന്ദനോടും മാത്രമാണ് സമകാലിക രാഷ്ട്രീയത്തില്‍ ദിവാകരന്‍ മയപ്പെട്ടു നിന്നിട്ടുള്ളത്. അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം ചിന്തിക്കാറുമില്ല. ഗുണമായും ദോഷമായും ഭവിക്കാന്‍ ഇടയുള്ളതാണ് ദിവാകരന്റെ പ്രകൃതം.

ശശി തരൂര്‍ ഒരു അന്താരാഷ്ട്ര നാമമാണ്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലാകാന്‍ വരെ കഴിവുള്ളയാള്‍. അതിനുവേണ്ടി ശ്രമിച്ച് പരാജയപ്പെട്ട ഘട്ടത്തിലാണ് പത്തുവര്‍ഷംമുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കടന്നുവന്നത്. അതുവരെ നിരന്തരമായി കോണ്‍ഗ്രസിനെയും അതിന്റെ നെഹ്‌റു-ഗാന്ധി തായ്‌വഴികളെയും തന്റെ പുസ്തകങ്ങളിലൂടെ നിരന്തരമായി വിമര്‍ശിച്ചു പോന്നിരുന്ന തരൂര്‍ ഒരു ഖദര്‍ രാഷ്ട്രീയക്കാരന് ആവശ്യമായ മെയ് വഴക്കം ആര്‍ജിച്ചത് വളരെ പെട്ടെന്നായിരുന്നു.

ശശി തരൂര്‍

ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് താരതമ്യേനേ എളുപ്പത്തില്‍ ജയിച്ചു കയറിയ തരൂര്‍ അല്ല ഇപ്പോള്‍. രണ്ടാമങ്കം ജയിച്ചപ്പോള്‍ തന്നെ തനിക്ക് മാത്രമായി ചില അനുകൂല ഘടകങ്ങള്‍ ഉണ്ട് എന്ന് സ്ഥാപിക്കുവാന്‍ തരൂരിന് കഴിഞ്ഞിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും അഗ്‌നിപരീക്ഷ മറികടക്കുവാന്‍ തരൂര്‍ ആശ്രയിക്കുക മുഖ്യമായും ആ ഘടകങ്ങളെ തന്നെയായിരിക്കും.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കോവളം എന്നിങ്ങനെ മൂന്ന് യു.ഡി.എഫ് മണ്ഡലങ്ങളും കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാറശാല എന്നിങ്ങനെ 3 എല്‍.ഡി.എഫ് എം.എല്‍.എമാരുള്ള മണ്ഡലങ്ങളും കഴിഞ്ഞ തവണത്തെ ലോകസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന രാജഗോപാല്‍ ജയിച്ച നേമവും ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം ലോകസഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സഞ്ചിത വോട്ട് നോക്കിയാല്‍ ഇടതുപക്ഷത്തിന് 3,76,599 വോട്ടുകളും യു.ഡി.എഫിന് 3,16,132 വോട്ടുകളും ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിന് 2,68,555 വോട്ടുകളും ഉണ്ട്.

ഇടതുപക്ഷത്തിന് ഈ കണക്കില്‍ ഏതാണ്ട് അറുപതിനായിരം വോട്ടുകളുടെ മുന്‍തൂക്കം യു.ഡി.എഫിനോട് ഉണ്ടെങ്കില്‍ ഏതാണ്ട് 1,08,000 വോട്ട് ബി.ജെ.പിയെക്കാള്‍ കൂടുതല്‍ ഉണ്ട്. ഈ വോട്ടുകള്‍ സ്ഥിരനിക്ഷേപം ആണെന്ന് കരുതാന്‍ വയ്യ. പക്ഷേ കഴിഞ്ഞ തവണ ശശി തരൂരിനും രാജഗോപാലിനും ഇടയില്‍ ചിതറിത്തെറിച്ച ബെന്നറ്റ് വിരുദ്ധ വോട്ടുകള്‍ സ്ഥായിയായി നഷ്ടപ്പെട്ടത് അല്ല എന്ന് തെളിയിക്കുവാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.

മുന്നോട്ടുപോകുമ്പോള്‍ ഇത് നിലനിര്‍ത്തുവാന്‍ ഇടതുപക്ഷത്തിന് കഴിയുമോ? സി ദിവാകരന്‍ എന്ന തിരുവനന്തപുരത്തിന് സുപരിചിതനായ ട്രേഡ് യൂണിയന്‍ നേതാവിനെ കളത്തില്‍ ഇറക്കുമ്പോള്‍ ഇടതുപക്ഷം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും.

