കേരളത്തിലെ തിയേറ്ററുകള്‍ സമരത്തിലേക്ക്. ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകാരുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. നാളെയും മറ്റന്നാളും സിനിമ കാണാന്‍ ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമായി.
നേരത്തെ നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവൂ എന്ന് തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അതിന് മുന്നേ തന്നെ പല സിനിമകളും കരാര്‍ ലംഘിച്ച് ഒ.ടി.ടിയില്‍ എത്തുകയാണെന്നാണ് തിയേറ്ററുകാര്‍ പറയുന്നത്.
തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്. ജൂണ്‍ ഏഴിനാണ് 2018 ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്.
തിയേറ്റര്‍ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഒ.ടി.ടിയില്‍ സിനിമകള്‍ പെട്ടെന്ന് വരുന്നതുകൊണ്ട് പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരാത്ത സാഹചര്യം നിലനില്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോകുന്നതില്‍ തിയേറ്റര്‍ വ്യവസായികള്‍ക്ക് കടുത്ത അമര്‍ഷമാണ് ഉള്ളത്.
Content Highlight: 2018 was given to OTT in violation of the agreement; Theatres closed on June 7 and 8 in protest