| Friday, 19th May 2023, 1:38 pm

എനിക്കൊരു ട്രാന്‍സ്ഫര്‍മേഷന്‍ സംഭവിച്ചത് 'തീവണ്ടി'ക്ക് ശേഷം: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

35 വര്‍ഷമായി സിനിമയില്‍ താനുണ്ടെന്നും തനിക്കൊരു ട്രാന്‍സ്ഫര്‍മേഷന്‍ സംഭവിച്ചത് ‘തീവണ്ടി’ക്ക് ശേഷമാണെന്നും നടന്‍ സുധീഷ്. ‘തീവണ്ടി’ക്ക് ശേഷമാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്നെതേടി വന്നതെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ 87 ല്‍ സിനിമയില്‍ വന്നിട്ടുണ്ട് .അന്നൊക്കെ എല്ലാ വര്‍ഷവും ഓരോ സിനിമ വീതം റിലീസ് ചെയ്തിരുന്നു. ഞാന്‍ അപ്പോള്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്കൊരു ട്രാന്‍സ്ഫര്‍മേഷന്‍ സംഭവിച്ചത് ‘തീവണ്ടി’ക്ക് ശേഷമാണ്.

ആ സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷം കിട്ടി. ആ പടം വിജയിച്ചു. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് തരാമെന്ന് ഡയറക്ടേര്‍സിന് പിന്നീട് തോന്നി. അങ്ങനെയാണ് വ്യതസ്തമായ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വ്യത്യസ്തമായ സിനിമകളാണ് ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. പണ്ടൊക്കെയാണെങ്കില്‍ അത് വളരെ കുറവാണ്. ഒരു പാറ്റേണില്‍ തന്നെ ഒരുപാട് സിനിമകള്‍ ഇറങ്ങിയിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ഒരാഴ്ചതന്നെ വ്യത്യസ്തമായ നാലും അഞ്ചും സിനിമകള്‍ ഇറങ്ങുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ വളരെ നല്ല രീതിയിലുള്ള മാറ്റമായാണ് തോന്നുന്നത്’ സുധീഷ് പറഞ്ഞു.

താന്‍ പല സിനിമകള്‍ക്കും ഡബ്ബ് ചെയ്തിട്ടുണ്ടെന്നും പക്ഷേ അധികമാര്‍ക്കുമതറിയില്ലെന്നും സുധീഷ് പറഞ്ഞു. നന്ദനം സിനിമയില്‍ യാദൃശ്ചികമായാണ് ഡബ്ബ് ചെയ്യേണ്ടിവന്നതെന്നും നടന്‍ പറഞ്ഞു.

‘നന്ദനത്തില്‍ എന്റെ കഥാപാത്രത്തിന് മാത്രമല്ല ഞാന്‍ ഡബ്ബ് ചെയ്തത്്. കൃഷ്ണന്റെ കഥാപാത്രത്തിനും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. അത് തികച്ചും യാദൃശ്ചികമായിരുന്നു. എന്റെ സീന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോള്‍ രഞ്ജിയേട്ടന്‍ പറഞ്ഞതനുസിച്ചാണ് ആ കഥാപാത്രത്തിനും ഡബ്ബ് ചെയ്തത്.

അതൊരു പ്രത്യേക രീതിയിലുള്ളൊരു കഥാപാത്രമായിരുന്നു . വേറൊരു ടോണില്‍ തന്നെ ചെയ്യേണ്ടിയിരുന്നു. അതുകൊണ്ടാണ് ആ രീതിയില്‍ അത് പ്രസന്റ് ചെയ്തത്. മലയാളത്തില്‍ മാസ്റ്റര്‍ എന്ന ചിത്രത്തിനുവേണ്ടി ശശികുമാര്‍ സാറിനുവേണ്ടി ഡബ്ബ് ചെയ്തതും ഞാന്‍ തന്നെയാണ്’. താരം പറഞ്ഞു.

2018 ആണ് സീധീഷിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിലെ മൂന്നാമത്തെ നൂറു കോടികളക്ഷന്‍ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് 2018. മലയാള സിനിമയുടെ പ്രതിസന്ധിഘട്ടത്തിലിറങ്ങിയ സിനിമ, പ്രേക്ഷകര്‍ക്കും തീയ്യേറ്ററുകള്‍ക്കും ഒരുണര്‍വ്വ് തന്നെയായിരുന്നു. പ്രളയം പ്രമേയമായ സിനിമയില്‍ മലയാളത്തിലെ വന്‍ താരനിര തന്നെയുണ്ട്.

Content Highlights: Actor Sudheesh about Theevandi Movie

We use cookies to give you the best possible experience. Learn more