ന്യുദല്‍ഹി: താരലേലത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നത് സ്വാഭാവികമാണെന്ന് മുംബൈ ഇന്ത്യന്‍സ് താരം യുവരാജ് സിംഗ്. ഐ.പി.എല്ലില്‍ എപ്പോഴും കൂടുതല്‍ മുന്‍തൂക്കം യുവത്വത്തിനാണെന്നും ഞാന്‍ നല്ലപ്രായം കഴിഞ്ഞ് കരിയറിന്റെ അവസാനത്തിലെത്തിയ കളിക്കാരനാണെന്നും യുവരാജ് പറഞ്ഞു.
“ലേലത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നത് സ്വാഭാവികമാണ്. എപ്പോഴും യുവത്വത്തിനാണ് കൂടുതല്‍ മുന്‍തൂക്കം. ഞാനാകട്ടെ എന്റെ നല്ലപ്രായം കഴിഞ്ഞ് കരിയറിന്റെ അവസാനത്തിലെത്തിയ കളിക്കാരനും. എങ്കിലും അവസാന റൗണ്ടില്‍ ആരെങ്കിലും വാങ്ങുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു” യുവരാജ് വ്യക്തമാക്കി.
Read Also: ഏഷ്യകപ്പിന് സഹലില്ല, 28അംഗ ടീമില്‍ രണ്ട് മലയാളികള്‍; ഇന്ത്യന്‍ ടീം നാളെ അബുദാബിയിലേക്ക്
ഇത്തവണ മുംബൈ ഇന്ത്യന്‍സിലായിരിക്കും കളിക്കുക എന്ന് തന്റെ മനസ് പറഞ്ഞിരുന്നു. ഈ വര്‍ഷം ഐ.പി.എല്ലില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നു. അതിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ആകാശ് അംബാനി എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആത്മവിശ്വസം നല്‍കുന്നതാണെന്നും യുവരാജ് പറഞ്ഞു.
2018 ഐ.പി.എല്‍ എനിക്ക് നല്ല കാലമായിരുന്നില്ല, ഒരു പ്രത്യേക പൊസിഷനില്‍ ബാറ്റ് ചെയ്യാനാവാത്തത് തന്നെ ബാധിച്ചു. ഏതാനും മത്സരങ്ങളില്‍ വ്യത്യസ്ത പൊസിഷനിലാണ് ബാറ്റ് ചെയ്തത്, ഒരു പ്രത്യേക പൊസിഷന്‍ തനിക്കില്ലായിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
2014ലും 2015ലും വന്‍തുകയ്ക്ക് യുവരാജിനെ സ്വന്തമാക്കിയ ടീമുകള്‍ ഇത്തവണത്തെ താരലേലത്തിന്റെ തുടക്കത്തില്‍ യുവരാജിനെ തഴഞ്ഞിരുന്നു. ഒരു കോടി രൂപയായിരുന്നു യുവിയുടെ ഇത്തവണത്തെ അടിസ്ഥാനവില. അവസാന റൗണ്ട് ലേലം വിളിയില്‍ അടിസ്ഥാന വിലക്കു തന്നെ മുംബൈ ഇന്ത്യന്‍സ് യുവിയെ ടീമിലെടുക്കകയായിരുന്നു.
അതെസമയം കഴിഞ്ഞ വര്‍ഷത്തെ യുവരാജിന്റെ ടീമായ പഞ്ചാബിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. യുവിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പറഞ്ഞ പഞ്ചാബ് പുതിയ പരീക്ഷണങ്ങള്‍ അതിജീവിക്കട്ടെ എന്നും ആശംസിച്ചു. യുവരാജിനെ തങ്ങള്‍ക്ക് മിസ് ചെയ്യുമെന്നും പഞ്ചാബ് ഭംഗിവാക്ക് പറയുന്നു.