|

2018ലേത് പോലൊരു പ്രളയം ആവര്‍ത്തിക്കില്ല; സംസ്ഥാനത്തെ ദുരന്തനിവാരണ നടപടികള്‍ സജ്ജം: റവന്യൂ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2018ലേത് പോലൊരു പ്രളയം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. 2018ല്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സാഹചര്യമായിരുന്നുവെന്നും എന്നാല്‍ അതില്‍ നിന്നുള്ള പാഠം സംസ്ഥാനം ഇതിനോടകം പഠിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘നിലവില്‍ സംസ്ഥാനത്തെ ദുരന്തനിവാരണ നടപടികള്‍ സജ്ജമാണ്. ഏഴ് ജില്ലകളിലായി കൂടുതല്‍ എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി ഇടവിട്ടതും ശക്തമായതുമായ മഴ തുടരും. എന്നാല്‍ ആളുകള്‍ക്ക് ആശങ്ക വേണ്ട, ജാഗ്രത മതി.

കേന്ദ്രസേനയുമായി ബന്ധപ്പെട്ട ആലോചനകള്‍ ഇന്നലെ നടത്തിയിട്ടുണ്ട്. കൂടുതല്‍ സേനയെ ആവശ്യമെങ്കില്‍ എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി ശക്തമായി മഴ തുടരുന്ന മലയോരമേഖലയില്‍ കുന്ന് നനയുന്ന പ്രശ്‌നമുണ്ട്. മണ്ണ് നനഞ്ഞാല്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചത്,’ മന്ത്രി പറഞ്ഞു.

കേരളത്തില്‍ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്നും ഫേസ്ബുക്കില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് പങ്കുവെച്ച് കൊണ്ട് മന്ത്രി പറഞ്ഞു.

തീരമേഖലയില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കാലവര്‍ഷ സജ്ജീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കാലവര്‍ഷക്കെടുതികള്‍ നേരിടാനായി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി നിലവില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്ധ്രാപ്രാദേശിന് സമീപത്തായി നിലനില്‍ക്കുന്നത്.

Content Highlights: 2018 flood situation won’t repeat says revenue minister

Video Stories