കൊളംബോ: 2019 ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിൽ ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ബ്രിട്ടീഷ് ചാനലിന്റെ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ.
ഇതിനായി സുപ്രീംകോടതിയിലെ മുൻ ജഡ്ജി അധ്യക്ഷനായ അന്വേഷണ സമിതിയും മുൻ അറ്റോർണി ജനറലിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിയും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് രണ്ട് റിപ്പോർട്ടുകളും തുടർ നടപടികൾക്കായി പാർലമെന്റിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ചാനൽ 4 എന്ന ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ചെയ്ത ‘ശ്രീലങ്കാസ് ഈസ്റ്റർ ബോംബിങ്സ് – ഡിസ്പാച്ചസ്’ എന്ന ഡോക്യൂമെന്ററിയിലാണ് ആരോപണം ഉയർന്നത്. 11 ഇന്ത്യക്കാർ ഉൾപ്പെടെ 240 പേരുടെ മരണത്തിന് കാരണമായ ഭീകരക്രമണത്തിൽ ശ്രീലങ്കൻ രഹസ്യന്വേഷണ വിഭാഗം മേധാവി ജനറൽ സുരേഷ് സല്ലാ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ഡോക്യുമെന്ററിയിൽ പറയുന്നു.
രാജപക്സെ സഹോദരന്മാർക്ക് അനുകൂലമായി രാഷ്ട്രീയമാറ്റം ഉണ്ടാക്കാനാണ് ആസൂത്രിത നീക്കം നടത്തിയതെന്നും ആരോപണമുണ്ട്. ഭീകരാക്രമണം 2019-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാജപക്സെമാർക്ക് അനുകൂലമാക്കിയെന്നും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.
’36 വർഷം രാജ്യത്തെ സേവിച്ച സമർപ്പിതനായ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനെതിരെ ആക്രമണം ആസൂത്രണം ചെയ്തുവെന്നും ബോംബെറിഞ്ഞവരെ സഹായിച്ചുവെന്നുമുള്ള ആരോപണം ശക്തമായി അപലപിക്കുന്നു.’
ആക്രമണത്തിൽ സുരേഷ് സല്ലായുടെ പങ്ക് നിഷേധിച്ചുകൊണ്ട് മുൻപ്രസിഡന്റ് ഗോതബയ രാജപക്സെ രംഗത്തെത്തിയിരുന്നു.
2010 ഈസ്റ്റർ ദിനത്തിൽ ഐ.എസ്.ഐ.എസുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാഅത് എന്ന തീവ്രവാദ സംഘടന മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ബോംബാക്രമണം നടത്തുകയായിരുന്നു. ആക്രമണം ശ്രീലങ്കയിൽ സുപ്രധാന രാഷ്ട്രീയ മാറ്റത്തിന് കാരണമായി. ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഇന്റലിജൻസ് വിവരം അന്നത്തെ അധികാരികൾ അവഗണിച്ചതായി പിന്നീട് വെളിപ്പെട്ടിരുന്നു.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ മൗലികാവകാശ ഹരജികളിൽ വാദം കേൾക്കുന്നതിനിടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
ഇതുവരെയുള്ള എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ പകപോക്കലാണെന്ന് കത്തോലിക്ക ന്യൂനപക്ഷ വിഭാഗത്തിന്റെ തലവൻ കർദിനാൾ മാൽക്കം രഞ്ജിത്ത് ആരോപിച്ചു.
Content Highlight: 2019 Easter attacks: Sri Lanka to probe British channel’s allegations