2018 ലോക മുലയൂട്ടല്‍ വാരം: അമ്മയ്ക്കും കുഞ്ഞിനും വേണ്ടതെന്തെന്നറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 11:38 pm
കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മുലപ്പാലിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. എന്നാല്‍ ശരിയായ മുലയൂട്ടല്‍ ശീലങ്ങള്‍ അമ്മയുടെ ആരോഗ്യത്തിനും പ്രധാനമാണെന്നതിന് അധികമാരും ശ്രദ്ധകൊടുക്കാറില്ല.
ലോക മുലയൂട്ടല്‍ വാരത്തില്‍, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാമാണെന്നറിയാം:
മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ആരോഗ്യപരമായ ഗുണങ്ങള്‍:
- കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. മുലയൂട്ടുന്ന കാലയളവില്‍ അമ്മമാരില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും അത് ആര്‍ത്തവകാലം ദീര്‍ഘിപ്പിച്ച് ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച നടക്കാതിരിക്കുകയും ചെയ്യുന്നു. മുലയൂട്ടല്‍ കാലത്ത് നശിക്കുന്ന സ്തനകോശങ്ങളും അര്‍ബുദത്തെ പ്രതിരോധിക്കുന്നു.
- മുലയൂട്ടുന്ന അമ്മമാര്‍ കുപ്പിപ്പാല്‍ നല്‍കുന്നവരേക്കാള്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനും പ്രസവത്തിനു മുന്‍പെയുണ്ടായിരുന്ന ശരീരപ്രകൃതി വീണ്ടെടുക്കാനും പ്രാപ്തരാകുന്നു എന്നും പഠനങ്ങള്‍ പറയുന്നു. ഗര്‍ഭകാലത്ത് ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് മുലപ്പാല്‍ ഉത്പാദിപ്പിക്കാനുള്ള അധിക കലോറികളുണ്ടാക്കാന്‍ ഉപയോഗിക്കപ്പെടുന്നു. അങ്ങനെ മുലപ്പാല്‍ ഊട്ടുന്നവര്‍ക്ക് താരതമ്യേന വേഗത്തില്‍ ശരീരഭാരത്തില്‍ നിയന്ത്രണം കൊണ്ടുവരാനാകും.
- അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വേരൂന്നുന്നതും മുലപ്പാലൂട്ടലിലൂടെയാണ്. കുഞ്ഞിന് അമ്മയുടെ സാമീപ്യം ശാന്തതയും സുരക്ഷാബോധവും നല്‍കുന്നത് മുലപ്പാലൂട്ടുമ്പോള്‍ ഉണ്ടാകുന്ന ശീലത്തിലൂടെയാണ്.
- പാലൂട്ടുന്ന അമ്മമാരിലും അല്ലാത്തവരിലും ഹോര്‍മോണ്‍ നിലയിലും വ്യത്യാസങ്ങള്‍ കണ്ടുവരുന്നു.
മുലയൂട്ടലിലൂടെ കുഞ്ഞിനുണ്ടാകുന്ന ഗുണങ്ങള്‍:
- കുഞ്ഞുങ്ങള്‍ക്ക് അവശ്യം വേണ്ട പോഷകങ്ങള്‍ അടഅടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ് മുലപ്പാല്‍ എന്നു പറയേണ്ടതില്ലല്ലോ. ജീവകങ്ങള്‍, മാംസ്യം, കൊഴുപ്പ് എന്നിങ്ങനെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട എല്ലാം കൃത്യമായ അളവില്‍ മുലപ്പാലിലുണ്ട്. വൈറസുകള്‍ക്കെതിരെയും അലര്‍ജികള്‍ക്കെതിരെയും പോരാടാനുള്ള ആന്റിബോഡികളും കുട്ടികള്‍ക്ക് ലഭിക്കുന്നത് മുലപ്പാലില്‍ നിന്നു തന്നെയാണ്.
- വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ മികച്ച ബൗദ്ധികവളര്‍ച്ച കാണിക്കുന്നത് മുലപ്പാല്‍ ഊട്ടി വളര്‍ത്തിയ കുട്ടികളാണെന്നും പഠനറിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഉയര്‍ന്ന ഐ.ക്യു സ്‌കോറുകള്‍ നേടുന്ന കുട്ടികളെല്ലാം മുലപ്പാല്‍ കുടിച്ച് വളര്‍ന്നവരായിരിക്കും.
- കുഞ്ഞിന്റെ താടിയെല്ലിന്റെയും നാക്കിന്റെയും വളര്‍ച്ചയില്‍ മുലപ്പാല്‍ വഹിക്കുന്ന പങ്കും വലുതാണ്. നാക്കിന്റെയും താടിയുടെയും ശരിയായ ഉപയോഗവും മസിലുകളുടെ പ്രവര്‍ത്തനവും ഒത്തുവരുമ്പോഴേ കുട്ടിക്ക് മുലപ്പാല്‍ കുടിക്കാനാവുകയുള്ളൂ. കുപ്പിപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളേക്കാള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മസില്‍ വളര്‍ച്ച അല്ലാത്തവര്‍ക്കായിരിക്കും.