ഏതാണ്ട് 34 ശതമാനം വോട്ട് സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വിജയിച്ചു വരും എന്നതാണ് പൊതുവില്‍ ഉള്ള ധാരണ. ശക്തമായ ത്രികോണ മത്സരത്തില്‍ മൂന്നു ലക്ഷത്തി മുപ്പതിനായിരത്തിനു മുകളില്‍ വോട്ട് സമാഹരിക്കാന്‍ ആകും എല്ലാ സ്ഥാനാര്‍ഥികളും ലക്ഷ്യമിടുക.

രാജഗോപാലിന് ഒരു വര്‍ഗീയ പരിവേഷം ഇല്ലായിരുന്നു. മാത്രമല്ല വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് ചെയ്ത ചില കാര്യങ്ങള്‍ അദ്ദേഹത്തിന് നല്ല പ്രതിച്ഛായ നല്‍കിയിരുന്നു. പൊതുവില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ മടിയുള്ള ആളുകളുടെ വോട്ടുകള്‍ വരെ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഇതുകൊണ്ടാണ്. പ്രത്യേകിച്ചും കഴിഞ്ഞതവണ ഉണ്ടായ സ്ഥാനാര്‍ത്ഥി വിവാദം സൃഷ്ടിച്ച നിരാശയില്‍ നിന്നും ചിതറിത്തെറിച്ച ഇടതു വോട്ടുകള്‍ നല്ല രീതിയില്‍ സമാഹരിക്കുവാന്‍ രാജഗോപാലിന് സാധിച്ചു.

എം.എല്‍.എ എന്ന രീതിയില്‍ ജനങ്ങള്‍ക്ക് അടുത്ത് അറിയുവാന്‍ സാധിച്ച രാജഗോപാലിന് തന്നെയും ഒരുതവണകൂടി കഴിഞ്ഞതവണ പാര്‍ലമെന്റിലേക്ക് നേടിയ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമോ? രാജഗോപാലിന് കഴിയാത്തത് കുമ്മനത്തിന് കഴിയുമോ

തീരദേശത്തെ പിന്നോക്ക വിഭാഗങ്ങളുടെ വലിയ പിന്തുണയാണ് കഴിഞ്ഞ തവണ ശശി തരൂരിനെ സഹായിച്ചത്. ബി.ജെ.പിയോട് ഉള്ള എതിര്‍പ്പ് കേന്ദ്രീകരിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ഗുണഭോക്താവ് താന്‍ ആകും എന്നാണ് തരൂര്‍ കരുതുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ബി.ജെ.പിക്ക് എതിരെയുള്ള മൂല്യാധിഷ്ഠിത ബദലിന് ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.

ശബരിമല സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ വലിയതോതില്‍ ഫലത്തെ സ്വാധീനിക്കും എന്ന് സംഘപരിവാര്‍ ശക്തികള്‍ വിശ്വസിക്കുന്ന ഒരു മണ്ഡലം തിരുവനന്തപുരമാണ്. അത്തരം ധാരണകളെ സാധൂകരിക്കുന്ന ഒരു പ്രകമ്പനവും ഈ വിഷയം ഇതുവരെ ഇലക്ഷന്‍ മണ്ഡലത്തില്‍ സൃഷ്ടിച്ചിട്ടില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. ഇലക്ഷന്‍ കമ്മീഷനോട് ഒറ്റയും ഇരട്ടയും പറഞ്ഞെങ്കിലും ആത്മാര്‍ത്ഥമായി തങ്ങളുടെ അജണ്ട പുറത്തിറക്കുവാന്‍ കഴിയും എന്ന് ബി.ജെ.പി നേതൃത്വം കരുതുന്നില്ല.

ചുരുക്കത്തില്‍ ശക്തരായ മൂന്ന് മത്സരാര്‍ത്ഥികളും അതിന് അനുയോജ്യമായ ഒരു രാഷ്ട്രീയ സാഹചര്യവും ആണ് തിരുവനന്തപുരത്ത് നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന രാഷ്ട്രീയ പരീക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി തനത് കമ്മ്യൂണിസ്റ്റ് ശൈലിയില്‍ ജാതിമത പരിഗണനകള്‍ ഒഴിവാക്കി മുതിര്‍ന്ന നേതാവിനെ മത്സരിപ്പിച്ച സി.പി.ഐ ഒരു ജീവന്മരണപ്പോരാട്ടം തന്നെയാണ് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്നത്. അവസാന പന്തുവരെ മത്സരഫലം നീളുന്ന, ത്രസിപ്പിക്കുന്ന ഒരു കളിയാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

രാധേയന്‍

We use cookies to give you the best possible experience. Learn more