| Wednesday, 24th April 2019, 11:08 am

മോദിക്കെതിരെ മമത നടത്തിയ പ്രസംഗത്തില്‍ നിന്ന് രണ്ട് വാക്ക് വെട്ടി പാര്‍ട്ടിക്ക് അനുകൂലമാക്കി ബി.ജെ.പി പ്രചരണം: വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹൂഗ്ലിയില്‍ മോദി സര്‍ക്കാറിനെതിരെ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്ത് ബി.ജെ.പിക്ക് അനുകൂമെന്ന തരത്തിലാക്കി പ്രചരണം. ബംഗാള്‍ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വ്യാജവീഡിയോ പ്രചരിപ്പിക്കുന്നത്.

‘മെയ് ആറിന് ഈ ജനാധിപത്യത്തില്‍ നിങ്ങള്‍ വോട്ടു ചെയ്യണം. ബി.ജെ.പി സര്‍ക്കാറിനെ കുഴിച്ചുമൂടണം’ എന്നു പറഞ്ഞാണ് മമതാ ബാനര്‍ജി പ്രസംഗം അവസാനിപ്പിച്ചത്. ഇതിലെ അവസാന ഭാഗത്ത് എഡിറ്റിങ് നടത്തിയാണ് പാര്‍ട്ടിക്ക് അനുകൂലമായി പ്രചരിപ്പിക്കുന്നത്.

‘ ഇന്നത്തെ ദിവസം ഈ ജനാധിപത്യത്തില്‍ ബി.ജെ.പിക്കുവേണ്ടി നിങ്ങള്‍ വോട്ടു ചെയ്യൂ’ എന്നാക്കിയാണ് പ്രസംഗം എഡിറ്റു ചെയ്തത്. ഈ വീഡിയ്‌ക്കൊ്പം മോദി മോദിയെന്ന് ജനങ്ങള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ കൂടി എഡിറ്റു ചെയ്ത് ചേര്‍ത്താണ് ബി.ജെ.പി പ്രചരണം നടത്തുന്നത്.

‘മോദിയുടെ സുനാമിയുടെ പ്രത്യാഘാതം. മമതാ ബാനര്‍ജി എല്ലാവരോടും ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ അര്‍ത്ഥവത്തായ ഒരു കാര്യം അവര്‍ ചെയ്തു. നന്ദി ദീതി’ എന്നു കുറിച്ചാണ് ബി.ജെ.പി വ്യാജ വീഡിയോ ട്വീറ്റു ചെയ്തത്.

ഇതിനെതിരെ തൃണമൂല്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ‘നിരാശരായ ബി.ജെ.പി മമതാ ബാനര്‍ജിയുടെ വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ രണ്ടുവാക്കുകള്‍ എഡിറ്റു ചെയ്ത് നീക്കിയത്?’ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ അവര്‍ ട്വീറ്റു ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more