| Monday, 12th December 2022, 6:15 pm

പ്രളയ കെടുതിയുടെ നീറുന്ന കാലം, 2018 സിനിമയുടെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018 ല്‍ കേരളം നേരിട്ട പ്രളയ ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ 2018 ന്റെ ടീസര്‍ പുറത്ത് വിട്ടു. കഴിഞ്ഞുപോയ കാലത്തിന്റെ കെടുതികളെ വീണ്ടും ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ടീസറിന്റെ മേക്കിങ്. ഡാര്‍ക്ക് വിഷ്വലിലൂടെ ഭയത്തെ നിലനിര്‍ത്തിയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ഒഫിഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സുധീഷ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ലാല്‍, ജാഫര്‍ ഇടുക്കി, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു. ഒരു മിനിറ്റ് ഇരുപത്തിയെട്ട് സെക്കന്റ് നീളുന്ന ടീസര്‍ പ്രേകഷകരെ 2018ലേക്ക് തിരിച്ച് കൊണ്ടുപോകുന്നു.

വെള്ളത്താല്‍ മുങ്ങപ്പെട്ട നാടും, ആടിയുലയുന്ന മരങ്ങളും, ഇടമുറിയാതെ പെയ്യുന്ന മഴയും ഇരുണ്ട അന്തരീക്ഷവും പ്രളയകാലത്തെ ഓര്‍മപ്പെടുത്തുന്നു. അത്തരത്തില്‍ മികവോടെ ആ കാലത്തെ അടയാളപ്പെടുത്താന്‍ ജൂഡ് ആന്റണിക്ക് കഴിയും എന്നു തന്നെയാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

പ്രളയക്കാലത്ത് നടന്ന പല സംഭവങ്ങളും സിനിമയില്‍ റീക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഇറങ്ങി തിരിച്ചവര്‍, പൊലീസ്, കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചവര്‍, മാധ്യമപ്രവത്തകര്‍ തുടങ്ങി എല്ലാവരിലൂടെയും ക്യാമറ സഞ്ചരിക്കുന്നുണ്ട്.

ഒറ്റ രാത്രിയില്‍ സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ വേദനകളിലൂടെയാണ് കഥ പ്രധാനമായും സഞ്ചരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ പങ്കുവെക്കുന്നത്. പ്രളയത്തിന്റെ തീവ്ര ഘട്ടത്തില്‍ ബോട്ടുമായി വന്ന കടലിന്റെ മക്കളെയും ടീസറില്‍ കാണാം. സിനിമയില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം മത്സ്യ തൊഴിലാളികളുടെ പ്രതിനിധിയാണെന്നാണ് ടീസര്‍ കാണുമ്പോള്‍ മനസിലാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ അവതരിപ്പിക്കുന്നത് ജനാര്‍ദ്ദനനാണ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിലനിന്ന അടിയന്തര സാഹചര്യങ്ങളും ടീസറില്‍ കാണാം. പശ്ചാതല സംഗീതവും വിഷ്വല്‍സും മികച്ച രീതിയില്‍ തന്നെ വന്നിട്ടുണ്ട്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നംപ്പള്ളി, സി.കെ. പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ പി ധര്‍മ്മരാജനാണ്.

content highlight: 2018 malayalam movie teaser out

Latest Stories

We use cookies to give you the best possible experience. Learn more